പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാൽ ചിത്രം ഒടിയന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് പോസ്റ്റർ പങ്കുവെച്ചത്. തന്റെ സ്വതസിദ്ധമായ ചിരിയുമായി എത്തിയ ഒടിയന് ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഒടിയനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് മുമ്പിലേക്കാണ് കൂടുതൽ ചെറുപ്പമായി തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെയുള്ള ഗെറ്റപ്പിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. മാനുകൾക്കൊപ്പം കുതിക്കുന്ന നായകനായാണ് പോസ്റ്ററിൽ. നേരത്തെ പോത്തിനൊപ്പം കുതിച്ചു പായുന്ന മോഹൻലാലിന്റെ പോസ്റ്ററുകളും ഇറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പോസ്റ്റർ.
മാനായും നരിയായും സിംഹമായും കൂട്ടുകൂടുന്ന കൂടു വിട്ട് കൂടുമാറാൻ കഴിവുള്ള ഒടിവിദ്യ അറിയുന്ന മാണിക്യന്റെ യൗവനം മുതൽ 60 വയസ് വരെയുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാൽ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി ചെറുപ്പമാവാൻ മോഹന്‍ലാൽ നടത്തിയ കഠിന പ്രയത്നം തന്നെയാണ് ആരാധകരെ ഏറെ ആകാംക്ഷയിലാക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. നരേന്, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റർ ഹെയ്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഡിസംബർ 14ന് ചിത്രം തിയേറ്ററുകളിലെത്തും.