ന്യൂഡല്‍ഹി: കന്യാസ്ത്രീയുടെ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ സ്ഥാനങ്ങളില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്ക്കാന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു. തനിക്കെതിരായ കന്യാസ്ത്രീകളുടെ ആരോപണങ്ങള്‍ നിഷേധിക്കുന്ന ബിഷപ്പ്, നിയമനടപടികളുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജലന്ധര്‍ രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേസിന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിനാല് ഭരണച്ചുമതലകളില്‍ മാറിനില്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 19ന് കേരളത്തിലെത്തുമെന്നും ബിഷപ്പ് കത്തില്‍ പറയുന്നുണ്ട്. ന്യൂഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് കത്ത് കൈമാറിയതായാണ് വിവരം.
അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക് കടന്നു. കന്യാസ്ത്രീയുടെ സഹോദരിയും ഇന്ന് നിരാഹാര സമരം ആരംഭിക്കും. വൈകിട്ട് എഴുത്തുകാരി പി.ഗീതയും നിരാഹാരം തുടങ്ങും. ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകുംവരെ നിരാഹാരം തുടരാണ് തീരുമാനം.
നിരാഹാര സമരം നടത്തിയ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭാരവാഹി സ്റ്റീഫന്‍ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരത്തിന്റെ മൂന്നാം ദിവസം നിരാഹാരം ആരംഭിച്ചതാണ് ഇദ്ദേഹം. ക്രിസ്ത്യന്‍ റവല്യൂഷണറി മൂവ്മെന്റ് അംഗം അലോഷ്യ ജോസഫ് നിരാഹാരം തുടരുന്നുണ്ട്.