IndiaSpecial

വടിവാളുകൾക്കിടയിലൂടെ നടന്നു ; ഇപ്പോൾ രാഹുലിനു വേണ്ടി വാളൂരുന്നു

റെനഗേഡ്

കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുകൾ വരുമ്പോൾ മലയാളികൾ സ്ഥിരമായി ആഘോഷിക്കുന്ന ഒരു ട്രോളുണ്ട് . ഫലം വരുന്നതിന്റെ തലേ ദിവസം എന്താകും വരാൻ പോകുന്നതെന്ന് ചിന്തിച്ചിരിക്കുന്ന ബിജെപിക്കാർക്കും കോൺഗ്രസുകാർക്കുമിടയിൽ പറമ്പിൽ ഗോട്ടി കളിക്കുന്ന സിപിഎമ്മുകാരുടെ ചിത്രമാണത്. ആശങ്കകളില്ല , മറ്റ് ടെൻഷനുകളില്ല. നോട്ടയേക്കാൾ കൂടുതൽ വാങ്ങിയ സമീപകാല തെരഞ്ഞെടുപ്പുകളുമില്ല.. ആകെ മൊത്തം ബഹുരസമാണ് സിപിഎമ്മുകാരുടെ അവസ്ഥ.

ഈ സന്നിഗ്ദ്ധ ഘട്ടങ്ങളിലും കേരളത്തിലെ സിപിഎമ്മുകാർ മനസ്സിൽ താലോലിക്കുന്ന ഒരു സ്വപ്നമുണ്ട് . കണ്ണൂർ ജില്ലയിലെ പിണറായിയിൽ ജനിച്ച തങ്ങളുടെ പൊന്നോമന നേതാവ് ഒരിക്കൽ ഇന്ത്യൻ ഭരണ ചക്രം തിരിക്കുന്നതാണ് ആ സ്വപ്നം. ചെങ്കോട്ടയിൽ പതാക ഉയർത്തുന്ന കണ്ണൂരിന്റെ ചെന്താരകം. ആഹ ഹ എന്ത് മനോഹരമായ വിപ്ലവ സ്വപ്നമാണത് .

കേരളത്തിനു പുറത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കരിഷ്മ വ്യാപിപ്പിക്കാൻ അനുദിനം ബദ്ധശ്രദ്ധരാണ്‌ ഉപദേശകർ . ബിജെപിയോട് വിരോധമുണ്ടെങ്കിലും ഉള്ളിൽ മോദിയെ ആരാധിക്കുന്ന ചാനൽ മേധാവിയാണ് സഖാവിന്റെ ഇമേജ് ബിൽദ് ചെയ്യ്തെടുക്കാൻ ശ്രമിക്കുന്നത്. മദ്ധ്യ പ്രദേശിലും മംഗലാപുരത്തുമൊകെ പ്രസംഗിപ്പിച്ചും ദേശീയ വിഷയങ്ങളിൽ അഭിപ്രായം പറയിപ്പിച്ചുമൊക്കെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ.

എത്രയൊക്കെ അഭിനയിച്ചാലും ഉള്ളിലുള്ള ഫ്രോഡ് പുറത്തുവരുമെന്ന് ഏതോ സിനിമയിൽ പറയുന്നതു പോലെയാണ് സഖാവിന്റെ കാര്യം. അമേരിക്കയിൽ പോയി അവാർഡ് വാങ്ങി പിഞ്ഞാണം വിജയനെന്ന് പേരു കിട്ടിയതുമാത്രം മിച്ചം. കണ്ണൂർ വിമാനത്താവളത്തിന്റെ പരസ്യ ചിത്രത്തിൽ അഭിനയിപ്പിച്ചപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. ഏതെങ്കിലും കാരണവശാൽ വിമാനയാത്ര നടത്താൻ ആരെങ്കിലും വന്നാൽ തന്നെ സഖാവിന്റെ ക്രൗര്യത്തോടെയുള്ള സ്വാഗതം അവരെ കണ്ടം വഴി ഓടിക്കുമെന്നായിരുന്നു കണ്ടവരുടെയൊക്കെ അടക്കം പറച്ചിൽ.

