ന്യൂഡൽഹി: തൊണ്ണൂറ്റി ഒന്നാമത് ഓസ്കാർ പുരസ്കാരത്തിനായി ഇന്ത്യയിൽ നിന്നും ആസാമീസ് ചിത്രമായ വില്ലേജ് റോക്ക് സ്റ്റാറിനെ ഔദ്യോഗികമായി നോമിനേറ്റ് ചെയ്തു. മികച്ച വിദേശ ഭാഷ ചിത്രം എന്ന വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്.
അസാമീസ് ചിത്രം വില്ലേജ് റോക്ക് സ്റ്റാർ ഇത്തവണ ഓസ്കാറിൽ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും ആസ്വാദകരും ദേശീയ പുരസ്കാര ജേതാവ് റിമ ദാസാണ് ചിത്രത്തിന്റെ സംവിധായിക.
മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരവും വില്ലേജ് റോക്ക് സ്റ്റാറിനായിരുന്നു. 28 സിനിമകളെ പിന്തള്ളിയാണ് വില്ലേജ് റോക്ക് സ്റ്റാറിനെ ഓസ്കാറിലേക്ക് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ നോമിനേറ്റ് ചെയ്തത്. പത്മാവത്, റാസി, ലൗ സോണിയ എന്നീ ചീത്രങ്ങളോടോപ്പമാണ് റിമ ദാസിന്റെ ചിത്രം മത്സരിച്ചത്.
ചിത്രത്തിന്റെ സംവിധായക റിമ ദാസ് ജനിച്ചു വളർന്ന ആസാമിലെ ഗ്രാമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഗ്രാമീണർ തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 87 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം സ്വന്തം ക്യാമറിയിൽ പകർത്തി, സ്വയം എഡിറ്റ് ചെയ്താണ് റിമ ഒരുക്കിയത്.
ധുണു എന്ന പെൺകുട്ടിയുടെ ഗിത്താർ സ്വന്തമാക്കാനും റോക്ക് ബാൻഡ് രൂപികരിക്കാനുമുള്ള സ്വപ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഓസ്കാർ പുരസ്കാരവേദിയിൽ ഇന്ത്യയെ റോക്ക് സ്റ്റാറാക്കുവാൻ വില്ലേജ് റോക്ക് സ്റ്റാറിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.