Special

‘ഇതാണിതാണു കാണുവിന്‍!’ ഗാനമിപ്പോള്‍ നമ്മുടെയെല്ലാം പൊതുസ്വത്താണ്: കാണാപ്പുറം നകുലൻ

കാണാപ്പുറം നകുലനുമായി വായുജിത് നടത്തുന്ന അഭിമുഖം

(ഇതാണിതാണു കാണുവിന്‍ എന്നാരംഭിക്കുന്ന ശരണഗീതത്തിന്റെ രചയിതാവും മുന്‍‌ബ്ലോഗറുമായ കാണാപ്പുറം നകുലനുമായി ജനം ടിവി ഡോട് കോമിന് വേണ്ടി നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍. ശബരിമലയിലെ സംഭവവികാസങ്ങളും അവയ്ക്കു പിന്നിലെ രാഷ്ട്രീയവുമെല്ലാം പ്രതിപാദിക്കുന്ന അഭിമുഖസംഭാഷണം നടത്തുന്നത് വായുജിത്.)

നമസ്തേ നകുലേട്ടാ, ജനം ടിവിയിലേക്ക് സ്വാഗതം.

നമസ്തേ വായുജിത്. ഇടയ്ക്കൊക്കെ നാട്ടിലെത്തുമ്പോള്‍ ഒരിക്കലെങ്കിലും ജനം ടിവി സന്ദര്‍ശിക്കണമെന്നത് കുറേക്കാലമായുള്ള ആഗ്രഹമായിരുന്നു. അവസരം തന്നതിനു നന്ദി.

പാട്ട് വമ്പന്‍ ഹിറ്റാണല്ലോ

വളരെ സന്തോഷമുണ്ട്. ജനം ടിവിയ്ക്ക് അഭിനന്ദനങ്ങളും നന്ദിയും!

ആ പാട്ട് ഒരിക്കലെങ്കിലും മുഴങ്ങാത്ത ഹിന്ദുഭവനങ്ങളുണ്ടാവുമോ എന്നു പോലും സംശയിക്കണം. ഇത്രമേല്‍ സ്വീകാര്യത അതിനു കൈവരുമെന്നു പ്രതീക്ഷിച്ചിരുന്നോ?

ഒരിക്കലുമില്ലെന്നു മാത്രമല്ല – അത്തരമൊരു ചോദ്യം തന്നെ തികച്ചും അപ്രസക്തമാണെന്നു പറയേണ്ടിവരും. കാരണം, കഴിഞ്ഞ വിജയദശമി നാളില്‍, രോഗഗ്രസ്തനായി അശുപത്രിയില്‍ കിടക്കവേ, ഒരു സുഹൃത്തിന്റെ ആവശ്യപ്രകാരം കുറിച്ചിട്ട ഏതാനും വരികള്‍ മാത്രമായിരുന്നു അത്. ഓണ്‍ലൈനിലെ പ്രമുഖബൌദ്ധികസാന്നിദ്ധ്യവും സുഹൃത്തുമായ കാളിയമ്പിയായിരുന്നു ഒരു പാട്ടു തരാമോ എന്നു ചോദിച്ചു മെസ്സേജ് അയച്ചത്. മനസ്സില്‍ വന്ന വരികള്‍ അദ്ദേഹത്തിന് അയച്ചു കൊടുത്തതോടെ കഴിഞ്ഞു എന്നു കരുതിയതാണ്.

മറ്റൊരു സുഹൃത്തായ ശക്തികുമാറാണ് ആ പാട്ട് പുറം ലോകം കണ്ടേ മതിയാകൂ എന്നു ശഠിച്ച് ചില സുഹൃദ്‌വേദികളില്‍ അതൊരു ചര്‍ച്ചയാക്കിയത്. പിന്നീട് ജിബി ഗോപാലന്‍ അത് ഏറ്റെടുത്ത് അതിന് അത്യുജ്ജ്വലമായ ഈണവും പശ്ചാത്തലസംഗീതവും നല്‍കി. അങ്ങനെ നിര്‍മ്മിക്കപ്പെട്ട ഗാനത്തിന് ജനം ടിവി വിഷ്വലുകള്‍ ചേര്‍ത്തു മനോഹരമാക്കി പ്രക്ഷേപണം ചെയ്തു. പിന്നീടത് കൈവിട്ടു പോയി. അതിപ്പോള്‍ നമ്മുടെയെല്ലാം ഒരു പൊതു സ്വത്തെന്നു മാത്രമേ കണക്കാക്കേണ്ടൂ. അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഏതോ ചില നിയോഗത്താല്‍ അതില്‍ പ്രവര്‍ത്തിക്കാന്‍ നിമിത്തമായി എന്നു മാത്രമേ കരുതേണ്ടൂ.

എന്താണ് ശരിക്കും ശബരിമലയിലെ പ്രശ്നം? എന്തുകൊണ്ടാണ് ആളുകള്‍ക്ക് സമരം ചെയ്യേണ്ടി വരുന്നത്? വ്യക്തിപരമായ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കാമോ?

ഒരു പാട് ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഇതെല്ലാം. വ്യക്തിപരമായ നിരീക്ഷണങ്ങള്‍ ആകാം.

അടുത്തകാലം വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അവിടുത്തെ ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ എന്താണെന്നു യാതൊരു ബോദ്ധ്യവുമില്ലാതെ, ശബരിമലയേക്കുറിച്ചു പോയിട്ട് കേരളത്തേക്കുറിച്ചുപോലും കേട്ടറിവു മാത്രമല്ലാതെ മറ്റൊന്നും ഇല്ലാതിരുന്ന ചിലര്‍, തികഞ്ഞ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ നടത്തിയ ഒരു നീക്കമാണു തുടക്കം. ശബരിമലയില്‍ ലിംഗവിവേചനമുണ്ടെന്നു തെറ്റിദ്ധരിച്ച് കോടതിയെ സമീപിച്ച ഹര്‍ജിക്കാര്‍ പിന്നീട് തെറ്റു മനസ്സിലാക്കി തിരുത്താന്‍ നോക്കിയെങ്കിലും വൈകിപ്പോയി. കമ്യൂണിസ്റ്റുകള്‍ അവസരം നല്ലരീതിയില്‍ മുതലെടുക്കാനായി തങ്ങളാലാവുന്നതെല്ലാം പരമാവധി ചെയ്തു. പ്രതികൂലമായ തീരുമാനങ്ങളൊന്നും ഒരിക്കലും കോടതിയില്‍ നിന്നു പ്രതീക്ഷിക്കാതിരുന്നതുകൊണ്ടുകൂടിയാവണം, ഹിന്ദുസമൂഹവും ഇക്കാര്യത്തില്‍ അജ്ഞതയും അവധാനതയും പുലര്‍ത്തിയെന്നു വേണം കരുതാന്‍.

നിര്‍ഭാഗ്യവശാല്‍, ഹര്‍ജിക്കാരെപ്പോലെ തന്നെ കേരളത്തിനു പുറത്തുനിന്നുള്ളവരായിരുന്നതിനാല്‍ കാര്യങ്ങളുടെ കിടപ്പിനേക്കുറിച്ചു വശമില്ലാതിരുന്ന ന്യായാധിപന്മാരെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ എതിര്‍കക്ഷികള്‍ പരാജയപ്പെട്ടു. ഒടുവില്‍, ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെടാനും അതുവഴി ക്ഷേത്രചൈതന്യവും ആ ക്ഷേത്രം തന്നെയും നശിക്കാനും ഇടയാകുന്ന വിധത്തില്‍ ഒരു കോടതി വിധി വന്നപ്പോള്‍ ജനങ്ങള്‍ ആശങ്കാകുലരായി. അവരെ രക്ഷിക്കാനായി മുന്നോട്ടു വരേണ്ട ഭരണകൂടം അവരെ കൂടുതല്‍ പീഢിപ്പിക്കുവാനായി പലതും ചെയ്യുന്ന അവസ്ഥ വന്നു. യുവതികള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ നിര്‍ബന്ധമില്ലെന്ന വിധിയില്‍ ‌പിടിച്ച് അമിതോത്സാഹത്തോടെ യുവതീപ്രവേശനത്തിനായി അവര്‍ ഒത്താശ ചെയ്യുന്നു. ഗത്യന്തരമില്ലാതെ ഭക്തര്‍ സമരത്തിനു നിര്‍ബന്ധിതരാകുന്നു.

സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ചിന്റേതാണല്ലോ വിധി?

സത്യത്തില്‍ ഇവിടെ സുപ്രീം കോടതിയോ ഭരണഘടനയോ ഒന്നും കടന്നു വരേണ്ട കാര്യം പോലുമുണ്ടായിരുന്നതല്ല. അത്തരമൊരു സ്ഥിതിവിശേഷം സംജാതമായതു തന്നെ നിര്‍ഭാഗ്യകരമായിപ്പോയി. ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്ന മൂര്‍ത്തിയ്ക്ക് ഒരു പ്രത്യേകഭാവം കല്പിച്ചിരിക്കുന്ന മിക്കവാറും ക്ഷേത്രങ്ങളിലൊക്കെ അതിനനുസരിച്ചുള്ള ആചാരവ്യതിയാനങ്ങളും ചില്ലറ നിയന്ത്രണങ്ങളുമൊക്കെ ഉണ്ടായിരിക്കുമെന്നത് സ്വാഭാവികമാണ്. സ്ത്രീകള്‍ മാത്രം പൂജ നടത്തുന്ന ക്ഷേത്രങ്ങളുണ്ട്. സ്ത്രീകള്‍ക്കു മാത്രം പ്രവേശിക്കാവുന്ന ചടങ്ങുകളുണ്ട്. അങ്ങനെ പലതുമുണ്ട്. യോഗീഭാവത്തില്‍ തപസ്സനുഷ്ഠിക്കുന്ന ബ്രഹ്മചാരിയായ അയ്യപ്പനെയാണ് കാനനക്ഷേത്രമായ ശബരിമലയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതുകൊണ്ടാണ് യൌവനകാലത്ത് പെണ്‍ഭക്തര്‍ ദര്‍ശനത്തിനെത്താതിരിക്കണം എന്നൊരു വിശ്വാസമുണ്ടായത്. ഇതൊക്കെ ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്ന സംഗതികള്‍ മാത്രമാണ്. മറ്റ് അയ്യപ്പക്ഷേത്രങ്ങളില്‍ അങ്ങനെയൊരു നിയന്ത്രണമില്ല. ശബരിമലയില്‍ത്തന്നെയും, സ്ത്രീപ്രവേശനം നിഷിദ്ധമെന്ന വിശ്വാസമില്ല. യുവതികളുടെ കാര്യത്തില്‍ മാത്രമേ അങ്ങനെയൊരു വിശ്വാസം നിലവിലുള്ളൂ.

അത്തരമൊരു വിശ്വാസത്തെ, കാലങ്ങളായി തുടര്‍ന്നു പോരുന്ന നൂറൂശതമാനം നിര്‍ദ്ദോഷമായ ഒരു ആചാരത്തെ നശിപ്പിക്കണമെന്നു പറയുമ്പോള്‍ അതല്ലേ വാസ്തവത്തില്‍ ഭരണഘടനാവിരുദ്ധമാകേണ്ടത് എന്നു സംശയിച്ചുപോകുന്നു. ഇത് ആരാധനാസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലേയെന്നു സംശയിക്കണം. അയ്യപ്പനെ ദൈവമായിക്കണ്ട് ആരാധിക്കുന്ന വലിയൊരു വിഭാഗം ആളുകളുടെ ആരാധനാ/വിശ്വാസസ്വാതന്ത്യവും, ‘എന്റെ ഗുഹ്യഭാഗത്തേയ്ക്കു നോക്കുന്നതെന്തിനാ ദൈവമേ‘ എന്നും ‘അയ്യപ്പനെന്താ കണ്ട്രോള്‍ പോകുമോ‘ എന്നുമൊക്കെ പുലമ്പുന്ന അവിശ്വാസികളായ വളരെച്ചെറിയൊരു വിഭാഗം യുവതികളുടെ സഞ്ചാരസ്വാതന്ത്യവും തമ്മിലുള്ള ഒരു കോണ്‍ഫ്ലിക്റ്റ് ആണ് ഇവിടെ. ഇതു രണ്ടെണ്ണത്തില്‍ ഏതു സ്വാതന്ത്ര്യമായിരിക്കണം അനുവദനീയമെന്നതറിയാന്‍ നിയമപരിജ്ഞാനത്തേക്കാളുപരി സാമാന്യബോധവും ധാര്‍മ്മികതയുമാണെന്നു തോന്നുന്നു ഒരാള്‍ക്ക് ഉണ്ടായിരിക്കേണ്ടത്.

ഒരു ദിവസം യുവതികള്‍ക്കു മാത്രം പ്രവേശനം അനുവദിക്കാമെന്നൊക്കെയാണല്ലോ ഒരു പരിഹാരമെന്ന നിലയില്‍ ചിലര്‍ നിര്‍ദ്ദേശിക്കുന്നത്.

ആലോചിച്ചു നോക്കൂ. എന്തൊരു വിഡ്ഡിത്തമാണത്! അതെന്താ ആചാരലംഘനത്തിനു മാത്രമായി ഒരു ദിവസമോ? പിന്നീടുളള ദിവസങ്ങളില്‍ പിന്നെ അമ്പലം തുറന്നു വച്ചിട്ട് എന്തു കാര്യം? എന്താണ് അവിടുത്തെ ആചാരമെന്നും വിശ്വാസമെന്നുമൊക്കെയുള്ള അടിസ്ഥാനകാര്യങ്ങള്‍ പോലും മനസ്സിലാക്കാത്തവരാണ് ഇതിലെല്ലാം അഭിപ്രായം പറയാന്‍ നില്‍ക്കുന്നത് എന്നതു വളരെ സങ്കടകരമാണ്.

ശബരിമലയിലെ ക്ഷേത്രം ഇത്രയും കാലം നിലനിന്നിരുന്നതു പോലെ പരിപാവനമായ ഒരു ഹിന്ദുക്ഷേത്രമായി – ആരാധനാലയമായി – തീര്‍ത്ഥാടനകേന്ദ്രമായി-ത്തന്നെ നിലനിര്‍ത്തണോ അതോ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ചെന്നു കയറാവുന്ന കേവലമൊരു വിനോദസഞ്ചാരകേന്ദ്രം മാത്രമായി മാറ്റണോ എന്നതാണ് ഇവിടുത്തെ ചോദ്യം. ശബരിമലയെ തകര്‍ക്കരുതെന്നും അതൊരു തീര്‍ത്ഥാടനകേന്ദ്രമായിത്തന്നെ നിലനിര്‍ത്തണമെന്നും ആഗ്രഹിക്കുന്ന ഇവിടുത്തെ ഹിന്ദുമതവിശ്വാസികള്‍ക്ക് ഒപ്പമാണ് ഞാനും. അവരുടെ എല്ലാവിധ സഹനസമരങ്ങള്‍ക്കും സമ്പൂര്‍ണ്ണമായ ഐക്യദാര്‍ഢ്യവും.

എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ സമരം ചെയ്യുന്നത് എന്നൊക്കെ ഇടതുപക്ഷത്തുള്ള ചിലര്‍ ചോദിക്കുന്നു? തങ്ങള്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നല്ലേയുള്ളൂ – അപ്പോള്‍ കോടതിക്കെതിരെയല്ലേ പ്രതിഷേധം വേണ്ടത് എന്നൊക്കെ?

പണ്ടൊക്കെയാണെങ്കില്‍ ഇത്തരം ചില ചോദ്യങ്ങള്‍ കൊണ്ട് ആളുകളെ ആശയക്കുഴപ്പത്തില്‍ ചാടിക്കാമായിരുന്നു. ഇന്നു പക്ഷേ ആളുകള്‍ കുറേക്കൂടി ചിന്താശേഷി പ്രകടിപ്പിക്കുന്നുണ്ട്.

കോടതി വിധിക്കെതിരെ നിയമപരമായി എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ആളുകള്‍ ചെയ്യുന്നുണ്ട്. അവരതിന്റെ ബാക്കി നോക്കിക്കോളും. കോടതിക്കെതിരെ സമരം നടത്തുകയും അധിക്ഷേപിക്കുകയുമൊക്കെ ചെയ്യുന്നത് പൊതുവെ കമ്മ്യൂണിസ്റ്റു പാരമ്പര്യമാണ്. ഇന്നാട്ടിലെ ഹിന്ദുമതവിശ്വാസികള്‍ക്ക് ആ സ്വഭാവമില്ല.

