Sports

തോൽക്കാതെ ലൂക്ക; പോരാട്ടം ജീവിതത്തിലും…

എല്ലാ പ്രവചനങ്ങളും കാറ്റിൽ പറത്തി ക്രൊയേഷ്യ എന്ന കുഞ്ഞു ബാൾക്കൻ രാഷ്ട്രം ലോകകിരീടത്തിനായുള്ള അന്തിമ യുദ്ധത്തിനിറങ്ങിയപ്പോൾ, വാർത്തകളിൽ നിറഞ്ഞ് നിന്നത് യുദ്ധകെടുതികളെ സധൈര്യം അതിജീവിച്ച് ഫുട്ബോൾ ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയെ കുറിച്ചായിരുന്നു, ക്രൊയേഷ്യൻ കുതിപ്പിന്റെ ബുദ്ധികേന്ദ്രം ലൂക്ക മോഡ്രിച്ച്…

വിമർശകരെ കരിയറിലെ ഉജ്ജ്വല നേട്ടങ്ങൾ കൊണ്ട് നിശബ്ദരാക്കിയ കഥയാണ് മോഡ്രിച്ചിന് പറയാനുള്ളത്. ഫുട്ബോളിനെ അതിയായി സ്നേഹിച്ച മോഡ്രിച്ചിന് കുട്ടിക്കാലത്തു നേരിടേണ്ടി വന്നത് നിരസിക്കലിന്റെ ദുരനുഭവങ്ങളായിരുന്നു…

പ്രൊഫഷണൽ ഫുട്ബോൾ താരമാകാൻ വേണ്ട ശാരീരിക ക്ഷമതയില്ലെന് പറഞ്ഞ് പ്രമുഖ ക്രൊയേഷ്യൻ ക്ലബ്‌ ഹജ്ഡുക് സ്പ്ലിറ്റ് യുവപ്രതിഭകളെ റിക്രൂട്ട് ചെയ്യുന്ന ട്രയൽസിൽ പങ്കെടുക്കാൻ പോലും മോഡ്രിച്ചിനെ അനുവദിച്ചില്ല. നിരാശയുടെ നാളുകളിൽ ലൂക്ക മോഡ്രിച്ചെന്ന ബാലന്റെ കഴിവ് തിരിച്ചറിഞ്ഞത് ഡൈനാമോ സാഗ്രെബായിരുന്നു…

മോഡ്രിച്ചിനെ 10 വർഷത്തേക്ക് ഏറ്റെടുത്ത ക്ലബ്‌, കുഞ്ഞു താരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാരങ്ങൾ നൽകി അവനിലെ ഫുട്ബോൾ പ്രതിഭയെ ഉരച്ചു മിനുക്കി വളർത്തിയെടുത്തു. 2006ൽ ഡൈനാമോ സാഗ്രബിന്റെ സീനിയർ താരമായി അരങ്ങേറ്റം കുറിച്ച ലൂക്ക, ടീമിനായി മൂന്ന് ലീഗ് കിരീടങ്ങൾ സമ്മാനിച്ചാണ് നന്ദി അർപ്പിച്ചത്.

2007ൽ ക്രൊയേഷ്യൻ പ്ലെയർ ഓഫ് ദി ഇയർ ആയി തെരെഞ്ഞെടുത്ത മോഡ്രിച്ച്, തന്നിൽ വിശ്വാസം രേഖപ്പെടുത്തിയവർക്ക് അഭിമാനിക്കാൻ വക നൽകി. തൊട്ട അടുത്ത വർഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എത്തിയ മോഡ്രിച്ച് വളരെ പെട്ടെന്ന്‌ തന്നെ ടോട്ടനം ഹോട്സപ്റിന്റെ വിശ്വസ്ത താരമായി…

മധ്യനിരയിൽ കളിമെനഞ്ഞ മോഡ്രിച്ച് ടോട്ടനത്തെ ആദ്യമായി ചാമ്പ്യൻസ് ലീഗ് വേദിയിൽ എത്തിച്ചു. ടോട്ടനത്തിന്റെ വിജയങ്ങളുടെ വാർത്തകൾ പുറത്തുവന്നപ്പോൾ ആഘോഷിക്കപ്പെട്ടത് ഗാരെത് ബെയിൽ എന്ന ഷോ മാൻ ആയിരുന്നു. പക്ഷെ ബെയ്‌ലിന്റെ ഗോളുകൾക്കും നീക്കങ്ങൾക്കും പിന്നിലെ ക്രിയാത്മക ശക്തി ക്രൊയേഷ്യൻ മിഡ്ഫീൽഡർ ആയിരുന്നു…

