IndiaSpecial

അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ

സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന് ഇന്ന് 125ാം വാര്‍ഷികം. ഭാരതീയ സംസ്‌കാരത്തിന്റെ സനാതനസ്വരമാണ് 1893 സെപ്റ്റംബര്‍ 11ന് ലോകത്തിനു മുമ്പില്‍ മുഴങ്ങിയത്. മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്റേയും ജനങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റേയും ശാന്തിമന്ത്രമാണ് അന്ന് ജനത ശ്രവിച്ചത്.

ഏഴായിരത്തോളം വരുന്ന വലിയ സദസിന് മുന്നിലായിരുന്നു അദ്ദേഹം സംസാരിച്ചത്. യഥാര്‍ത്ഥ ഭാരതം എന്താണെന്ന് ഒരു വലിയ ജനതക്ക് മുന്നില്‍ തുറന്ന് കാട്ടി. ലോകത്തിലെ പ്രസിദ്ധരായ വാഗ്മികളെല്ലാം ആ വേദിയില്‍ ഉണ്ടായിരുന്നു. വെറും മൂന്നു മിനിറ്റ് മാത്രം നീണ്ട ആ പ്രസംഗത്തിന്റെ സംബോധന തന്നെ സദസ്സിനെ ഇളക്കിമറിച്ചു. ലോകജനത ഇരു കയ്യും നീട്ടി സ്വീകരിച്ച വാക്കുകളായിരുന്നു അത്. വെറും ഒരു രാത്രി കൊണ്ട് വിവേകാന്ദസ്വാമി വെളിവും ഹൃദയവിശാലതയുമുള്ള കോടിക്കണക്കിനാളുകളുടെ പ്രിയപ്പെട്ട വക്താവായി മാറി.

ആത്മവിശ്വാസവും ആര്‍ജ്ജവവും നഷ്ടപ്പെട്ട് വിധിക്ക് കീഴടങ്ങി ജീവിച്ചിരുന്ന പരസഹസ്രം ഭാരതീയരെ തങ്ങളുടെ സംസ്‌കാരത്തില്‍ അഭിമാനിക്കാന്‍ പഠിപ്പിച്ച് തന്‍ കാലില്‍ ഉയര്‍ന്നു നില്‍ക്കാന്‍ പ്രചോദനം നല്‍കിയ മഹാപുരുഷനായിരുന്നു സ്വാമി വിവേകാനന്ദന്‍. സൈക്ലോണിക് ഹിന്ദു എന്ന അപരനാമഥേയത്തില്‍ അറിയപ്പെട്ട സ്വാമിജി ഭാരതമെന്നാലെന്തെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. വെറും സിദ്ധാന്തം കൊണ്ട് മാത്രം വിശ്വമാനവികത സാദ്ധ്യമാകില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു .’സദുദ്ദേശ്യവും ആത്മാര്‍ഥതയും അപരിമേയമായ സ്‌നേഹവുംകൊണ്ട് ലോകത്തെ കീഴടക്കാം. ഈ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരൊറ്റ വ്യക്തിക്ക് ദശലക്ഷക്കണക്കായ കാപട്യക്കാരുടെയും നിര്‍ദയരുടെയും ഇരുണ്ട പദ്ധതികളെ നശിപ്പിക്കുവാനാവും’ എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

പരിത്യാഗവും സേവനവുമാണ് ഭാരതീയ ആദര്‍ശങ്ങളെന്ന് പ്രഖ്യാപിച്ച അദ്ദേഹം അവകളെക്കൊണ്ട് രാഷ്ട്രത്തെ നിറയ്ക്കാന്‍ ആഹ്വാനം ചെയ്തു. ലോകഗുരുവായി ഭാരതം തീരണമെങ്കില്‍ അതിന് ആദ്ധ്യാത്മികതയുടെ കരുത്ത് വേണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു . യഥാര്‍ത്ഥമായ വിശ്വമാനവികത സാദ്ധ്യമാകണമെങ്കില്‍ ത്യാഗഭൂമിയായ ഭാരതം ലോകഗുരുവാകണമെന്ന് സ്വാമിജിക്കറിയാമായിരുന്നു . അതുകൊണ്ട് കൂടിയാണ് മൃതമായ ഭാരത രാഷ്ട്രചേതനയുടെ കനലുകളെ ഊതിജ്വലിപ്പിക്കാനാവശ്യമായ രീതിയില്‍ വിവേകവാണികള്‍ ഉരുവം കൊണ്ടത്.

വിദ്യാഭ്യാസത്തിനും മതത്തിനും അദ്ദേഹം നല്‍കിയ നിര്‍വചനങ്ങള്‍ ഏറെ വിലപ്പെട്ടതാണ് . മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന പരിപൂര്‍ണതയുടെ ബഹി:സ്ഫുരണമാകണം വിദ്യാഭ്യാസമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മതമാകട്ടെ മനുഷ്യനില്‍ കുടികൊള്ളുന്ന ദൈവികതയുടെ നൈസര്‍ഗ്ഗികമായ പ്രകാശനവും .ഇത്രയും അര്‍ത്ഥസമ്പുഷ്ടമായ വാക്കുകള്‍ ഈ രണ്ട് വിഷയങ്ങളെപ്പറ്റി മറ്റാരെങ്കിലും പറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് സംശയമാണ്.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close