ന്യൂഡല്‍ഹി: സെന്റിനല്‍ ദ്വീപില്‍ യുഎസ് മതപ്രഭാഷകന് ജോണ്‍ അലന് ചൗ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍, വംശനാശ ഭീഷണി നേരിടുന്ന ആദിവാസി സമൂഹങ്ങള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തമായി. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മതപ്രചാരണം നടത്തുന്നതിനായി എത്തിയപ്പോഴാണ് ജോണ്‍ അമ്പേറ്റ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഗോത്രവര്‍ഗക്കാര്‍ മറവ് ചെയ്ത മൃതദേഹം വീണ്ടെടുക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. ക്രിസ്തുമത പ്രചാരണത്തിന് വേണ്ടിയാണ് താന്‍ ദ്വീപിലേക്ക് പോകുന്നതെന്ന് അലന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം ദ്വീപ് നിവാസികളെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്നും മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമം തുടരരുതെന്നുമാണ് നരവംശ ശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും ആന്‍ഡമാനിലെ പരിസ്ഥിതി സംഘടനകളുടേയും അഭിപ്രായം.
ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയും ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. സംരക്ഷിത ഗോത്രവര്‍ഗമായ സെന്റിനല്‍ വംശജരുമായി ഏറ്റുമുട്ടലിലേക്ക് പോകേണ്ടി വരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്നാണ് സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ സംഘടന ആവശ്യപ്പെട്ടത്. ഏറ്റുമുട്ടലുണ്ടായാല്‍ അത് ഇരു കൂട്ടര്‍ക്കും ദോഷകരമാകുമെന്നും സംഘടനയുടെ ഡയറക്ടര്‍ സ്റ്റീഫന്‍ കോറി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ജോണ്‍ അലന് ചൗവിന്റെ മൃതദേഹത്തെ വെറുതേ വിടുക. അതുപോലെ തന്നെയാണ് സെന്റിനല്‍ വംശജരുടെ കാര്യവും. അവരേയും ഉപദ്രവിക്കരുത്. ഒരു പകര്‍ച്ചവ്യാധിയോ മറ്റോ ആ ദ്വീപിലെത്തിയാല്‍ ഒരു വംശം മുഴുവനായും തുടച്ചുനീക്കപ്പെടുമെന്നും അവര്‍ ആശങ്ക പങ്ക് വച്ചു.
നിലവില്‍ അലന് ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഗോത്രവര്‍ഗത്തിന്റെ സംരക്ഷണം മുന്‍നിര്‍ത്തിയാണ് നീക്കം. ചൊവ്വാഴ്ചയും മേഖലയിലെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു ബോട്ട് ഇവിടേക്ക് അയച്ചിരുന്നു. ഇവിടേക്ക് കടക്കാന്‍ നോക്കിയാല്‍ അമ്പും വില്ലും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഇവര്‍ തങ്ങളുടെ ദ്വീപിനെ സംരക്ഷിക്കാന്‍ രംഗത്ത് വന്നേക്കുമെന്ന് സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ വക്താവ് വ്യക്തമാക്കി.