MovieEntertainment

ഒടിയനെ വരവേല്‍ക്കാന്‍ തിയേറ്ററില്‍ ജനപ്രളയം: മാണിക്കനെ  ആരാധകര്‍ ഏറ്റെടുത്തോ?

പ്രേക്ഷകരുടെ മനസ്സ് നിറച്ച് മാണിക്കനും പ്രഭയും മലയാളക്കരയിലെത്തി. തുടക്കം മുതല്‍ തന്നെ ഒടിയന്റെ ഓരോ വാര്‍ത്തകളും ആരാധകര്‍ക്ക് ഹരമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യയും ഒടിയന്‍ മാണിക്കനെയും കാണാനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസായ സിനിമ ഡിസംബര്‍ 14 ന് റിലീസ് ചെയ്യുമെന്ന അണിയറപ്രവര്‍ത്തകരുടെ അറിയിപ്പ് വന്നതുമുതല്‍ ആരാധകര്‍ക്ക് ഊണും ഉറക്കവും നഷ്ടപ്പെട്ടു. തങ്ങളുടെ ‘രാജാവിന്റെ മകന്‍’ ‘പ്രിന്‍സ്’ ന്റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രത്തിനായി ആരാധകര്‍ കാത്തിരുന്നു.

മോഹന്‍ലാല്‍ മീശയില്ലാത്ത ഗെറ്റപ്പിലെത്തിയ എല്ലാ ചിത്രങ്ങളും വമ്പന്‍ ഹിറ്റുകളായിരുന്നു. പഞ്ചാഗ്നി മുതല്‍ വാനപ്രസ്ഥം വരെയുള്ള എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ നെഞ്ചേറ്റി. ഒടിയനും പ്രതീക്ഷ തെറ്റിച്ചില്ല.

ആരാധകര്‍ അക്ഷമയോടെ കാത്തിരുന്നത് മാണിക്കനെ കാണാനായിരുന്നു. ചിത്രത്തിനായി മികച്ച ഹോംവര്‍ക്കാണ് ലാലേട്ടന്‍ അണിയറയില്‍ നടത്തിയത്. ശരീരഭാരം കുറയ്ക്കാനും സാഹസികത നിറഞ്ഞ രംഗങ്ങള്‍ ചെയ്യാനുമൊക്കെ താരം തയ്യാറായിരുന്നു. പുലിമുരുകന് ശേഷം മോഹന്‍ലാലും പീറ്റര്‍ ഹെയ്‌നും ഒരുമിച്ചെത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയും ഉണ്ട്.

ഹര്‍ത്താലായിട്ടും കേരളത്തില്‍ എല്ലായിടത്തും നേരത്തേ പ്രഖ്യാപിച്ചതു പോലെ തന്നെ അതിരാവിലെ ഒടിയന്റെ ഫാന്‍സ് ഷോ നടന്നു. ഹര്‍ത്താലെന്ന് കേട്ടാല്‍ ചിക്കന്‍ മേടിച്ച് അവധി ആഘോഷിക്കുന്ന മലയാളികള്‍ ഒടിയന്റെ റിലീസ് ദിവസമായതിനാല്‍ പതിവ് തെറ്റിച്ചു. രാത്രിതന്നെ ആരാധകര്‍ തിയേറ്റര്‍ പരിസരം കീഴടക്കി.

ഹര്‍ത്താലായതിനാല്‍ റിലീസ് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മുന്‍നിശ്ചയ പ്രകാരം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നത് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ആന്റണി പെരുമ്പാവൂര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ സിനിമയുടെ ആദ്യ ഷോ കാണാന്‍ എറണാകുളം കവിത തിയേറ്ററില്‍ എത്തിയിരുന്നു.

പാലക്കാട് അടിത്തറയായുള്ള ഒടിയന്റെ അതിഭാവുകത്വം നിറഞ്ഞ പഴങ്കഥകള്‍ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥാതന്തു. ചിത്രത്തിന്റെ ഒഴുക്ക് നിരീക്ഷിച്ചാല്‍ 2014 യില്‍ പുറത്തിറങ്ങിയ ലൂസി എന്ന ചിത്രവുമായി സാമ്യമുണ്ടോയെന്ന് പല അവസരങ്ങളിലും സംശയം തോന്നാം.

ഒടിമരുന്ന് നല്‍കുന്ന അമാനുഷിക ശക്തിയും രൂപം മാറാനുള്ള കഴിവും താരതമ്യം ചെയ്യുമ്പോള്‍ സമാനതതോന്നുന്നതും ചിലപ്പോള്‍ യാദൃശ്ചികമാകാം.ഒടിവിദ്യ പ്രയോഗിക്കുന്നതിനിടയില്‍ മാണിക്ക്യന്‍ രൂപം മാറുന്നുണ്ടെന്നും കാളയായാണ് മാറുന്നതെന്നുമുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഒടിയനായി അരങ്ങു തകര്‍ക്കുന്ന ലാലേട്ടനെ കാണാനായി പോയവരില്‍ മമ്മൂട്ടി ഫാന്‍സുമുണ്ടായിരുന്നു. കട്ട ഇക്ക ഫാന്‍സ് പോലും ഒടിയന്റെ റിലീസിനൊപ്പം നില്‍ക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ നിരാശരായവരില്‍ ഇക്ക ഫാന്‍സും ഏറെയുണ്ട്.

പതിവു പോലെ മഞ്ജു വാര്യര്‍ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രകാശ് രാജും സിദ്ധിക്കും ഇന്നസെന്റും എല്ലാം തങ്ങളുടെ ഭാഗം ഭദ്രമാക്കി.

ചിത്രത്തിലെ പാട്ടുകള്‍ പൊളിച്ചെന്ന് ആരാധകര്‍. ലാലേട്ടന്‍ പാടിയ പാട്ടിനാണ് ആരാധകര്‍ ഏറെ.

അതേസമയം, ഒടിയന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ അതിഗംഭീരമായെന്നും നിരാശപ്പെടുത്തിയെന്നും അമിത പ്രതീക്ഷ തിരിച്ചടിച്ചുവെന്നും അഭിപ്രായങ്ങള്‍. ചിത്രത്തിനെക്കുറിച്ചുള്ള തള്ള് കുറച്ച് കൂടിപ്പോയില്ലേയെന്നും പരക്കെ ആക്ഷേപമുണ്ട്.

റിലീസിന് മുന്‍പ് തന്നെ സിനിമയെക്കുറിച്ചുള്ള തള്ളും സാധാരണ പുറത്തുവരാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഇത്രയധികം തള്ളുമായി ഒരു സിനിമയെത്തുന്നത്. നിര്‍മ്മാതാവും സംവിധായകനും പ്രേക്ഷകരും അണിയറപ്രവര്‍ത്തകരും തള്ളാന്‍ മുന്നിലുണ്ടായിരുന്നു.

തുടക്കത്തില്‍ അതിഗംഭീരമെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ നെഗറ്റീവ് അഭിപ്രായങ്ങളും പുറത്തു വന്നുതുടങ്ങി. ഫാന്‍സിന് ആഘോഷിക്കാനൊന്നുമില്ലെന്നതാണ് പ്രധാന വിമര്‍ശനം. ലാഗെന്നു പറയുന്ന ആരാധകരും ഏറെയാണ്.

ഏതായാലും ശ്രീകുമാര്‍ മേനോന്റെ തള്ള് മാറ്റി നിര്‍ത്തി ചിത്രം കാണാന്‍ പോകണമെന്ന രഹസ്യ ഉപദേശം സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്.

3K Shares
Back to top button
Close