അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡില്‍ ചരിത്ര വിജയവുമായി ഇന്ത്യ. അവസാന ദിനം വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ 31 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 323 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒാസ്ട്രേലിയ 291 റണ്‍സിന് പുറത്തായി. ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ആറാമത്തെ ടെസ്റ്റ് വിജയമാണിത്. ഇതിന് മുന്‍പ് 2008ലാണ് ഇന്ത്യ അവസാനമായി ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയം നേടിയത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യ വിജയിക്കുന്നതും ഇത് ആദ്യമായിട്ടാണ്.
നാല് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ച്വറിയും നേടിയ ചേതേശ്വര്‍ പൂജാരയാണ് കളിയിലെ കേമന്‍. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച പെര്‍ത്തില്‍ ആരംഭിക്കും.
നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സുമായി അവസാന ദിവസം ബാറ്റിംഗിനിറങ്ങിയ ഓസീസിന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ചെറുത്ത് നില്‍ക്കാനായില്ല. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ ഏക അര്‍ധ സെഞ്ച്വറി നേടിയ ഷോണ്‍ മാര്‍ഷാണ് അവരുടെ ടോപ് സ്‌കോറര്‍. 166 പന്തുകള്‍ നേരിട്ട മാര്‍ഷ് 60 റണ്‍സെടുത്തു. 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയ്‌നാണ് ഓസീസിന്റെ അടുത്ത ടോപ് സ്‌കോറര്‍. ആരോണ്‍ ഫിഞ്ച്(35 പന്തില്‍ 11), മാര്‍ക്കസ് ഹാരിസ്(49 പന്തില്‍ 26), ഉസ്മാന്‍ ഖവാജ(42 പന്തില്‍ 8), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്(40 പന്തില്‍ 14), ട്രാവിസ് ഹെഡ്(62 പന്തില്‍ 14), മിച്ചല്‍ സ്റ്റാര്‍ക്ക്(44 പന്തില്‍ 28), പാറ്റ് കമ്മിന്‍സ്(121 പന്തില്‍ 28), ജോഷ് ഹെയ്‌സല്‍വുഡ്(43 പന്തില്‍ 13) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.
ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ മൂന്നും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി.















