MovieMovie Reviews

വരത്തൻ ആളൊരു കരുത്തനാണ് 

എം നിഖിൽ കുമാർ

‘വരത്തൻ’ കാഴ്ചകൾ കൊണ്ട് കഥ പറയുന്ന ഒരു ചിത്രം എന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ പറയാം. അമൽ നീരദിന്റെ സംവിധാന മികവും ലിറ്റിൽ സ്വയമ്പിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം കൂടിയാകുമ്പോൾ പണം മുടക്കി തിയേറ്ററിലെത്തുന്നവർക്ക് ശരിക്കും ഒരു ട്രീറ്റ് തന്നെയാണ് വരത്തൻ നൽകുന്നത്.

ഒരു പുരുഷന്റെ ക്ഷമയെ നിങ്ങൾക്ക് പരീക്ഷിക്കാം. പക്ഷെ, അവന്റെ ധൈര്യത്തെ വില കുറച്ച് കാണരുത്. പ്രത്യേകിച്ച് അവന്റെ പെണ്ണിന്റെ അഭിമാനത്തിന്റെ കാര്യത്തിൽ. അതവന്റെ അമ്മയോ സഹോദരിയോ ആകാം, ഭാര്യയോ കാമുകിയോ ആകാം, എന്തിന് വെറുമൊരു സുഹൃത്തുമാകാം. അവളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നവരോട് ഒരിക്കലും അവന് ക്ഷമിക്കാനാവില്ല. അപ്പോൾ ഏതൊരു സാധാരണക്കാരനും സൂപ്പർ ഹീറോയാകും. ചുരുക്കി പറഞ്ഞാൽ ഇതാണ് വരത്തന്റെ കഥ.

ദമ്പതികളായ പ്രിയയും എബിയും ദുബായിലെ ജോലി മതിയാക്കി നാട്ടിലേക്ക് വരുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. നാട്ടിലെത്തുന്ന ഇവർ പ്രിയയുടെ അപ്പച്ചന്റെ പതിനെട്ടാം മൈലിലെ തോട്ടത്തിലുള്ള വീട്ടിലേക്ക് പോകുന്നു. വലിയ വെല്ലുവിളികളാണ് അവിടെ അവരെ കാത്തിരിക്കുന്നത്. എബിയായി ഫഹദ് ഫാസിലും പ്രിയയായി ഐശ്വര്യ ലക്ഷ്മിയുമാണ് എത്തുന്നത്.

ആദ്യ പകുതിയിൽ പതിയെ നീങ്ങുന്ന ചിത്രം രണ്ടാം പകുതിയിലേക്കെത്തുമ്പോൾ കൂടുതൽ കരുത്താർജ്ജിക്കുന്നു. അവസാന അരമണിക്കൂറാണ് ചിത്രത്തിന്റെ ജീവൻ. ക്ലൈമാക്സ് രംഗങ്ങളിലെ പശ്ചാത്തല സംഗീതം പ്രേക്ഷകന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു. മുൻപ് ഇറങ്ങിയ പല അമൽ നീരദ് ചിത്രങ്ങളുടെയും നെഗറ്റീവ് ക്ലൈമാക്സിലെ പോരായ്മ ആയിരുന്നുവെങ്കിൽ ഇത്തവണ സംവിധായകൻ അത് തിരുത്തി. വരത്തന്റെ ഏറ്റവും വലിയ പ്രത്യേകത ക്ലൈമാക്സ് തന്നെയാണ്.

വരത്തനിലെ ഓരോ കഥാപാത്രങ്ങളും മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ഗിരിരാജൻ കോഴിയുടെ പുതിയമേക്കോവർ ശരിക്കും ഞെട്ടിക്കും. കോമഡി വിട്ട്‌ സീരിയസായ ഷറഫുദ്ദീൻ  തകർത്ത് അഭിനയിച്ചിരിക്കുന്നു. വിജിലേഷിന്റെ പ്രകടനവും എടുത്ത് പറയേണ്ടിയിരിക്കുന്നു. മഹേഷിന്റെ പ്രതികാരത്തിലെ കരാട്ടേക്കാരനിൽനിന്ന് വിജിലേഷിന്റെ അഭിനയപ്രതിഭ ഏറെ വളർന്നിരിക്കുന്നു. ദിലീഷ് പോത്തനും തന്റെ വേഷം ഗംഭീരമാക്കി.

തിയേറ്ററിലേക്ക് പോകുമ്പോൾ മറ്റൊന്നും ആലോചിക്കേണ്ട, ഇതൊരു കംപ്ലീറ്റ് അമൽ നീരദ് സിനിമയാണ്. ദൃശ്യ-ശബ്ദ സംവിധാനങ്ങളുടെ മികവിൽ തിയേറ്ററിൽ പോയി കാണേണ്ട ചിത്രം തന്നെയാണ് വരത്തൻ.

എം നിഖിൽ കുമാർ

115 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close