ന്യൂഡൽഹി: സമ്പദ്വ്യവസ്ഥയെ വ്യവസ്ഥാപിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നോട്ടുനിരോധനം നടപ്പാക്കിയതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. നോട്ടുകണ്ടുകെട്ടൽ മാത്രമായിരുന്നില്ല, സാമ്പത്തിക വ്യവസ്ഥയെ നിയമാനുസൃതമാക്കാനുള്ള പ്രവർത്തനങ്ങളിലേക്കുള്ള ചവിട്ടുപടിയായിരുന്നു നോട്ടുനിരോധനം കൊണ്ട് ലക്ഷ്യമാക്കിയിരുന്നത്.
ജനങ്ങളെ നികുതി അടയ്ക്കാൻ പ്രാപ്തരാക്കുക എന്നതും വിശാല ലക്ഷ്യമായിരുന്നു. ഇന്ന് നികുതി അടയ്ക്കലിൽ നിന്ന് ജനങ്ങൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറാൻ സമ്പദ്വ്യവസ്ഥയിൽ ഒരു ഇളക്കം ആവശ്യമായിരുന്നു. അതിന് കഴിഞ്ഞുവെന്നും നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷിക വേളയിൽ അദ്ദേഹം പറഞ്ഞു.