കന്നടയില്‍ നിന്നുള്ള ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നു. ഒരാഴ്ച കൊണ്ടുതന്നെ നൂറുകോടി ക്ലബിലെത്തിയെന്നതാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
യാഷ് എന്ന യുവതാരത്തെ കേന്ദ്രകഥാപാത്രമാക്കി ഒന്നിലധികം ഭാഗങ്ങളില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് കെജിഎഫ് ചാപ്പ്റ്റര്‍ 1.
പ്രശാന്ത് നീലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മാസ് ഡയലോഗുകളും സംഘട്ടന രംഗങ്ങളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
കോളാര്‍ സ്വര്‍ണ്ണ ഖനിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഗ്യാങ്ങ്സ്റ്റര്‍ ചിത്രമാണ് കെജിഎഫ്. ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രമായ റോക്കിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ചിത്രത്തില്‍ പത്രപ്രവര്‍ത്തകനായി എത്തുന്ന ആനന്ദ് എന്ന കഥാപാത്രത്തിലൂടെയാണ് സംവിധായകന് കഥ അവതരിപ്പിക്കുന്നത്.
ശ്രീനിധി ഷെട്ടിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാധാരണ അന്യഭാഷാ ചിത്രങ്ങളെപ്പോലെത്തന്നെ നായികകഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല. ചിത്രം ഫോക്കസ് ചെയ്തിരിക്കുന്നത് നായകനെ തന്നെയാണ്.
രാത്രിയുടെ മറവില്‍ ചിത്രീകരിച്ചിരിക്കന്ന സംഘട്ടന രംഗങ്ങള്‍ പലതും പ്രേക്ഷകരുടെ കൈയടി വാങ്ങി. ഭുവന് ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം അവസാനിക്കുമ്പോള്‍ രണ്ടാം ഭാഗത്തിനായി കാത്തിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.