സ്വതസിദ്ധമായ ഫുട്ബോൾ കളിക്കാൻ മാത്രമറിയുന്ന ലൂക്ക മോഡ്രിച്ചിന് മൈതാനത്തിലെ പ്രകടനപരതയിൽ താൽപ്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ, ക്രൊയേഷ്യൻ താരത്തിന്റെ മികവ് തിരിച്ചറിഞ്ഞ ലോകക്ലബ്‌ ഫുട്ബോളിലെ ഭീമന്മാരായ റയൽ മാഡ്രിഡ് 2012ൽ അദ്ദേഹത്തെ സാന്റിയാഗോ ബെർണാബിയുവിൽ എത്തിച്ചു. 30 ദശലക്ഷം യുറോ ചെലവിട്ട് മോഡ്രിച്ചിനെ സ്വന്തമാക്കിയപ്പോൾ റയൽ ആരാധകർ ആദ്യം നെറ്റിചുളിച്ചു. ക്ലബ്‌ മാനേജ്മെന്റിന്റെ മോശം തീരുമാനം എന്നാണ് ഈ ട്രാൻസ്ഫറിനെ പലരും വിശേഷിപ്പിച്ചത് ..

എന്നാൽ, താര നിബിഡമായ റയൽ മാഡ്രിഡ് നിരയിൽ വളരെ പെട്ടെന്ന് തന്നെ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ 5 അടി 8 ഇഞ്ചു മാത്രം ഉയരമുള്ള കഠിനാധ്വാനിയായ ഈ താരത്തിനായി. മധ്യനിരയിലെ ഭാവനാ സമ്പന്നമായ നീക്കങ്ങൾ വഴി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കരീം ബെൻസിമയുടെയും എല്ലാം വിശ്വസ്ത പങ്കാളിയായി മോഡ്രിച്ച്. ഗാരെത് ബെയിലും ടോണി ക്രൂസും ഹാമിഷ് റോഡ്രിഗസും ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ മത്സരിച്ചപ്പോൾ, മോഡ്രിച്ചിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ചാമ്പ്യൻസ് ലീഗ് ഉൾപ്പടെയുള്ള റയൽ മാഡ്രിഡിന്റെ നിർണായക കിരീട നേട്ടങ്ങൾക്കു പിന്നിൽ ചാലകശക്തി ലൂക്കയായിരുന്നു…

വംശീയത തലയ്ക്ക് പിടിച്ച സെർബിയൻ സൈന്യത്തിന്റെ പീഡനങ്ങൾ സഹിക്കാനാകാതെ പ്രാണരക്ഷാർത്ഥം പലായനം ചെയ്ത കുടുംബത്തിൽ 1986ലായിരുന്നു ലൂക്കയുടെ ജനനം. സെർബിയൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മുത്തച്ഛന്റെ പേരാണ് മാതാപിതാക്കൾ മകന് നൽകിയത്. തുണിശാലയിൽ ജോലിചെയ്തിരുന്ന അമ്മ റഡോജ്ക മോഡ്രിച്ചും കാർ മെക്കാനിക്കായ സ്റ്റയിപ് മോഡ്രിച്ചും വളരെ പ്രയാസപ്പെട്ടാണ് മകനെ വളർത്തിയത്…

ബാൾക്കൻ യുദ്ധകാലത്ത് നിലയ്ക്കാത്ത വെടിയൊച്ചകൾ കേട്ടായിരുന്നു ലൂക്കയുടെ ബാല്യം. വീട്ടിൽ വൈദ്യുതിയോ വെളിച്ചമോ ഉണ്ടായിരുന്നില്ല. ഇല്ലായ്മകൾക്കിടയിലും തെരുവിൽ പന്ത് കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന മകന്റെ പ്രതിഭയിൽ അച്ഛൻ സ്റ്റയിപ്പിന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസം തന്നെയാണ് ലോകകിരീടത്തിനായുള്ള ചരിത്ര പോരാട്ടത്തിന് ഇറങ്ങുമ്പോൾ ക്രൊയേഷ്യൻ ജനതയ്ക്ക് ലൂക്ക മോഡ്രിച്ച് എന്ന തങ്ങളുടെ ഫുട്ബോൾ എൻജിനീയറിൽ ഉള്ളത്…

പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായ ക്രൊയേഷ്യയുടെ നായകൻ ലൂക്ക മോഡ്രിച്ച് ബസൻ ഡി ഓറൽ മുത്തമിട്ടതിന്റെ ആവേശത്തിലാണ് ആരാധകർ.

(വാൽക്കഷ്ണം : യുദ്ധവും യുദ്ധക്കെടുതികളുമാണ് എന്നെ ശക്തനാക്കിയത്. എന്നാൽ, എക്കാലവും ഭീതിദമായ ആ ഓർമകളിൽ ജീവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, പക്ഷെ അത് പൂർണമായും മറക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല : ലൂക്ക മോഡ്രിച്ചിന്റെ വാക്കുക്കൾ )

143 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close