ന്യൂഡല്‍ഹി: സംയുക്ത സൈനിക പരിശീലനത്തിനൊരുങ്ങി ഇന്ത്യയും ചൈനയും. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇരു രാജ്യങ്ങളും സംയുക്ത പരിശീലനത്തിനൊരുങ്ങുന്നത്. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെങ്ഡുവിലാണ് ഇരു രാജ്യങ്ങളും കൈകോര്‍ക്കുന്നത്. ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് എന്ന പേരിലാണ് ഇത് നടത്തുന്നത്.
ചൊവ്വാഴ്ചയാണ് പരിശീലനത്തിന്റെ ഉദ്ഘാടനം. ഇന്ത്യയുടേയും ചൈനയുടേയും 100 ട്രൂപ്പുകള്‍ പങ്കെടുക്കും. ഇത് ഏഴാം തവണയാണ് ഇന്ത്യയും ചൈനയും സംയുക്ത സൈനിക അഭ്യാസം നടത്തുന്നത്. ഭീകരവാദത്തെ ചെറുക്കുന്നതിനായിരിക്കും പരിശീലനത്തില്‍ മുന്‍ഗണന നല്‍കുക എന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് കോള്‍ റെന്‍ ഗുവോഖിയാങ് വ്യക്തമാക്കി.
23ാം തിയതി വരെയാണ് പരിശീലനം. സൈനിക തലത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഈ നീക്കം വഴിയൊരുക്കുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 24ന് ദുജിയാങ്യാനില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പങ്കെടുക്കും. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരു കൂട്ടരും ചര്‍ച്ച ചെയ്യും.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍നവംബര്‍ മാസങ്ങളില്‍ നടത്താനിരുന്ന അഭ്യാസം ദോക്ലാ സംഘര്‍ഷത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിലാണ് സംയുക്ത സൈനിക അഭ്യാസം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നത്.