ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ 328 മരുന്ന് സംയുക്തങ്ങള്‍ കേന്ദ്രം നിരോധിച്ചു. ഇവയുള്‍പ്പെടുന്ന പതിനായിരത്തോളം മരുന്നുകള്‍ ഇനി നിര്‍മിക്കാനോ വില്‍ക്കാനോ സാധിക്കില്ല. കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് നിരോധനം. ഈ മരുന്നുകള്‍ക്ക് രോഗം മാറ്റാനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തിയാണ് നിരോധനമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രണ്ടോ അതിലധികമോ ചേരുവകള്‍ ചേര്‍ത്താണ് മരുന്ന് സംയുക്തങ്ങളുണ്ടാക്കുന്നത്. ആരോഗ്യത്തിന് വളരെ ദോഷകരമായ രീതിയില്‍ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്താണ് പല കമ്പനികളും മരുന്നുകള്‍ നിര്‍മിക്കുന്നതെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ സമിതി കണ്ടെത്തിയിരുന്നു.
പ്രമുഖ ബ്രാന്‍ഡുകളായ സറിഡോന്‍(പിറമോള്‍), ടാക്സിം എ.ഇസഡ്(അല്‍ക്കേം ലബോറട്ടറീസ്), പാന്‍ഡേം പ്ലസ് ക്രീം(മക്ലിയോഡ്സ് ഫാര്‍മ) എന്നിവ നിരോധിച്ചവയിലുള്പ്പെടുന്നുണ്ട്. സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2016ലും 349 മരുന്ന് സംയുക്തങ്ങള്‍ കേന്ദ്രം നിരോധിച്ചിരുന്നു.