IndiaSpecial

ദണ്ഡകാരണ്യം വീണ്ടും രാമനെ വരിക്കുമോ ? ഛത്തീസ്‌ഗഡ് തിരഞ്ഞെടുപ്പ് വിശകലനം രണ്ടാം ഘട്ടം

സവ്യസാചി & ടീം

18 മണ്ഡലങ്ങളിൽ നവംബർ 12ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ റെക്കോഡ് വോട്ടിംഗ് ആയിരുന്നു നടന്നത്, 76.28%. ബാക്കിയുള്ള 72 മണ്ഡലങ്ങളിലേക്ക് നവംബർ 20നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 17 മണ്ഡലങ്ങൾ ആദിവാസി സംവരണ മണ്ഡലങ്ങളാണെങ്കിൽ 9 എണ്ണം പട്ടികജാതി സംവരണ മണ്ഡലങ്ങളാണ്. സംസ്ഥാനത്ത് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.

ഒന്നാം ഘട്ടത്തിൽ മികച്ച പ്രകടനം നടത്താനായെന്നാണ് ബിജെപിക്കുള്ളിലെ പൊതുവായ വിലയിരുത്തൽ. മോദി ഇതിനോടകം 2 കൂറ്റൻ റാലികൾ രണ്ടാം ഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന മേഖലകളിൽ നടത്തിക്കഴിഞ്ഞു. രാഹുലും, അമിത് ഷായും റാലികളും, റോഡ് ഷോകളും നടത്തുകയുണ്ടായി. ഇന്ന് മഹാസമുന്ദ് മേഖലയിൽ മോദിയുടെ മറ്റൊരു വമ്പൻ റാലിയുമുണ്ടായി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ മേഖലയിലെ 72 സീറ്റുകളിൽ 43 എണ്ണം ബിജെപിക്കായിരുന്നു. അജിത് ജോഗിയുടെ ജെസിസിയും മായാവതിയുടെ ബിഎസ്പിയും സിപിഐയും ചേർന്ന സഖ്യം 15 മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിന്റെ പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്.

കോട്ട, മഹാസമുന്ദ്, ലോർമി, തകത്പൂർ, ബിൽഹ, അകൽതാരാ, ബാടാപാരാ, രാവ് ഗഢ്, കവർദ്ധ, ജംജ് ഗീർ, ബസ്ന, ബട്ഗാവ്, ജെയ്ജെപൂർ, രാംപൂർ ഗ്രാമീൺ, ഗുണ്ടർദേഹി എന്നീ 15 മണ്ഡലങ്ങളിൽ ജെസിസി-ബിഎസ്പി-സിപിഐ സഖ്യത്തിന് കാര്യമായ സാന്നിദ്ധ്യമുണ്ട്.

റിബൽ സ്ഥാനാർത്ഥികൾ ഒരു ഡസൻ മണ്ഡലങ്ങളിൽ ഫലത്തെ സ്വാധീനിച്ചേക്കും. ഇതിൽ ഒരാൾ കഴിഞ്ഞ വർഷവും ഇതേ സീറ്റിൽ സ്വതന്ത്ര MLA ആയിരുന്നു(വിമൽചോപ്ര-മഹാസമുന്ദ് മണ്ഡലം).
മറ്റ് 11 മണ്ഡലങ്ങൾ താഴെ കൊടുക്കുന്നു –

– ധംതാര – ബിജെപിക്കും കോൺഗ്രസിനും റിബലുകളുണ്ട്

– സിഹാവ – ബിജെപിക്കും – കോൺഗ്രസിനും റിബലുകളുണ്ട്

– കുറൂദ് – കോൺഗ്രസ് റിബൽ

– റായ്ഗഢ് – ബിജെപി റിബൽ

– ഖല്ലാരി – കോൺഗ്രസ് റിബൽ

– ബിലായ് ഗഢ് – കോൺഗ്രസ് റിബൽ

– രാമാനുജ് ഗഞ്ജ് – ബിജെപി റിബൽ

– ബസ്ന- ബിജെപി റിബൽ

– ഡോൺടി ലാഹിരി – കോൺഗ്രസ് റിബൽ

– ഭിൻദ്രാവ് ഗഢ് – കോൺഗ്രസ് റിബൽ

– സാജാ – ബിജെപി റിബൽ

കോൺഗ്രസിന്റെ ‘അനൗദ്യോഗിക’ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് പറയപ്പെടുന്ന ടി.എസ്.സിങ്ങ് ദേവിന്റെ മണ്ഡലമായ അംബികാപൂരിൽ മോദിയുടെ റാലി കാണാൻ ലക്ഷത്തിലധികം പേരാണ് തടിച്ചുകൂടിയത്. ഈ പ്രദേശം കണ്ട ഏറ്റവും വലിയ റാലികളിൽ ഒന്നായിരുന്നു ഇത്. രാഹുലിന്റെയും, അമിത് ഷായുടെയും റാലികൾക്കും, റോഡ്ഷോകൾക്കും നല്ല ജനത്തിരക്കുണ്ടായിരുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലികൾക്ക് നല്ല ജനക്കൂട്ടമുണ്ടായിരുന്നെന്നതും ശ്രദ്ധേയം.