അതവിടെ നില്‍ക്കട്ടെ. സമരം എന്തു കൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെയാകുന്നു എന്നതിനു വ്യക്തമായ ഉത്തരമുണ്ട്. കോടതി വിധി ഒരു ഇടിത്തീ പോലെയാണ് ജനങ്ങളുടെ മേല്‍ വീണത്. അവരെ ആശ്വസിപ്പിക്കാനും രക്ഷിക്കാനുമായുള്ള നടപടികള്‍ ചെയ്യേണ്ടത് ഇന്നാട്ടിലെ ഭരണകൂടമാണ്. വിധി നടപ്പിലാക്കുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് സര്‍ക്കാറാണ്. കുറഞ്ഞ പക്ഷം സാവകാശം തേടുകയെങ്കിലും ചെയ്യാമായിരുന്നു. പ്രളയാനന്തരസാഹചര്യത്തില്‍ പ്രത്യേകിച്ചും. വിധിയ്ക്കു ശേഷം അടുത്ത ഒരു ആക്ഷന്‍ എടുക്കേണ്ടത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെന്നു വരുമ്പോള്‍, അവരതിനു തയ്യാറാകാതെയും വരുമ്പോള്‍, സ്വാഭാവികമായും അവര്‍ക്കെതിരെ സമരം ചെയ്യേണ്ടി വരുന്നു.

സുപ്രീം കോടതി വിധിയല്ലേ – നടപ്പാക്കിയല്ലേ പറ്റൂ – ഞങ്ങളെന്തു ചെയ്യാനാണ് – എന്ന മട്ടില്‍ കൈ കഴുകാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകള്‍ക്കു നേരേ ജനം കൂവിയാര്‍ക്കുന്നത് നാം കണ്ടതാണ്. മറ്റനവധി സമയങ്ങളില്‍ വിധി മറികടക്കാനായുള്ള എല്ലാ മാര്‍ഗ്ഗങ്ങളും തേടിയ ഇടതുപക്ഷസര്‍ക്കാറാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇപ്പോളവര്‍ കൈ കഴുകുന്നതു നൂറുശതമാനം പരിഹാസ്യമാണ്. മാത്രവുമല്ല – കേസിന്റെ നാള്‍ വഴികള്‍ പരിശോധിച്ചാല്‍, സത്യവാങ്‌മൂലം തിരുത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ , നമുക്കു വ്യക്തമാകും ഇടതുപക്ഷം തന്നെ വിത്തിട്ട്, അവര്‍ തന്നെ വെള്ളമൊഴിച്ചു വളര്‍ത്തിയെടുത്ത ഒരു വിധിയാണിതെന്ന്.

അപ്പോള്‍, തങ്ങള്‍ തന്നെ വളരെ കഷ്ടപ്പെട്ട് സൃഷ്ടിച്ചെടുത്ത ഒരു വിധി – അത് ആഘോഷപൂര്‍വ്വം നടപ്പാക്കാന്‍ ശ്രമിക്കുക. അതാണ് ഇടതുപക്ഷം ചെയ്യുന്നത്. ഇവിടുത്തെ ആര്‍ജ്ജവമുള്ള ഹിന്ദുസമൂഹം അതു ചെറുത്തു തോല്‍പ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

കോടതിവിധി വന്നതിനു ശേഷം ഇത്രയും നാളുകളായല്ലോ ആളുകള്‍ ഇങ്ങനെ പരാതിപ്പെട്ടു തെരുവിലിറങ്ങിത്തുടങ്ങിയിട്ട്. ഇക്കാലയളവിനുള്ളില്‍ ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ എങ്കിലും ആശ്വാസം പകര്‍ന്നുകൊണ്ട്, ഭക്തരുടെ വികാരം മനസ്സിലാക്കുന്നുവെന്നും അവരുടെ വിഷമങ്ങള്‍ ഒക്കെ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും ഒക്കെയുള്ള കേവലസൂചനകള്‍ എങ്കിലും കൊടുത്തിട്ടുള്ള ഒരു കമ്മ്യൂണിസ്റ്റു നേതാവിനെ കാണിച്ചു തരാമോ?

ഇനി, അതു പോലും വേണ്ടെന്നു വച്ച് പ്രതീക്ഷകള്‍ അല്പം കൂടി താഴ്ത്തിവച്ചാല്‍, ഏറ്റവും കുറഞ്ഞ പക്ഷം, ഹിന്ദുമതവിശ്വാസികളേയും ആചാരങ്ങളേയും ആചാര്യന്മാരേയും തന്ത്രിയേയുമെല്ലാം അധിക്ഷേപിക്കാതെയെങ്കിലും ഇരുന്നു കൂടേ? അതു പോലും ചെയ്യുന്നില്ല കമ്മ്യൂണിസ്റ്റുകള്‍. ശബരിമലവിശ്വാസത്തേയും വിശ്വാസികളേയും അധിക്ഷേപിക്കാനുള്ള അവരുടെ അത്യുത്സാഹം അങ്ങേയറ്റം പ്രകടമാണ്.

ചുരുക്കിപ്പറഞ്ഞാല്‍, ആരെയും ഉപദ്രവിക്കാന്‍ ആഗ്രഹിക്കാത്ത ഇവിടുത്തെ പാവപ്പെട്ട ഹിന്ദുമതവിശ്വാസികളെ എല്ലാ അര്‍ത്ഥത്തിലും യാതൊരു ദാക്ഷിണ്യവുമില്ലാതെ ഉപദ്രവിക്കുന്നത് കമ്മ്യൂണിസ്റ്റുകളാണ്. അവരുടെ ക്രൂരപ്രവൃത്തികളാണ് ചെറുക്കപ്പെടേണ്ടത്. അതുകൊണ്ടാണ് സമരങ്ങള്‍ അവര്‍ക്കെതിരെയാകുന്നത്. ഇതു മനസ്സിലാക്കാന്‍ കേവലമായ സാമാന്യബോധം മാത്രം മതിയാകും.

വിശ്വാസികളായ യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ തടയാന്‍ പാടുണ്ടോ എന്നു ചോദിക്കുന്നവരോട് എന്താണു പറയാനുളളത്?

ഇതിന്റെ മറുപടി ദയവായി വളരെ വ്യക്തമായി ശ്രവിക്കണം. തലച്ചോറിനുള്ളില്‍ പരമാവധി ആഴത്തില്‍ പതിപ്പിക്കുകയും വേണം. ചിന്തിക്കുവാനുള്ള ആളുകളുടെ മടിയും അലസതയുമൊക്കെയാണ് ഇടതുപക്ഷം എക്കാലവും മുതലെടുക്കുന്നത്. കാര്യങ്ങള്‍ ഇനിയും വ്യക്തമായി മനസ്സിലാക്കാത്തവരാണ് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.

എന്താണ് ഇവിടുത്തെ വിശ്വാസം? അത് ആദ്യം മനസ്സിലായാലല്ലേ വിശ്വാസികളെയും അവിശ്വാസികളേയും വേര്‍തിരിച്ചറിയാന്‍ പറ്റൂ? താപസഭാവത്തില്‍, ബ്രഹ്മചര്യമനുഷ്ഠിച്ച്, ഉപവിഷ്ടനായിരിക്കുന്ന മൂര്‍ത്തിയെയാണ് ശബരിമലയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും, യൌവ്വനകാലത്ത് സ്ത്രീകള്‍ സന്ദര്‍ശനം ഒഴിവാക്കണം എന്നുമാണ് വിശ്വാസം. അത് മനസ്സിലാക്കി, അതിനനുസരിച്ച് പെരുമാറാന്‍ തയ്യ‍ാറുള്ളവരാണ് വിശ്വാസികള്‍. അല്ലാത്തവര്‍ അവിശ്വാസികളും. അപ്പോള്‍പ്പിന്നെ ‘വിശ്വാസികള്‍ ദര്‍ശനത്തിനെത്തിയാല്‍’ എന്ന പ്രയോഗം തന്നെ പമ്പരവിഡ്ഢിത്തമായി മാറുന്നു. വിശ്വാസികള്‍ എങ്ങനെ ദര്‍ശനത്തിനെത്തും? അപ്പോള്‍ അവര്‍ അവിശ്വാസികളായി മാറില്ലേ? ‘ജീവനുള്ള ജഢം എങ്ങനെ സംസ്ക്കരിക്കണം ‘ എന്നൊക്കെ ചോദിക്കുന്നതു പോലെ, അര്‍ത്ഥരഹിതമായ, മറുപടി പറയാന്‍ ബുദ്ധിമുള്ള അസംബന്ധചോദ്യമാണത്.

