ലണ്ടന്‍: ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോക ഫുട്‌ബോളര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന് ലഭിച്ചു. അവസാന റൗണ്ടില്‍ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ഈജിപ്തിന്റെ മുഹമ്മദ് സലായേയും പിന്തള്ളിയാണ് മോഡ്രിച്ചിന്റെ പുരസ്‌കാര നേട്ടം. റഷ്യയില്‍ നടന്ന ലോകകപ്പില്‍ ക്രൊയേഷ്യക്ക് വേണ്ടിയും കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് മോഡ്രിച്ചിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി മെസിയും റൊണാള്‍ഡോയും കയ്യടക്കി വച്ചിരുന്ന പുരസ്‌കാരമാണിത്. ഇരുവര്‍ക്കും അഞ്ച് വട്ടം വീതം ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാക്കാണ് മികച്ച ഗോള്‍ നേടിയതിനുള്ള പുരസ്‌കാരം. മികച്ച വനിത താരമായി ബ്രസീലിന്റെ മാര്‍ത്ത തിരഞ്ഞെടുക്കുപ്പെട്ടു. മികച്ച ഗോള്‍ കീപ്പറായി ബെല്‍ജിയത്തിന്റെ തിബോ കാര്‍ട്ടോ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഫ്രാന്‍സിന്റെ ദിദിയെ ദഷാം മികച്ച പരിശീലകനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഫ്രാന്‍സിന്റെ തന്നെ റെയ്‌നോള്‍ഡ് പെഡ്രോസ് മികച്ച വനിത ടീം പരിശീലകനുള്ള പുരസ്‌കാരം നേടി. ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയാണ് മികച്ച യുവ താരം. പെറുവിന്റെ ആരാധകര്‍ക്കാണ് ഏറ്റവും മികച്ച ഫാന്‍സിനുള്ള പുരസ്‌കാരം. ജര്‍മന്‍ താരം ലെനാര്‍ട്ട് തൈയ്‌ക്കിന് ഫെയര്‍പ്ലേ പുരസ്‌കാരം ലഭിച്ചു.
ലോക ഇലവനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവരാണ്: ഡി ഗിയ(ഗോള്‍ കീപ്പര്‍), സാനി ആല്‍വ്‌സ്, റാഫേല്‍ വരാന്‍, സെര്‍ജിയോ റാമോസ്, മാര്‍സലോ, മോഡ്രിച്ച്, എംഗോളോ കാന്റെ, ഹസാഡ്, മെസ്സി, എംബാപെ, ക്രിസ്റ്റ്യാനോ.
ആരാധകരുടെ വോട്ടിംഗിന്റേയും ഫിഫ വിദഗ്ധ സമിതിയുടേയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാര നിര്‍ണയം.

















