ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ശക്തരാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുകൊണ്ട് ഇന്ത്യ മിസെെല്‍ വേധ മിസെെല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഞായറാഴ്ച രാത്രി ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റെയ്ഞ്ചില്‍ നിന്നായിരുന്നു റോക്കറ്റിന്റെ വിക്ഷേപണം. ശത്രുക്കളുടെ മിസൈലുകള്‍ കണ്ടെത്തി തകര്‍ക്കാനുള്ള കെല്‍പ്പുള്ളവയാണിവ.
രണ്ട് ലെയറുകളുള്ള ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ ഈ മിസൈല്‍ ഏറെ സഹായകരമാകുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. പൃഥ്വി ഡിഫന്‍സ് വെഹിക്കിള്‍ ദൗത്യത്തിന്റെ ഭാഗമാണ് ഈ വിക്ഷേപണവും. ഭൗമാന്തരീക്ഷത്തില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരം ഇവ സഞ്ചരിക്കും.
റഡാര്‍ സൗകര്യമുള്ള ഈ മിസൈല്‍ വഴി ശത്രുക്കളുടെ ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്താനും തകര്‍ക്കാനും സാധിക്കും. റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറിന്റെ സഹായത്താലാണ് ലഭിക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ വരുന്ന വഴി ഉള്‍പ്പെടെ ഇത് വഴി മനസിലാക്കാന്‍ സാധിക്കും.
ഇന്റീരിയല്‍ നാവിഗേഷന്‍ സിസ്റ്റത്തിന്റെ സഹായവും ഈ മിസെെല്‍ വേധ മിസെെലുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭൗമാന്തരീക്ഷം കടന്നു കഴിഞ്ഞാല്‍ ഇതിലെ ചൂടില്‍ നിന്ന് സംരക്ഷിക്കുന്ന കവചം പുറത്തെത്തും. പിന്നീട് മിഷന് കമ്പ്യൂട്ടറില്‍ നിന്ന് നല്‍കിയിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നീങ്ങും. റെയ്ഞ്ച് സ്റ്റേഷനുകള്‍ വഴി ഇവയുടെ നീക്കം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. 2017 ഫെബ്രുവരി 11നും മിസെെല്‍ വേധ മിസെെല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.