ഇവിടെ ആകെ രണ്ടു തരത്തിലുള്ള യുവതികളേ ഉള്ളൂ. ഒന്നാമത്തെ വിഭാഗം – വിശ്വാസികള്‍. അവരേക്കൊണ്ട് ആര്‍ക്കും ഒരു ഉപദ്രവവുമില്ല. അവര്‍ ഒരു കാരണവശാലും ശബരിമലയില്‍ ദര്‍ശനത്തിന് എത്തില്ല. കാരണം അവര്‍ വിശ്വാസികളാണ്. രണ്ടാമത്തെ വിഭാഗം – അവിശ്വാസികള്‍. അവര്‍ക്ക് ശബരിമലയിലെ മൂര്‍ത്തീസങ്കല്പത്തിലൊന്നും വിശ്വാസമില്ല.

ഈപ്പറഞ്ഞ രണ്ടാമത്തെ കൂട്ടരെ (അവിശ്വാസികള്‍) പിന്നെയും രണ്ടായി തിരിക്കാം. ഒന്ന് – അവിശ്വാസികളാണെങ്കിലും ദര്‍ശനത്തിനു മുതിരാത്തവര്‍. അവരേക്കൊണ്ടും ആര്‍ക്കും ഒരു ഉപദ്രവവും ഇല്ല. ഹിന്ദുമതവിശ്വാസികളേ അല്ലാത്തവര്‍, വെറുതെ ഒരു കൌതുകത്തിനു വേണമെങ്കില്‍ പിക്‍നിക്കു പോലെ ശബരിമലയിലൊന്നു പോയാല്‍ കൊള്ളാമെന്നുണ്ടെങ്കിലും വെറുതെ ആളുകളെ ഉപദ്രവിക്കുന്നതെന്തിനാണെന്നു കരുതി മര്യാദ കാണിക്കുന്നവര്‍ – തുടങ്ങിയ ആളുകളെല്ലാം ഈ ഗണത്തില്‍ വരും. രണ്ട് – അവിശ്വാസികളില്‍ത്തന്നെ ശബരിമലയില്‍ പോകണമെന്ന് ശാഠ്യം പിടിക്കുന്നവര്‍. മൈക്രോസ്കോപിക് മൈനോരൊറ്റി ആണെങ്കില്‍പ്പോലും ഇക്കൂട്ടരേക്കൊണ്ട് വലിയ പാടാണ്. ധാരാളമാളുകള്‍ കണ്ണീര്‍ പൊഴിക്കേണ്ടി വരുന്നുണ്ട് ഇവരേക്കൊണ്ട്. ഒരുപാട് ആളുകളുടെ productive hours നഷ്ടപ്പെടുന്നുണ്ട്. രാജ്യത്തിന് ധനനഷ്ടവുമുണ്ട്.

അവസാനത്തെ ഈ ചെറുവിഭാഗത്തില്‍ത്തന്നെ പിന്നെയും അവാന്തരവിഭാഗങ്ങളുണ്ട്. കാര്യമെന്താണെന്ന് ഇനിയും മനസ്സിലാക്കാതെ എടുത്തു ചാടിയിറങ്ങുന്ന കമ്മ്യൂണിസ്റ്റു പശ്ചാത്തലമുളള ചില യുവതികള്‍, അര്‍ത്ഥരഹിതമായ വാദങ്ങളുമായി ചില ആക്റ്റിവിസ്റ്റുകള്‍, വെറുതെ പേരെടുക്കാനും മാദ്ധ്യമശ്രദ്ധ കിട്ടാനുമായി ഇറങ്ങുന്നവര്‍, മറ്റു നിഗൂഢതാല്പര്യങ്ങള്‍ ഉളളവര്‍, അവനവനു തീരെ താല്പര്യം ഇല്ലെങ്കിലും സഖാവായ ഭര്‍ത്താവിന്റെയോ സഹോദരന്റെയോ നിര്‍ബന്ധബുദ്ധി ഒന്നുകൊണ്ടു മാത്രം ആളുകളെ ബുദ്ധിമുട്ടിക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍, അങ്ങനെ പലരും.

ഫാന്‍സിഡ്രസ് മത്സരത്തില്‍ പങ്കെടുക്കാനെന്നോണം കറുത്ത വസ്ത്രവും മാലയുമൊക്കെയിട്ട് ‘സ്വാമിയേ – സിന്ദാബാദ്’എന്ന മട്ടില്‍ വിപ്ലവശരണം വിളിക്കുന്ന ഇടത് ആക്റ്റിവിസ്റ്റുകള്‍ ഒന്നടങ്കം അവിശ്വാസികളാണ്. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കണം എന്നു ശഠിക്കുന്നതില്‍ നിന്നു തന്നെ അവര്‍ കറകളഞ്ഞ അവിശ്വാസികളായി മാറുന്നു. അപ്പോള്‍പ്പിന്നെ അവരെയൊക്കെ വിശ്വാസികള്‍ എന്ന് വിളിക്കാന്‍ തോന്നിപ്പിക്കുന്ന വിധം കടുത്ത സ്വാധീനമുണ്ടാക്കുന്ന കഞ്ചാവൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

‘ആര്‍ത്തവം അഭിമാനമാണ്’ എന്നൊക്കെപ്പറഞ്ഞ് ചിലര്‍ നടക്കുന്നുണ്ടല്ലോ. സാറാ ജോസഫ് മുതലായവര്‍ ഇടയ്ക്കു തെരുവിലിറങ്ങുന്നുമുണ്ട്.

ആര്‍ത്തവം അഭിമാനമാണെങ്കില്‍ ആയിക്കൊള്ളട്ടെ. അതിനെന്താ? അതിനിപ്പോള്‍ മറ്റുള്ളവര്‍ എന്തു വേണം എന്നതാണ് മനസ്സിലാകാത്തത്. ആരെങ്കിലും പറഞ്ഞിരുന്നോ അവരോട് അതില്‍ അഭിമാനിക്കരുതെന്ന്?

അറിവില്ലാത്ത കമ്മ്യൂണിസ്റ്റുകള്‍ക്കു വേണ്ടി ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ. ശബരിമലസമരവും ആര്‍ത്തവവുമായി യാതൊരു ബന്ധവുമില്ല. Absolutely no connection at all. നൈഷ്ഠികബ്രഹ്മചര്യവ്രത്രമനുഷ്ടിച്ച് യോഗീഭാവത്തിലുള്ള ഒരു മൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്ന കാനനദേവാലയത്തില്‍ യുവതികള്‍ ദര്‍ശനത്തിനെത്താതിരിക്കുക. അത്രേയുള്ളൂ കാര്യം. അതു വളരെ വളരെ ലളിതമാണു മനസിലാക്കാന്‍. യുവതി എന്നു കേട്ടാലുടനെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ആര്‍ത്തവമാണു മനസ്സില്‍ വരുന്നതെങ്കില്‍ അവരുടെ കാഴ്ചപ്പാടിന് കാര്യമായ എന്തോ തകരാറുണ്ടെന്നര്‍ത്ഥം.

കമ്മ്യൂണിസ്റ്റുകളുടെ മിക്ക സമരങ്ങളും ദസറ ആഘോഷം പോലെയാണ്. അവര്‍ തന്നെ ഒരു രാക്ഷസരൂപമങ്ങു നിര്‍മ്മിക്കും. എന്നിട്ട് അവര്‍ തന്നെ അതിനു തീ കൊളുത്തും. എന്നിട്ട് വലിയ കേമമാണെന്ന മട്ടില്‍ ആഘോഷിക്കും. അതാണിപ്പോള്‍ ഇവിടെയും സംഭവിക്കുന്നത്.