ഇവിടങ്ങളിൽ റാലികൾക്ക് 200 രൂപ വെച്ച് ഒരാൾക്ക് നൽകി ആളുകളെ എത്തിക്കുന്ന രീതിയൊക്കെയുണ്ടെങ്കിലും, ഞങ്ങൾ സംസാരിച്ച അവിടെ വന്ന വോട്ടർമാർ മോദിയെക്കുറിച്ചും കേന്ദ്ര സർക്കാറിന്റെ പാവപ്പെട്ടവർക്കായുള്ള പദ്ധതികളെക്കുറിച്ചും വളരെ നല്ല രീതിയിലാണ് പ്രതികരിച്ചത്. രമൺ സിംഗിനും മികച്ച പിന്തുണയാണിവരിലും ദൃശ്യമായത്.

നേരത്തെ പറഞ്ഞ 15 മണ്ഡലങ്ങളിൽ ജെസിസി-ബിഎസ്പി-സിപിഐ സഖ്യം ബിജെപിക്കും കോൺഗ്രസിനും പ്രശ്നം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇവർ പിടിക്കുന്ന വോട്ടുകളിൽ ഭൂരിഭാഗവും കോൺഗ്രസിന്റേതാകുമെന്നാണ് ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നത്. ജിജിപി എന്ന പാർട്ടിയും ആദിവാസി മേഖലകളിൽ ‘വോട്ട് കട്ടർ’ എന്ന നിലയിൽ നിലയുറപ്പിച്ചിട്ടുണ്ട്.

രമൺസിംഗ് സർക്കാറിന്റെ പൊതുവിതരണ സമ്പ്രദായം അദ്ദേഹത്തിനുണ്ടാക്കിക്കൊടുത്ത ജനപ്രീതി ഇപ്പോഴും നഷ്ടം വരാതെ നിലനിൽക്കുന്നുണ്ട്. കേന്ദ്രപദ്ധതികളിൽ ഒട്ടുമിക്കതും മികച്ചരീതിയിൽ നടപ്പിലാക്കിയിട്ടുണ്ട്. അതിൽ ഉജ്ജ്വല, സൗഭാഗ്യ, മുദ്ര, ആവാസ് യോജന എന്നിവയും ഇപ്പോൾ ആയുഷ്മാൻ ഭാരതും ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാൻ സർക്കാർ നന്നായി ശ്രമിച്ചിട്ടുണ്ടെന്ന് വ്യക്തമാകും.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രാഥമിക ആയുർവ്വേദ കേന്ദ്രങ്ങൾ തുടങ്ങാനും അവ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാനും ഈ സർക്കാറിനായിട്ടുണ്ട്. കൃഷിക്കാരിൽ ഒരു വിഭാഗം സർക്കാറിന്റെ പ്രവർത്തനങ്ങളിൽ തൃപ്തരല്ലെങ്കിലും മറ്റൊരു വിഭാഗം സർക്കാറിന്റെ കർഷകർക്കായുള്ള പ്രവർത്തനങ്ങളിൽ തൃപ്തരാണ്.

ആരോഗ്യ- അടിസ്ഥാന സൗകര്യ മേഖലകളിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരാനായതും, പൊതുവെ നക്സൽ ആക്രമണങ്ങളിൽ ഇക്കാലത്ത് കുറവായതും, ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായുള്ള 25 ലക്ഷം സ്മാർട്ട് ഫോൺ വിതരണവും സർക്കാറിന്റെ നേട്ടങ്ങളാണ്.

എന്നാൽ കൃഷി, വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ കൂടുതൽ ഊന്നൽ വേണമെന്നതാണ് പ്രധാന പോരായ്മയായി ചിലയിടങ്ങളിൽ ദൃശ്യമായത്.

വോട്ട് ശതമാനത്തിൽ വലിയ അന്തരമുണ്ടായേക്കാനിടയില്ലെങ്കിലും, കഴിഞ്ഞതവണത്തേക്കാൾ വ്യത്യാസം ബിജെപിക്ക് കോൺഗ്രസിനുമേൽ ഉണ്ടാകുമെന്നാണ് ഞങ്ങളുടെ സർവ്വെകൾ സൂചിപ്പിക്കുന്നത്.

ഞങ്ങളുടെ കണക്കുകൾ പ്രകാരം ഇന്ന് പ്രചാരണം അവസാനിക്കുന്ന 72 മണ്ഡലങ്ങളിൽ 36-40 മണ്ഡലങ്ങളിൽ ബിജെപിയും, 28-32 മണ്ഡലങ്ങളിൽ കോൺഗ്രസും, 4-7 മണ്ഡലങ്ങളിൽ ജെസിസി-ബിഎസ്പി-സിപിഐ സഖ്യവും,മറ്റുള്ളവരും മുന്നിട്ടു നിൽക്കുന്നു.

ആകെയുള്ള 90 സീറ്റുകളിൽ 47-53 സീറ്റുകളിൽ ബിജെപിയും, 33-39 സീറ്റുകളിൽ കോൺഗ്രസും, 4-7 സീറ്റുകളിൽ ജെസിസി-ബിഎസ്പി-സിപിഐ സഖ്യവും മറ്റുള്ളവരും മുന്നിട്ടു നിൽക്കുന്നു.

ബിജെപിക്ക് ഇനി വേണ്ടത് ആദ്യ ഘട്ടത്തിലേതുപോലുള്ള മികച്ച പോളിങ്ങാണ്. മോദി തന്റെ റാലികളിലെല്ലാം ആവർത്തിക്കുന്ന ഒരു പ്രധാനകാര്യവും ഇതാണ്.

N:B – മധ്യപ്രദേശ്-മിസോറം വിശകലനം പത്ത് ദിവസത്തിനുള്ളിൽ

544 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close