ബംഗലുരു: മറ്റാരെയും വിവാഹം കഴിക്കാതിരിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കാമുകന്റെ കൈപ്പത്തി വെട്ടിയെടുത്ത കേസില്‍ വനിത ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ബംഗലുരു വിവി പുരം സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ജയലക്ഷ്മി(27) ആണ് അറസ്റ്റിലായത്. ആനേക്കല്‍ നിവാസി വീരേഷി(31)നാണ് കൈപ്പത്തി നഷ്ടമായത്. വീരേഷിനെതിരെ
ആക്രമണം നടത്തിയ കുമാര്‍(45), ആനന്ദ്(22), ശ്രാവണ്‍കുമാര്‍(22) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ജയലക്ഷ്മിക്കൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴാണ് മൊബൈലും പഴ്സും തട്ടിയെടുക്കാനെന്ന വ്യാജേന സംഘം വീരേഷിനെ ആക്രമിക്കുന്നത്. അക്രമികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ വീരേഷിന്റെ കൈപ്പത്തി വെട്ടിയെടുത്ത് ഇവര്‍ കടന്നു കളയുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൈപ്പത്തി പിറ്റേദിവസമാണ് കണ്ടെത്താനായത്. കവര്‍ച്ച ശ്രമത്തിനിടെയുണ്ടായ ആക്രമണമെന്നായിരുന്നു പൊലീസ് ഉള്‍പ്പെടെ ഉള്ളവര്‍ കരുതിയിരുന്നത്. എന്നാല്‍ പ്രതികള്‍ പിടിയിലായതോടെ നിര്‍ണായക മൊഴി ലഭിക്കുകയായിരുന്നു.
ജയലക്ഷ്മിയും വീരേഷും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ എതിര്‍ത്തതോടെ ജയലക്ഷ്മി മറ്റൊരു വിവാഹം കഴിച്ചു. എന്നാല്‍ ഈ വിവാഹബന്ധം തകര്‍ന്നു. തുടര്‍ന്ന് ജയലക്ഷ്മി വീണ്ടും വിവാഹ അഭ്യര്‍ത്ഥന നടത്തിയെങ്കിലും വിരേഷ് ഇത് നിരസിച്ചു.
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ജയലക്ഷ്മി ക്വട്ടേഷന്‍ നല്‍കിയത്. ഗുണ്ടയായ കുമാറിന് ഒന്നരലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ കൊടുത്തത്. 15000 രൂപ അഡ്വാന്‍സായി നല്കി. അംഗവൈകല്യം സംഭവിച്ചാല്‍ വീരേഷിനെ മറ്റാരും വിവാഹം കഴിക്കില്ലെന്നും അയാള്‍ തനിക്കൊപ്പം ജീവിക്കുമെന്നുമായിരുന്നു ജയലക്ഷ്മിയുടെ കണക്കു കൂട്ടല്‍.
ഇതിനിടെ തളിവെടുപ്പ് നടക്കുന്നതിനിടെ പ്രതികളിലൊരാള്‍ രക്ഷപെടാന്‍ ശ്രമം നടത്തിയിരുന്നു. മുട്ടിനു താഴെ വെടിവച്ചാണ് ഇയാളെ വീഴ്ത്തിയത്.