ശബരിമലസമരത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ പങ്കാളിത്തം ഇന്നാട്ടിലെ ഹിന്ദുമതവിശ്വാസികളായ സ്ത്രീകളുടേതാണ് . അവരില്‍ ഏതെങ്കിലുമൊരാള്‍ക്ക് ആര്‍ത്തവമെന്ന ജൈവപ്രക്രിയയോട് എന്തെങ്കിലുമൊരു വിരോധമോ പരാതിയോ ഇല്ലെന്നു നൂറുശതമാനം ഉറപ്പാണ്. നേരേ മറിച്ച്, ആദ്യത്തെ ആര്‍ത്തവം ആഘോഷമാക്കുകയും ആളുകളെ വിളിച്ചറിയിച്ച് അന്നം കൊടുക്കുകയും ചെയ്യുന്ന സംസ്ക്കാരമാണ് ഇവിടുത്തേത്. ദേവിയ്ക്ക് ഒരു നാള്‍ ആര്‍ത്തവമുണ്ടാകുന്നതായി സങ്കല്‍പ്പിച്ച് അത് ആഘോഷമാക്കുന്ന അമ്പലങ്ങള്‍ പോലുമുണ്ട് ഇവിടെ. സ്വാഭാവികമായ ജൈവപ്രക്രിയകളെയും പ്രകൃതിയെയും പൂജിച്ചു ബഹുമാനിക്കുന്നതാണ് നമ്മുടെ പൊതുരീതി. ഈ നാടിനേപ്പറ്റിയും ഇവിടുത്തെ സംസ്ക്കാരത്തേപ്പറ്റിയുമൊക്കെ ഈ വൈകിയ വേളയിലെങ്കിലും കമ്മ്യൂണിസ്റ്റുകള്‍ പഠിക്കാന്‍ തയ്യാറാകേണ്ടതാണ്.

ശബരിമലസമരത്തിനു മുമ്പ് കേരളത്തില്‍ മൊത്തം ശ്രദ്ധയാകര്‍ഷിച്ച ഒന്ന് ‘ചുംബനസമരം’ ആയിരുന്നു. കമ്മ്യൂണിസ്റ്റുകളായിരുന്നു അതിനു പിന്നില്‍. ആ സമരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം ലൈംഗികവ്യാപാരമായിരുന്നു എന്നു പിന്നീട് വെളിച്ചത്തായി. അത്തരക്കാര്‍ക്കൊക്കെ ആണെങ്കില്‍ സ്വാഭാവികമായും ആര്‍ത്തവത്തോടു വിയോജിപ്പുണ്ടാകും. കാരണം അതവരുടെ ബിസിനസിനെ ബാധിക്കുന്ന ഒന്നാണ്. അപ്പോള്‍, കേവലയുക്തി വച്ചു നോക്കുമ്പോള്‍, ആര്‍ത്തവത്തെ എതിര്‍ക്കേണ്ടത് കമ്യൂണിസ്റ്റുകാരായ സമരക്കാരുടെ മാത്രം ആവശ്യമാണ്. അല്ലാതെ ഹിന്ദുമതവിശ്വാസികളായ സമരക്കാരുടേതല്ല. ആര്‍ത്തവം അവകാശമാണെന്നൊക്കെ പറഞ്ഞ് വെയില്‍ കൊള്ളുന്ന കാപട്യക്കാരെ അനുതാപത്തോടെ അവഗണിക്കുകയാണു വേണ്ടത്. മറുപടി പറഞ്ഞേ മതിയാകൂ എന്നുണ്ടെങ്കില്‍ “ആളുകളെ പറ്റിക്കാന്‍ നോക്കാതെ എഴിച്ചു പോ എന്റമ്മച്ചീ”എന്നു മറുപടി.

എത്രയോ കാലം മുമ്പേ അവസാനിപ്പിക്കപ്പെട്ട സതി മുതലായ അനാചാരങ്ങളെയൊക്കെ പൊടിതട്ടിയെടുത്ത് അവയേപ്പറ്റിയൊക്കെ പലരും പ്രസംഗിച്ചു കാണുന്നുണ്ടല്ലോ ഇപ്പോള്‍?

ചിന്തിക്കാന്‍ തയ്യാറില്ലാത്ത അലസരെ ലക്ഷ്യം വച്ചും അവരെ പറ്റിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുമുള്ള കമ്മ്യൂണിസ്റ്റുകളുടെ സ്ഥിരം തന്ത്രത്തിന്റെ ഭാഗം തന്നെയാണിത്. ആലോചിച്ചു നോക്കണം! സതി ഒക്കെ പരാമര്‍ശിക്കാന്‍ മാത്രം എന്താണിവിടെ ഉണ്ടായത്?

ഒന്നാമതായി, സതി എന്നത് ഒരു ഹിന്ദുമതാചാരമൊന്നുമായിരുന്നില്ല. വളരെ പ്രാദേശികമായ – വളരെ ചുരുങ്ങിയ ചില ആളുകള്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു രീതി മാത്രമായിരുന്നു അത്. അത്തരമൊന്ന് അവസാനിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകത ആ പ്രാദേശികസമൂഹത്തിനുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നു വന്നു. കാര്യമായ എതിര്‍പ്പുകളില്ലാതെ അത് അവസാനിക്കുകയും ചെയ്തു.

വര്‍ഗ്ഗീയത, മതേതരത്വം എന്നൊക്കെയുള്ള വാക്കുകള്‍ എടുത്തുപയോഗിച്ചാല്‍ പണ്ടൊക്കെ ഹിന്ദുമതവിശ്വാസികളെ പേടിപ്പിച്ച് അകറ്റി നിര്‍ത്താന്‍ കഴിയുമായിരുന്നു. അതു പോലെ തന്നെയുള്ള ഒരു ശ്രമം മാത്രമാണ് ഇതും. സതി എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചാല്‍, അതു പോലെയുള്ള വല്ല എന്തോ മോശം കാര്യമാണ് ശബരിമലയിലെ ആചാരവും എന്നു കരുതി ആളുകള്‍ ഭയന്നു മാറി നില്‍ക്കും എന്ന മിഥ്യാബോധമാണ് കമ്യൂണിസ്റ്റുകളേക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നത്. പക്ഷേ അങ്ങനെ കരുതി മാറി നില്‍ക്കാന്‍ മാത്രം ബുദ്ധിശൂന്യരല്ല ഇവിടുത്തെ ഹിന്ദുസമൂഹം. അവര്‍ക്ക് ശബരിമലയിലെ ആചാരമെന്തെന്നതു സംബന്ധിച്ചു വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട്.

അങ്ങേയറ്റം നിരുപദ്രവകരമായ, ഏതെങ്കിലുമൊരു വ്യക്തിക്കോ സമൂഹത്തിനോ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത ഒരു വിശ്വാസത്തെ, ഒരാളെ നിര്‍ബന്ധപൂര്‍വ്വം തീയിലിടുന്നതുമായിട്ടൊക്കെ താരതമ്യം ചെയ്യുന്ന കമ്മ്യൂണിസ്റ്റുകളുടെ മനോനിലയേപ്പറ്റി എന്തു പറയാനാണ്? ആളുകളുടെ സാമാന്യബോധത്തേപ്പറ്റി ഇത്രമാത്രം അജ്ഞരാണെന്നു വരുമോ ഇക്കൂട്ടര്‍?

വനിതാമതില്‍ എന്നൊന്ന് സംഘടിപ്പിക്കപ്പെടുകയാണല്ലോ? അതിനിടയായ സാഹഹര്യം എന്താണെന്നു കരുതുന്നു?

ഒരു പക്ഷേ ചെറുപ്പം മുതലേ പാന്റ്സ് മാത്രം ഇട്ടു വളര്‍ന്ന നഗരവാസികളായ ചെറുപ്പക്കാര്‍ക്ക് ഇനിപ്പറയാന്‍ പോകുന്ന ഉപമ മനസ്സിലായിക്കൊള്ളണം എന്നില്ല. മുണ്ടുടുത്ത് നടന്നു കൊണ്ടിരിക്കേ കുറച്ചു സമയം കഴിയുമ്പോള്‍ മടിക്കുത്ത് അയഞ്ഞു തുടങ്ങിയോ എന്നൊരു സംശയം വന്നാല്‍ നമ്മളൊക്കെ സാധാരണയായി എന്തു ചെയ്യും? അഴിഞ്ഞുവീണ് പൂര്‍ണ്ണമായും നഗ്നനായിപ്പോകുന്നതിനു മുമ്പ് ഒരു രക്ഷാപ്രവര്‍ത്തനം നടത്തും. അല്ലേ? ഉടനെ അരയിലൊന്നു തപ്പി നോക്കും. അയഞ്ഞിട്ടില്ലല്ലോ എന്ന് ഉറപ്പു വരുത്തും. അയഞ്ഞെന്നു തോന്നിയാല്‍ വീണ്ടുമൊന്ന് മുറുക്കി ഉടുക്കുകയും ചെയ്യും. അതു പോലൊരു സംഗതിയാണ് ഈ വനിതാ മതില്‍.

