കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്നും ബംഗ്ലാദേശ്, മ്യാന്മര് വഴി ചൈനയിലെ കുന്‍മിങ്ങിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ താത്പര്യമുണ്ടെന്ന് ചൈന. ചൈനീസ് സ്ഥാനപതി മാ ഴാന്വു കൊല്‍ക്കത്തയില്‍ വച്ചാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശത്തെ വ്യാപാര സാമ്പത്തിക വികസനം ലക്ഷ്യമിട്ടാണ് ഇത്തരമൊരു റെയില്‍ പാതയുടെ നിര്‍മാണത്തിനായി ചൈന താത്പര്യം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ചൈന, കിഴക്കേ ഇന്ത്യ, മ്യാന്മര്, ബംഗ്ലാദേശ് എന്നിവിടങ്ങളിലൂടെയാകും പാത കടന്നു പോകുന്നത്. ഇന്ത്യയും ചൈനയും സംയുക്തമായി വേണം പാതയുടെ നിര്‍മാണം സാധ്യമാക്കാനെന്നും ഴാന്വു സൂചിപ്പിച്ചു.
ഇരു രാജ്യങ്ങള്‍ക്കും ഗുണമുണ്ടാകുന്ന പദ്ധതിയാണിത്. ചൈനയുടെ സാമ്പത്തിക ഇടനാഴികള്‍ ആരേയും ദ്രോഹിക്കാനുള്ളതല്ല. പാത പുനരുദ്ധീകരിക്കുന്നതിലൂടെ എല്ലാവര്ക്കും നേട്ടം മാത്രമേ ഉണ്ടാകു എന്നും ഴാന്വു പറഞ്ഞു.