സിക്കിം: രാജ്യത്ത് വിമാനത്താവളമില്ലാത്ത ഏക സംസ്ഥാനമെന്ന പേര് മാറ്റാനൊരുങ്ങി സിക്കിം. സെപ്തംബര്‍ 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ ആദ്യ വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. 2008ല്‍ നിര്‍മാണമാരംഭിച്ച വിമാനത്താവളം 350 കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പച്ചപ്പിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഇവിടം രാജ്യത്തെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിലൊന്നാണ്. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കില്‍ നിന്നും 30 കിലോമീറ്റര്‍ മാറിയാണ് പാക്യോങ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തിലാണ് പാക്യോങ് വിമാനത്താവളം. 206 ഏക്കറിലായി പരന്നു കിടക്കുന്ന വിമാനത്താവളത്തില്‍ 1.7 കി.മീ നീളവും 30 മീറ്റര്‍ വീതിയുമുള്ള റണ്‍വേ ആണ് നിര്‍മിച്ചിരിക്കുന്നത്.
രാജ്യത്തെ നൂറാമത് വിമാനത്താവളമാണ് പാക്യോങ്. ഉദ്ഘാടനം കഴിയുന്നതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമെന്ന പേരും പക്യോങിന് സ്വന്തമാകും.
വിമാനമാര്‍ഗം സിക്കിമിലെത്താന്‍ പശ്ചിമബംഗാളിനെയായിരുന്നു ഇത് വരെ ആശ്രയിച്ചിരുന്നത്. വിമാനത്താവളത്തിന്റെ വരവോടെ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുകയറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. കുറഞ്ഞ ചെലവില്‍ ചെറു യാത്രകള്‍ക്കായി സ്പൈസ്ജെറ്റ് ഇതിനോടകം അനുമതി വാങ്ങിയിട്ടുണ്ട്.
#WATCH Sikkim's picturesque Pakyong airport, situated at 4500 ft, to be inaugurated by Prime Minister Narendra Modi on 24th September. pic.twitter.com/aCT47sGUH3
— ANI (@ANI) September 22, 2018