ശബരിമലവിഷയത്തിലെ സര്‍ക്കാര്‍ നിലപാട് പരക്കെ പ്രതിഷേഷം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്നെങ്കില്‍കൂടി ആത്മാഭിമാനം പണയപ്പെടുത്താന്‍ ഒരുക്കമല്ലാതിരുന്ന അനവധി ഹിന്ദുകുടുംബങ്ങള്‍ പാര്‍ട്ടിയോടു പരസ്യമായി നീരസം പ്രകടിപ്പിച്ച് അകന്നിട്ടുണ്ട്. ആചാരലംഘനത്തിന് ആഞ്ഞുശ്രമിച്ചിട്ടും ഹിന്ദുസമൂഹം അതിനെ ഇത്രശക്തമായി ചെറുത്തു തോല്പിച്ചത് പലരേയും ഞെട്ടിച്ചിട്ടുണ്ട്. അപ്പോള്‍, കാര്യങ്ങള്‍ വിചാരിച്ച പോലെ നടക്കുന്നില്ല എന്നു കാണുമ്പോള്‍, അണികള്‍ അകന്നു പോകുന്നുവോ എന്ന ആശങ്ക ജനിക്കുമ്പോള്‍, ഇങ്ങനെയൊരു ശക്തിപ്രകടനം പ്ലാന്‍ ചെയ്യുക എന്നത് ഇടതുപക്ഷം പണ്ടുമുതലേ അനുവര്‍ത്തിക്കുന്ന ഒരു രീതിയാണ്. ഇതില്‍ പുതുമയൊന്നുമില്ല.

ഒരു പട്ടാള അട്ടിമറി നടക്കാന്‍ പോകുന്നു എന്നു സംശയിക്കപ്പെടുന്ന സാഹചര്യമൊന്നു സങ്കല്പിച്ചു നോക്കുക. അപ്പോള്‍ പട്ടാളമേധാവികള്‍ പൊതുവെ പരീക്ഷിക്കാറുള്ള ഒരു തന്ത്രമുണ്ട്. ഒരു പരേഡ് അങ്ങു പ്ലാന്‍ ചെയ്യും. അപ്പോള്‍ ആരൊക്കെ ആരുടെ പക്ഷത്താണ് എന്നു വ്യക്തമാകും. കൂട്ടത്തിലുണ്ടെന്നു ധരിക്കുമെങ്കിലും എതിര്‍പക്ഷത്തോടു കൂറുള്ളവരെ കണ്ടെത്താനാകും. അവരെ ഭീഷണിപ്പെടുത്തി ഒപ്പം തന്നെ നിര്‍ത്താന്‍ സാധിക്കും. നഷ്ടപ്പെട്ടു പോയ ആത്മവിശ്വാസം പരേഡിലൂടെ തിരിച്ചു പിടിക്കാനാകും. അങ്ങനെ പലതും. അതുതന്നെയാണ് ഈ മതിലുപണി കൊണ്ടും ലക്ഷ്യം വയ്ക്കുന്നത്. ഇതൊക്കെ ആര്‍ക്കാണു മനസ്സിലാകാത്തത്?

കമ്മ്യൂണിസ്റ്റ് ആശയത്തോടുള്ള അനുഭാവമല്ല, മറിച്ച് ആശ്രിതത്വമാണ് ഇന്നും ഇവിടെ ഇടതുപക്ഷത്തിന് ഒന്നിടവിട്ട് അധികാരം നല്‍കിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനഘടകമെന്നത് എല്ലാവര്‍ക്കുമറിയാം. വിവിധകാരണങ്ങളാല്‍ പാര്‍ട്ടി പറയുന്നത് അനുസരിക്കേണ്ടത് ഒരു ബാധ്യതയായിട്ടുള്ള അനവധിയാളുകളുണ്ട് ഇന്നാട്ടില്‍. അവരെയെല്ലാം അണിനിരത്തി ഒരു പ്രകടനം സംഘടിപ്പിക്കുക. അത്രേയുള്ളൂ ലക്ഷ്യം.

ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന സ്ത്രീകളെ അണിനിരത്തി കേരളത്തില്‍ മതില്‍ തീര്‍ക്കുന്നു എന്നു പറഞ്ഞു മുന്നോട്ടു വരാന്‍ തന്റേടമുണ്ടാവുമോ ഇടതുപക്ഷത്തിന്? എങ്കില്‍ക്കാണാം രസം. മതിലു പോയിട്ട് ഇഷ്ടിക പോലും ഉണ്ടാക്കാന്‍ കഴിയില്ല. ഇതിപ്പോള്‍ ആളുകള്‍ക്ക് പരസ്പരം കബളിപ്പിക്കാനായി ഒരു ‘നവോത്ഥാന’ ലേബലും ചാര്‍ത്തികൊടുത്തിട്ടുണ്ട്. ഞങ്ങള്‍ ‘നവോത്ഥാനം’ മാത്രമാണ് ലക്ഷ്യം വച്ചതെന്ന് പോയവര്‍ക്കു പറയാമല്ലോ. എന്തു നവോത്ഥാനം എന്നു ചോദിച്ചാല്‍ കൈമലര്‍ത്തുകയും ആകാം.

കാശില്ലാത്ത സമയത്ത് കോടികള്‍ മുടക്കി നടത്തുന്ന ഈയൊരു രാഷ്ട്രീയപരിപാടി കൊണ്ട് സാധാരണക്കാര്‍ക്ക് യാതൊരു പ്രയോജനവും ഇല്ലെന്നു തീര്‍ച്ചയാണ്. ഇങ്ങനെയൊന്നു സംഘടിപ്പിക്കുന്നതു മൂലം നാടിനുണ്ടായത് ആകെപ്പാടെ ഒരേയൊരു പ്രയോജനമാണ്. കമ്യൂണിസ്റ്റ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്ത്രീവിരുദ്ധനടപടികള്‍ ആളുകള്‍ എണ്ണിയെണ്ണി ചോദ്യം ചെയ്യാന്‍ തുടങ്ങി. പാര്‍ട്ടിപ്രവര്‍ത്തകരായ സ്ത്രീകള്‍ക്കു പോലും രക്ഷയില്ലാത്ത അവസ്ഥയൊക്കെ പരക്കെ ചര്‍ച്ചയായി. ഇതൊക്കെ കേട്ട് അല്പമെങ്കിലും ലജ്ജ ഏതെങ്കിലും നേതാക്കള്‍ക്ക് തോന്നുകയും അവര്‍ മുന്‍‌കൈയെടുത്ത് എന്തെങ്കിലും നടപടികള്‍ ഉണ്ടാകുകയും ചെയ്താല്‍ അതു കൊണ്ട് നാടിനു പ്രയോജനമുണ്ടാകും.

സിപി എമ്മിന്റെ സംഘടനാസംവിധാനവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ വ്യാപക ഉപയോഗവുമെല്ലാം കണക്കിലെടുക്കുമ്പോള്‍, ഏതൊരു പാര്‍ട്ടി പരിപാടിയും പോലെ ഇതും സംഘടിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞേക്കുമെന്നതു സ്വാഭാവികമല്ലേ?

അതെ. അതേ സമയം തന്നെ വെല്ലുവിളികളും ഉണ്ട്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം, ഇതുവരെ സംഘടിപ്പിച്ചിട്ടുള്ള മനുഷച്ചങ്ങല പോലുള്ള പരിപാടികളുമായി താരതമ്യം ചെയ്യുമ്പോള്‍ രാഷ്ട്രീയപരമായി കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ് വനിതാമതില്‍ സംഘാടനം. കൈകോര്‍ത്തു നില്‍ക്കുന്ന ചങ്ങലയല്ല – ചേര്‍ന്നു നില്‍ക്കുന്ന മതിലാണ് – എന്നതിനാല്‍ പതിവിലും നാലിരട്ടി സംഖ്യവേണമെന്നത് ഒരു കാര്യം. അതും വനിതകളേത്തന്നെ സംഘടിപ്പിക്കണം എന്നതു മറ്റൊരു കാര്യം. ഇത്രയും കാലം ഇടതുപക്ഷത്തിനല്ലാതെ സാദ്ധ്യമാകുമല്ലാതിരുന്ന ഇതു പോലൊരു പരിപാടി അയ്യപ്പജ്യോതിയായി സംഘടിപ്പിച്ച് ഹൈന്ദവസമൂഹം ശക്തി തെളിയിക്കുകയും ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോള്‍ വനിതാമതിലിന് ചെറിയൊരു പാളിച്ച വരുന്നതു പോലും വന്‍‌വീഴ്ചയായി വ്യാഖ്യാനിക്കപ്പെടും.