എങ്കിലും എന്നെങ്കിലും ഒരു യഥാർത്ഥ ദേശീയ പാർട്ടിയാകണമെന്നാണ് മല്ലു സഖാക്കൾ മനസ്സു കൊണ്ടെങ്കിലും ഇപ്പോഴും ആഗ്രഹിക്കുന്നത്. പത്തുമുപ്പത്തഞ്ച് വർഷം ഭരിച്ച ബംഗാളിൽ ഉപ്പുവച്ച കലം പോലെയായി. കാൽ നൂറ്റാണ്ട് ഭരിച്ച ത്രിപുരയിലാകട്ടെ ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥികളെപ്പോലും കിട്ടാത്ത അവസ്ഥയിലുമാണ് . എങ്കിലും കുണ്ടുകിണറ്റിലെ തവളക്കുഞ്ഞിന് ഇപ്പോഴും കുന്നിനു മീതെ പറക്കാനുള്ള മോഹത്തിനു കുറവൊന്നുമില്ല.

കേരളത്തിൽ തമ്മിൽ കണ്ടാൽ ഇത്തിരി സൗന്ദര്യപ്പിണക്കങ്ങളൊക്കെയുണ്ടെങ്കിലും ബിജെപിക്കെതിരെ എന്ന പേരിൽ മറ്റ് സംസ്ഥാനങ്ങളിൽ കിടക്ക പങ്കിടുകയാണ് കോൺഗ്രസും സിപിഎമ്മും . ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കോൺഗ്രസിനോടൊരു സംബന്ധത്തിനു നേരത്തെ തന്നെ താത്പര്യമുണ്ട്. രാഹുൽ ഗാന്ധിയെ സ്വന്തം മരുമകനെപ്പോലെയാണ് ടിയാൻ കാണുന്നതും. എന്നാൽ കേരളത്തിലെ കാര്യമോർത്തു മാത്രമാണ് പരസ്യമായ ഒരു ബാന്ധവത്തിന് സിപിഎം മുതിരാത്തത്.

അങ്ങനെയിരിക്കെ തമിഴ്നാട്ടിൽ കലൈഞ്ജർ കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ സഖാവ് പിണറായിയേയും ക്ഷണിച്ചു. ദേശീയ പ്രാധാന്യമുള്ള ചടങ്ങായതിനാൽ ഇടതിന്റെ ഒരേയൊരു മുഖ്യമന്ത്രിയേയും കൊണ്ട് ഉപദേശകർ ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനത്തേക്കെത്തി. സോണിയ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ പിണറായി സഖാവിനെ സാക്ഷിയാക്കി കരുണാനിധിയുടെ നേർമകൻ അവിടെ വെച്ച് പ്രധാനമന്ത്രിയെ സ്ഥാനാർത്ഥിയെ പരസ്യമായി പ്രഖ്യാപിച്ച് വാളൂരി.

സ്റ്റാലിന്റെ പ്രഖ്യാപനം കേട്ട് ഞെട്ടിപ്പോയതാണോ എന്നറിയില്ല വടിവാളുകൾക്കിടയിലൂടെ നടന്നയാൾ ഉറയിൽ നിന്ന് വാളൂരാൻ ലേശം താമസിച്ചു. എങ്കിലും തൊട്ടടുത്തു നിന്ന രാഹുലനെ സാക്ഷി നിർത്തി സകല ശക്തിയുമെടുത്തുയർത്തി. അങ്ങനെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വാളുയർത്തി സഖാവ് പിണറായിയും പിന്തുണ കൊടുത്തു. തിരിച്ച് കേരളത്തിലെത്തി അപ്പാവി പ്രതിപക്ഷനേതാവിനിട്ട് രണ്ട് കൊട്ടു കൊടുക്കുമ്പോൾ പ്രബുദ്ധ ജനം അതൊക്കെ മറക്കുമല്ലോ എന്ന് കരുതിക്കാണണം.

എന്തായാലും ഇനി സ്റ്റാലിനൊപ്പം കോറസ്സായി പിണറായിക്കും ചേരാം.. ഏറ്റുപാടാം ..

രാഹുൽ ഗാന്ധിയേ വരിക ! നല്ല ഭരണം തരിക !

4K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close