ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസരംഗത്തെ പുരോഗതിക്കായി നൂതന ആശയങ്ങളും ഗവേഷണ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് അടല്‍ റാങ്കിംഗുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് അടല്‍ റാങ്കിംഗ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഓണ്‍ ഇന്നവേഷന്‍ അച്ചീവ്മെന്റ് എന്ന പുതിയ റാങ്കിംഗ് സമ്പ്രദായം പ്രഖ്യാപിച്ചത്. ഡല്‍ഹി അഖിലേന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷനില്‍ ഇന്നവേഷന്‍ സെല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസ രംഗത്ത് നവീകരണാര്‍ത്ഥം ഉപയോഗിക്കുന്ന പ്രധാന സൂചികകള്‍ അടിസ്ഥാനമാക്കിയാകും എ.ആര്.ആര്.ഐ.എ റാങ്കിംഗ് തയാറാക്കുകയെന്ന് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തെ നവീകരണം ഇന്ത്യക്ക് വെല്ലുവിളിയാണ്. പുതിയ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നമ്മുടെ രാജ്യം പുരോഗതി കൈവരിക്കും. നല്ലൊരു പുരോഗതിക്കായി രാജ്യത്തെ എല്ലാ കോളേജുകളും ഇന്നവേഷന്‍ സെല്‍ തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.