അതേസമയം തന്നെ മറുവശത്ത് വളരെ ശക്തമായ മറ്റൊരു വെല്ലുവിളി കൂടിയുണ്ട്. ഇടതുപക്ഷം കിണഞ്ഞുപരിശ്രമിച്ചിട്ടും ആചാരലംഘനം ഇതുവരെ സാദ്ധ്യമായിട്ടില്ല എന്ന പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോളാണ് അതു ബോദ്ധ്യമാകുക. വനിതാമതില്‍ എത്രമാത്രം ശക്തമാക്കുന്നുവോ അത്രയും ശക്തമാണ് ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനോട് ഇടതുപക്ഷപ്രവര്‍ത്തകരുടെ പിന്തുണ എന്നു വ്യാഖ്യാനിക്കപ്പെടും. അപ്പോള്‍, ഇക്കണ്ട ഇത്രയും പേര്‍ വിചാരിച്ചിട്ടു പോലും ശബരിമലയിലെ ആചാരലംഘനം സാദ്ധ്യമായിരുന്നില്ലല്ലോ എന്നു വരും. അപ്പോള്‍, ഇവിടുത്തെ സംഘപ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തിയ പ്രതിരോധമതില്‍ അത്രമാത്രം സുസജ്ജവും ശക്തവുമായിരുന്നല്ലോ എന്നു വരും. അപ്പോള്‍, ആചാരലംഘനത്തെ പിന്തുണയ്ക്കുന്നവരുടെ ശക്തി എത്രത്തോളമാണോ അതിനെ മറികടക്കാന്‍ പ്രാപ്തമാണ് സംഘപ്രസ്ഥാനങ്ങള്‍ എന്നു വരും. അങ്ങനെ, കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ ശക്തി വിളംബരം ചെയ്യാനായി കോടികള്‍ മുടക്കി കമ്മ്യൂണിസ്റ്റുകള്‍ നടത്തുന്ന ആദ്യത്തെ പരിപാടിയായി ചരിത്രം രേഖപ്പെടുത്തും ഇത്.

ശബരിമല സമരത്തിലൂടെ ബി.ജെ.പി. രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നുവെന്ന് കമ്മ്യൂണിസ്റ്റുകള്‍ വിലപിക്കുന്നുണ്ടല്ലോ?

അത് ഒരു ആരോപണം എന്ന നിലയ്ക്കാണോ അതോ ആത്മവിലാപം എന്ന നിലയ്ക്കാണോ പറയുന്നത് എന്നതനുസരിച്ചു വേണം ഉത്തരം പറയാന്‍.

ആരോപണം എന്ന നിലയ്ക്കാണെങ്കില്‍ അതിന്റെ മറുപടിയിതാണ്. ഇന്നാട്ടിലെ ജനങ്ങള്‍ക്ക് ഒരു പ്രശ്നം വരുമ്പോള്‍, തികച്ചും അകാരണമായി അവര്‍ വേട്ടയാടപ്പെടുമ്പോള്‍, അവര്‍ക്കൊപ്പം നില്‍ക്കുകയെന്നതും അവരെ സഹായിക്കുകയെന്നതും ഉത്തരവാദിത്തബോധമുള്ള ഏതൊരു രാഷ്ട്രീയപ്രസ്ഥാനവും ചെയ്യേണ്ടുന്ന കാര്യം തന്നെയാണ്. അതില്‍ ആക്ഷേപകരമായി യാതൊന്നുമില്ല. ഇല്ലാത്ത ഒരുകാര്യം ഉണ്ടെന്നു വരുത്തിയ ശേഷം അതുപയോഗിച്ച് രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണെങ്കിലേ അതിനെ ഒരു ആരോപണമായി കൊണ്ടുവരാനാകൂ (ഫാസിസം മുതലായ ഉമ്മാക്കികള്‍ ഉപയോഗിച്ച് ഇടതുപക്ഷം ചെയ്യുന്നതു പോലെ). ഇവിടെ പക്ഷേ ഇല്ലാത്ത ഒരു സംഗതിയെ എതിരിടാനല്ലല്ലോ ബി.ജെ.പി. സഹായിക്കുന്നത്. എല്ലാവര്‍ക്കും കണ്ണു തുറന്നു നോക്കിയാല്‍ കാണാവുന്ന, ഇവിടുത്തെ ജനങ്ങള്‍ നേരിട്ടനുഭവിക്കുന്ന, വ്യക്തമായ ഒരു ദുരവസ്ഥയ്ക്ക് പരിഹാരം കാണാനും അവരുടെ കണ്ണീരൊപ്പാനുമാണ് ബി.ജെ.പി. ശ്രമിക്കുന്നത്. അത് ആക്ഷേപമല്ല – അഭിനന്ദനമാണ് അര്‍ഹിക്കുന്നത്.

ഇനി, ആത്മവിലാപമാണെങ്കില്‍ – ഇടതുപക്ഷത്തിന്റെ ഈ കരച്ചില്‍ പരിഹാസ്യമാണെന്നേ പറയേണ്ടൂ. സ്വയംകൃതാനര്‍ത്ഥം! ജനങ്ങളുടെ പക്ഷത്തുനിന്ന് വീക്ഷിച്ചു നോക്കുക. ഇടതുപക്ഷം പരസ്യമായി ശതൃപക്ഷത്തു നിന്ന് ഉപദ്രവിക്കുന്നു. വലതുപക്ഷം ഉപദ്രവമോ ഉപകാരമോ ഇല്ലാതെ ഒഴിഞ്ഞു മാറി നിര്‍ഗുണനിലപാട് സ്വീകരിക്കുന്നു. ബി.ജെ.പി. നയിക്കുന്ന ദേശിയജനാധിപത്യസഖ്യമാകട്ടെ പരസ്യമായി പിന്തുണച്ച് പ്രത്യക്ഷസമരപരിപാടികളുമായി പൂര്‍ണ്ണതോതില്‍ സഹായിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും അവരോട് ജനങ്ങള്‍ക്ക് അടുപ്പമുണ്ടാകും. അനുഭാവമുണ്ടാകും. അവരുടെ നന്ദിയും സ്നേഹവും തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചുവെന്നും വരും. അതിനിങ്ങനെ കരഞ്ഞിട്ടെന്തു കാര്യം? ഇടതുപക്ഷത്തിന് അത്ര വിഷമമാണെങ്കില്‍ അവരും ഇവിടുത്തെ പാവപ്പെട്ട ഹിന്ദുമതവിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കട്ടെ. അപ്പോള്‍ പ്രശ്നം തീരുമല്ലോ. എന്‍.ഡി.എ. നേട്ടമുണ്ടാക്കുമെന്ന പരാതിയും വേണ്ടല്ലോ. അതിനവര്‍ തയ്യാറുണ്ടോ? ഇല്ലെങ്കില്‍പ്പിന്നെ മിണ്ടാതിരിക്കുകയാണു വേണ്ടത്.

ഇടതുപക്ഷം ഉപകാരമൊന്നും ചെയ്തില്ലെങ്കിലും വേണ്ടില്ല – ഉപദ്രവങ്ങള്‍ അവസാനിപ്പിക്കുകയെങ്കിലും ചെയ്യട്ടെ ആദ്യം. അതിനു ശേഷം ആ പരാതി നമുക്ക് അനുഭാവപൂര്‍വ്വം പരിഗണിക്കാം. ഇപ്പോളത്തെ അവസ്ഥയിലാണെങ്കില്‍, എന്‍.ഡി.എ.യ്ക്ക് രാഷ്ട്രീയനേട്ടമുണ്ടാകുന്നെങ്കില്‍ നന്നായിപ്പോയി എന്നതിലപ്പുറം ഇടതുപക്ഷത്തോടു നമുക്കൊന്നും പറയാനില്ല.

