മുംബൈ: ഇന്ത്യയിലെ ആദ്യ ട്രാന്‍സ് സൗഹൃദ ഹോസ്റ്റല്‍ സ്ഥാപിച്ച് മാതൃകയായി ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന നിയമം വന്നതിന് പിന്നാലെയാണ് ട്രാന്‍സ് ഹോസ്റ്റല്‍ എന്ന ആശയം പ്രാവര്‍ത്തികമായത്.
ഇവിടം മറ്റ് ഹോസ്റ്റലുകള്‍ പോലെയാണെന്നും, ഏത് ജെന്‍ഡറില്‍ പെട്ടവര്‍ക്കും സധൈര്യം കടന്ന് വരാം എന്ന പ്രത്യേകത ഉണ്ടെന്ന് മാത്രമാണെന്നും ഹോസ്റ്റലിലെ താമസക്കാരനും ടിസ്സ് വിദ്യാര്‍ത്ഥിയുമായ അകുന്ദ് പറയുന്നു.
2017ല്‍ ഇത്തരമൊരു ആശയം കൊണ്ടുവന്നെങ്കിലും അത് പ്രാവര്‍ത്തികമാകാന്‍ വീണ്ടുമൊരു വര്‍ഷം കൂടി എടുത്തു. വനിത ഹോസ്റ്റലിന്റെ ഒരു ഭാഗമാണ് ഇതിനായി മാറ്റിയെടുത്തിരിക്കുന്നത്. രണ്ട് പേര്‍ക്ക് വീതം താമസിക്കാവുന്ന പത്ത് മുറികള്‍ ഇവിടെ ഉണ്ട്. നിലവില്‍ 17 പേര് ഇവിടെ താമസിക്കുന്നു.
സാധാരണ ഹോസ്റ്റലുകളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീ-പുരുഷ ഭേദമില്ലാതെ തങ്ങളുടെ സുഹൃത്തുക്കളെ ഇവിടെ വന്ന് കാണാമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ ട്രാന്‍സ് സൗഹൃദ ശുചിമുറികളും ക്യാമ്പസിനുള്ളില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.