അഡ്ലെയ്ഡ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഓസീസ് ഒന്നാം ഇന്നിംഗ്സില്‍ 191/7 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് ഒപ്പമെത്താന്‍ ഓസീസിന് ഇനി 59 റണ്‍സ് കൂടി വേണം. 127 റണ്‍സിനിടെ ആറ് വിക്കറ്റ് നഷ്ടമായ ഓസീസിന്, ട്രാവിസ് ഹെഡ് പൊരുതി നേടിയ അര്‍ധ സെഞ്ച്വറിയാണ് തുണയായത്. കരിയറിലെ രണ്ടാമത്തെ മാത്രം അര്‍ധസെഞ്ച്വറി നേടിയ ഹെഡ് 61 റണ്‍സുമായി ക്രീസിലുണ്ട്. എട്ട് റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പമുണ്ട്. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 59 റണ്‍സ് പിന്നിലാണ് ഓസ്ട്രേലിയ.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 250 റണ്‍സില്‍ അവസാനിച്ചിരുന്നു. ഒന്‍പത് വിക്കറ്റ് നഷ്ടമായി ഇന്ന് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യ പന്തില്‍ തന്നെ ഷമിയെ നഷ്ടമായി. എന്നാല്‍ ഓസീസിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ അവര്‍ക്ക് നഷ്ടമായി. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഇഷാന്ത് ശര്‍മ്മയാണ് ഫിഞ്ചിനെ ക്ലീന്‍ബൗള്‍ഡ് ചെയ്തത്.
മാര്‍ക്കസ് ഹാരിസ്-ഉസ്മാന് ഖവാജ സഖ്യം 45 റണ്‍സെടുത്ത് അടിത്തറ ഉണ്ടാക്കിയെങ്കിലും അശ്വിന്റെ പന്തില്‍ ഹാരിസ് പുറത്തേക്ക്. 57 പന്തില്‍ മൂന്ന് ബൗണ്ടറി സഹിതം 26 റണ്‍സാണ് ഹാരിസ് നേടിയത്. ഷോണ്‍ മാര്‍ഷ് 2 റണ്‍സെടുത്ത് മൂന്നാമനായി മടങ്ങി. നാലാം വിക്കറ്റില്‍ ഖവാജയും പുറത്തേക്ക്. 28 റണ്‍സാണ് ഖവാജയുടെ സമ്പാദ്യം. പീറ്റര്‍ ഹാന്‍ഡ്സ്കോം 34 റണ്‍സും ക്യാപ്റ്റന്‍ ടിം പെയ്ന് 5 റണ്‍സും പാറ്റ് കമ്മിന്‍സ് 10 റണ്‍സുമെടുത്താണ് പുറത്തായത്.