തിരുവനന്തപുരം ; കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയ സിപിഐ എം എൽ എ യോട് രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രധാനമന്ത്രി കേരളത്തെ പരിഗണിക്കുന്നില്ലെന്ന സിപിഐ എം എൽ എ എൽദോയുടെ പ്രസംഗമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മോദി സർക്കാർ ഉറങ്ങുകയാണെന്നും , ലോകമെമ്പാടുമുള്ള മലയാളികൾ സഹായിച്ചിട്ടും കേന്ദ്ര സർക്കാർ മലയാളികളുടെ വിളികൾ കേൾക്കുന്നില്ലെന്നുമാണ് എൽദോ പറഞ്ഞത്.
പ്രളയത്തിൽ മരണപ്പെട്ട രക്ഷാ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്നും,ബാങ്ക് വായ്പ്പകൾ എഴുതി തള്ളുന്ന കാര്യം ചർച്ച ചെയ്യണമെന്നും,പുതിയ വായ്പ്പകൾ അനുവദിക്കണമെന്നും,കച്ചവടക്കാരെ സംരക്ഷിക്കണം,കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച എം എൽ എ കേന്ദ്രം സഹായിക്കുന്നില്ലെന്ന ആരോപണം ഉയർത്തിയതോടെയാണ് ‘ കേന്ദ്ര ധനസഹായം എത്രയാണെന്നറിയാമോ,സംസ്ഥാനം കൂട്ടുന്നത് എത്രയെന്നറിയാമോ ‘ എന്ന് മുഖ്യമന്ത്രി രോഷാകുലനായി ചോദിച്ചത്
ഇതു സംബന്ധിച്ച് എന്തെങ്കിലും ധാരണ എം എൽ എ യ്ക്കുണ്ടോയെന്ന് നിയമസഭയ്ക്ക് മുന്നിൽ വച്ച് പരസ്യമായി ചോദിക്കുകയും ചെയ്തതോടെ എം എൽ എ ആരോപണങ്ങൾ അവസാനിപ്പിച്ചു.
പ്രധാനമന്ത്രിയുടെയും,കേന്ദ്രസംഘത്തിന്റെയും പ്രതികരണം നല്ലരീതിയിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉള്ളിൽ തട്ടിയ പ്രതികരണമാണ് പ്രധാനമന്ത്രിയുടെയും,കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ഭാഗത്ത് നിന്നുണ്ടായത്.
പ്രധാനമന്ത്രിയോടൊപ്പം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച തനിക്ക് മോദി സർക്കാരിൽ നിന്നും കൂടുതല്‍ സഹായം ലഭിക്കുമെന്ന ഉറപ്പുണ്ടെന്നും പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.