പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 2.0വിന്റെ മേക്കിംഗ് വീഡിയോ തരംഗമാകുന്നു. സയൻസ് ഫിക്ഷൻ ഗണത്തിലെത്തുന്ന ചിത്രം അടുത്തമാസം 29നാണ് തീയേറ്ററിലെത്തുക
ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് 2.0. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മറ്റൊരു ഹിറ്റാവും 2.0 നൽകുക എന്നതാണ് മേക്കിംഗ് വീഡിയോ നൽകുന്ന സൂചന. നവംബർ 29ന് തിയേറ്ററുകളിലെത്തുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. അക്ഷയ് കുമാർ പ്രതിനായക വേഷത്തിലെത്തുന്ന സിനിമയിൽ എമി ജാക് സനാണ് നായിക. എ ആർ റഹ്മാന്റേതാണ് സംഗീതം. 500 കോടി ബജറ്റിലൊരുക്കുന്ന സിനിമ ഇന്ത്യൻ സിനിമകളിലെ ഏറ്റവും മുതൽമുടക്കുളള സിനിമയെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.
ചിത്രത്തിന്റെ മോഷൻ പോസ്റ്ററിനും ടീസറിനും വൻ വരവേൽപ്പായിരുന്നു ആസ്വാദക ലോകം നൽകിയിരുന്നത്. നിർമാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ചിത്രം അടുത്തമാസം 29ന് തീയേറ്ററിലെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള 1000ൽ അധികം സ്ക്രീനുകളിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരുമിച്ചാണ് ചിത്രം റിലീസ് ചെയ്യുന്നത്. രജനികാന്ത് ഇരട്ട വേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗം കൂടിയാണ് 2.0.