ഗോവ: നാല്പത്തിയൊന്പതാമത് രാജ്യന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ ഇന്ന്
കൊടിയേറും. 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തുന്നത്.
ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലര മണിക്ക് ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, കേന്ദ മന്ത്രിമാരായ രാജ്യവര്ധന്സിംഗ് റാത്തോഡ്, സുദിന് മാധവ് ധവാലിക്കര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പ്രസൂന്‍ ജോഷി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. താരങ്ങളുടെ റെഡ് കാര്‍പെറ്റ് വാക്ക് ചടങ്ങിലെ പ്രധാന ആകര്‍ഷണമാണ്.
ഓസ്ക്കര്‍ പുരസ്കാരത്തിന് നാമ നിര്‍ദേശം ചെയ്യപ്പെട്ട 16 വിദേശ ഭാഷാ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
മലയാളത്തില്‍ നിന്നും മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ജയരാജ് സംവിധാനം ചെയ്ത ഭയാനകം, ലിജോ ജോസഫ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യു എന്നീ ചിത്രങ്ങള്‍ മേളയില്‍ മാറ്റുരയ്ക്കും. മത്സര വിഭാഗത്തില്‍ ആകെ 15 ചിത്രങ്ങളാണ് ഉള്ളത്.
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ആറ് മലയാള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
മേളയിലെ ഉദാഘാടന ചിത്രം ജൂലിയന്‍ ലാന്‍ഡെയ്സ സംവിധാനം ചെയ്ത ദി ആസ്പേണ്‍ പേപ്പേഴ്സ് ആണ്.
സമാപന ചിത്രം സീല്‍ഡ് ലിപ്സ് ആണ്. മേള നവംബര്‍ 28 ന് സമാപിക്കും.