ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പെയെടുത്ത പണം മുഴുവന്‍ തിരിച്ചടക്കാന്‍ തയാറാണെന്ന് വിവാദ വ്യവസായി വിജയ് മല്ല്യ. വിജയ് മല്ല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ വിധി വരാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് പണമടക്കാന്‍ തയാറാണെന്ന നിലപാടുമായി മല്ല്യ രംഗത്തെത്തിയത്. ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് മല്ല്യ ഇക്കാര്യം വ്യക്തമാക്കിയത്.
തന്നെ ഇന്ത്യക്ക് കൈമാറുന്നതും വായ്പ തിരിച്ചടക്കുന്നതും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. വായ്പ തിരിച്ചടക്കാന്‍ തയാറാണെന്നും അത് സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടും ബാങ്കുകളോടും മല്ല്യ പറയുന്നുണ്ട്. സ്വീകരിക്കാന്‍ തയാറായില്ലെങ്കില്‍ അതിന്റെ കാരണമെന്തെന്നും മല്ല്യ ചോദിക്കുന്നുണ്ട്.
ഇന്ധന വില ഉയര്‍ന്നതിനെ തുടര്‍ന്ന് വ്യോമയാന കമ്പനികള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ക്രൂഡ് ഓയിലിന്റെ വില ബാരലിന് 140 ഡോളര്‍ വരെ എത്തിയപ്പോള്‍ കിങ്ഫിഷറിന് വലിയ ബാധ്യതയുണ്ടായി. ബാങ്കുകള്‍ നല്കിയ വായ്പ മുഴുവന്‍ അങ്ങനെയാണ് നഷ്ടമായത്. ആ വായ്പ മുഴുവന്‍ തിരിച്ചടക്കാന്‍ തയാറാണ്. അത് സ്വീകരിക്കണമെന്നും ട്വീറ്റില്‍ പറയുന്നു.
രാഷ്ട്രീയക്കാരും മാധ്യമങ്ങളും തന്നെ വായ്പ തട്ടിപ്പുകാരനായി ചിത്രീകരിക്കുകയാണെന്നും എന്നാല്‍ പണം തിരിച്ചടക്കാമെന്ന കാര്യം കര്‍ണാടക ഹൈക്കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നുവെന്നും മല്ല്യ പറയുന്നു.
വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 2016 മാര്‍ച്ചിലാണ് മല്ല്യ രാജ്യം വിടുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മല്ല്യയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ വിചാരണക്കായി മല്ല്യയെ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.