ഹൈദരാബാദ്: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ്, തെലുങ്കുദേശം, സിപിഐ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചു. നിയമസഭ പിരിച്ചുവിട്ട സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മൂന്ന് പാര്‍ട്ടികളുടേയും നേതാക്കള്‍ കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടു. കാവല്‍ മുഖ്യമന്ത്രിയായി ചന്ദ്രശേഖര്‍ റാവു തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പ് സുതാര്യമായും നിഷ്പക്ഷമായും നടക്കില്ലെന്ന് സഖ്യം ആരോപിച്ചു. തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
2019 മെയ് വരെയായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി സര്‍ക്കാരിന്റെ കാലാവധി. എന്നാല്‍ കഴിഞ്ഞ ആഴ്ച നിയമസഭ പിരിച്ചു വിടുകയായിരുന്നു. മന്ത്രിസഭ ഐകകണ്ഠേനയാണ് ഇതിനുള്ള പ്രമേയം പാസാക്കിയത്. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തേണ്ടെന്ന വിലയിരുത്തലിലാണ് നിയമസഭ പിരിച്ചുവിട്ടത്.