ശബരിമലസമരം ‘സവര്‍ണ്ണസമര‘മാണെന്ന പ്രസ്താവനയെ എങ്ങനെ നോക്കിക്കാണുന്നു?

ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഇന്നത്തെക്കാലത്ത് നമ്മള്‍ എവിടെയെങ്കിലും സവര്‍ണ്ണന്‍, അവര്‍ണ്ണന്‍ തുടങ്ങിയ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന പദങ്ങളൊക്കെ കേള്‍ക്കുന്നു എങ്കില്‍, അതൊരു ഇടതന്റെ പ്രസംഗത്തിലായിരിക്കും. നഗ്നമായ ജാതിപരാമര്‍ശങ്ങള്‍ വായിക്കാനിടയാകുന്നു എങ്കില്‍ അതു നിശ്ചയമായും ഒരു ഇടതന്റെ തൂലികയില്‍ നിന്നു വന്നതായിരിക്കും. ഇത്ര നിര്‍ലജ്ജം ജാതീയതയും വര്‍ഗ്ഗീയതയും പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടരെ ഇടതുപക്ഷത്തല്ലാതെ വേറെ എവിടെയും കാണാനാവില്ല.

ജാതീയമായ അതിര്‍വരമ്പുകള്‍ മാത്രമല്ല, മതപരമായ വേലിക്കെട്ടുകള്‍ പോലും പൊളിച്ചു ദൂരെയെറിഞ്ഞ പൊതുവികാരമാണ് ദക്ഷിണഭാരതമാകെ അയ്യപ്പന്‍. ‘എരുമേലിപ്പേട്ട തുള്ളും കന്നി അയ്യപ്പന്മാര്‍ ഞങ്ങള്‍ക്കൊരു ജാതി ഒരു മതം ഒരു ദൈവം’ എന്ന പാട്ടു കേട്ടു വളര്‍ന്നവരാണ് ഓരോ മലയാളിയും. അയ്യപ്പന്‍ ഒന്നൊഴിയാതെ എല്ലാവരുടേതുമാണ്. ആ അവകാശം പേറുന്ന എല്ലാവരും സമരത്തിലുണ്ട്. ആ ഒരു ചൈതന്യത്തെ നശിപ്പിക്കാനായി കമ്മ്യൂണിസ്റ്റുകള്‍ മാത്രമാണ് കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. അതിന്റെ മഹാപാപം പാവപ്പെട്ട ഏതെങ്കിലും സമുദായസംഘടനകളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കരുത്. മൌഢ്യമാണത്. ക്രൂരവും.

കെ.പി.എം.എസിന്റെ ഏറ്റവും സമുന്നതനായ നേതാവ്‌ ടി.വി.ബാബു അയ്യപ്പജ്യോതി തെളിയിക്കാന്‍ മുന്‍‌നിരയില്‍ത്തന്നെ ഉണ്ടായിരുന്നത് നാമെല്ലാം കണ്ടതാണ്. എസ്.എന്‍.ഡി.പി.യോഗം ശബരിമലവിഷയത്തില്‍ ഭക്തര്‍ക്കൊപ്പമാണെന്ന് നേതൃത്വം ആവര്‍ത്തിക്കുന്നത് കണ്ടതാണ്. എന്‍.എസ്.എസും യോഗക്ഷേമസഭയുമെല്ലാം ഭക്തര്‍ക്കൊപ്പമാണ്. ഇതില്‍ ആരൊക്കെ ഏതു വര്‍ണ്ണത്തില്‍ പെടുമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ തന്നെ തീരുമാനിക്കട്ടെ. അവരാണല്ലോ അതിലൊക്കെ വിദഗ്ദ്ധര്‍. എന്തായാലും ഹിന്ദുമതവിശ്വാസികള്‍ ഒന്നടങ്കം ശബരിമലയിലെ ആചാരസംരക്ഷണം ആഗ്രഹിക്കുന്നവരാണെന്നതില്‍ തര്‍ക്കമില്ല. അതില്‍ ജാതി, വര്‍ണ്ണ, ലിംഗ ഭേദമില്ല.

ഇതാ ഇപ്പോളത്തെ അവസ്ഥ തന്നെ ആലോചിച്ചു നോക്കൂ. ആളുകളെ സമുദായാടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കാണാനോ വര്‍ണ്ണചിന്തകള്‍ കൊണ്ടുവരാനോ വ്യക്തിപരമായി തീരെ ആഗ്രഹിക്കാത്ത ആളുകളായിരുന്നിട്ടു കൂടി, ഇടതുപക്ഷത്തിന്റെ പെരുമാറ്റം പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ നമുക്കും സമുദായം തിരിച്ചു പറയേണ്ടി വരുന്നു. എത്രയോ കാലം പിന്നോട്ടടിപ്പിക്കുന്ന അറുപിന്തിരിപ്പന്‍ നിലപാടാണിത്! എന്നിട്ട് ‘പുരോഗമനനിലപാടുകാര്‍’ എന്ന് അവകാശവാദവും! ഈയൊരു വൈരുദ്ധ്യവും കാപട്യവും കണ്ടുമടുക്കുമ്പോളാണ് ആളുകള്‍ ഇടതുപക്ഷം വിട്ടുപോകുന്നത്. ‘കാറിത്തുപ്പിയ ശേഷം കമ്മ്യൂണിസം വിടുക’ എന്നൊരു പ്രയോഗം പോലും നിലവില്‍ വന്നു കഴിഞ്ഞു. ഇത്ര വൃത്തിഹീനമായ കളി കളിക്കുന്ന ഇടതുപക്ഷത്തോട് സാംസ്കാരികകേരളത്തിന് ഒന്നേ അപേക്ഷിക്കാനുള്ളൂ. പ്ലീസ്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്!

ചോദ്യങ്ങളെല്ലാം ഇടതുപക്ഷത്തിന്റെ കാപട്യങ്ങളേക്കുറിച്ചു മാത്രമാകുമ്പോള്‍ ചര്‍ച്ചതന്നെ നിഷേധാത്മകമായിപ്പോകുന്നതു സ്വാഭാവികം. നമുക്കു നന്മയിലേക്കു മടങ്ങിവരാം. പാട്ടിലേക്കൊന്നു മടങ്ങിവരാം. ആ ഗാനത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍ ഏതെന്നു ചോദിച്ചാല്‍?

രചയിതാവ്‌ എന്ന നിലയ്ക് ആ ഗാനത്തെ സമീപിക്കുന്നതു ശരിയല്ലെന്ന് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചുകൊളളട്ടെ. കാളിയമ്പിയുടെ ആവശ്യപ്രകാരം അതെഴുതി പൂര്‍ത്തിയാക്കി അദ്ദേഹത്തിന് അയച്ചുകൊടുത്തതോടെ രചയിതാവിന്റെ റോള്‍ തീര്‍ന്നതാണ്. ആ ഗാനമിപ്പോള്‍ നമ്മുടെയെല്ലാം പൊതുസ്വത്താണ്.

ഒരു അയ്യപ്പഭക്തന്‍ എന്ന നിലയ്ക്കു മാത്രം നോക്കിയാല്‍, ആ പാട്ടില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതായിരുന്ന വരികള്‍ പക്ഷേ ചിത്രീകരിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ത്തന്നെ ജനം ടിവിയുടെ പ്രേക്ഷകര്‍ അതു കേട്ടിരിക്കാനുമിടയില്ല. ആ വരികള്‍ ഇങ്ങനെയാണ്:-

ഹരീഹരസ്സുതന്‍ ഭവാന്‍
ചൊരിഞ്ഞതാമനുഗ്രഹം
ശിരസ്സിലേറ്റി നില്‍ക്കെ കാണ്മ-
തൊക്കെ സ്വാമിവിഗ്രഹം

ഇരുണ്ട കാനനം ശര-ണ
മന്ത്രഘോഷനിര്‍ഭരം
ഇതില്‍ ലയിച്ചു നില്‍ക്കെ വേറെ
പുണ്യമെന്തിതില്‍പ്പരം?

കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തന്നെ അശക്തനായിപ്പോകുന്നു! സ്വാമി ശരണം!*

സ്വാമിയേ ശരണമയ്യപ്പ!

https://youtu.be/e5ZwqGDOz0Q

4K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close