ബീജിംഗ് : ഇന്ത്യയിൽ നിരവധി മൊബൈൽ ഫോണുകൾ വിറ്റഴിച്ചിട്ടുള്ള ചൈനീസ് കമ്പനി ജിയോണി പാപ്പർ ഹർജി ഫയൽ ചെയ്തു. താങ്ങാനാകാത്ത കടം കയറിയതിനെ തുടർന്നാണ് കമ്പനി ഹർജി ഫയൽ ചെയ്തത്. 20.2 മില്യൺ യുവാൻ കടത്തിലാണ് കമ്പനി ഇപ്പോൾ. 2013 മുതൽ 2015 വരെ മാസം 14.4 മില്യൺ യുഎസ് ഡോളർ കടത്തിലായിരുന്നു കമ്പനി പ്രവർത്തിച്ചിരുന്നതെന്ന് ചെയർമാൻ ലിയു ലിറൊംഗ് കോടതിയിൽ വ്യക്തമാക്കി.
അതേസമയം ചെയർമാൻ ലിറോംഗിന്റെ ചൂതുകളി ഭ്രമമാണ് കമ്പനിയെ നഷ്ടത്തിലാക്കിയതെന്ന് സൂചനയുണ്ട്. 1.4 ബില്യൺ യു.എസ് ഡോളറാണ് ലിയു ചൂതു കളിച്ച് നഷ്ടപ്പെടുത്തിയത്. കമ്പനിയുടെ പണമെടുത്ത് ചൂതു കളിച്ചിട്ടില്ലെന്നാണ് ലിയുവിന്റെ നിലപാട്. എന്നാൽ കമ്പനിയുടെ ഫണ്ട് കടം വാങ്ങിയിട്ടുണ്ടാകാമെന്ന് സമ്മതിക്കുകയും ചെയ്തു.
ഈ വർഷമാദ്യം ഇന്ത്യയിൽ 650 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ജിയോണി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ആദ്യ അഞ്ച് സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നായി മാറുമെന്നും അവകാശപ്പെട്ടു. എന്നാൽ പരസ്യത്തിനും അസംസ്കൃത വസ്തുക്കളുടെ വിതരണക്കാർക്കും പണം കൊടുക്കാനില്ലാതെ കുഴങ്ങുകയാണ് കമ്പനി. ഇരുപതോളം വിതരണക്കാർ കമ്പനിക്കെതിരെ കോടതിയെ സമീപിച്ചുകഴിഞ്ഞു. അടുത്ത അഞ്ചു വർഷത്തിനകം നഷ്ടപ്പെട്ടതെല്ലാം കമ്പനി തിരിച്ചു പിടിക്കുമെന്നാണ് ചെയർമാന്റെ വാദം.















