MovieEntertainment

ആവിഷ്‌കാരമികവും മാസ് സംഘട്ടനരംഗങ്ങളുമായി പുതുതരംഗം സൃഷ്ടിച്ച് കെജിഎഫ്

എസ്.കെ ശാരിക

ഏകദേശം രണ്ടു വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്കുശേഷമാണ് പ്രശാന്ത് നീല്‍ റോക്കിംഗ് സ്റ്റാര്‍ യാഷിനെ നായകനാക്കി കെജിഎഫ് എന്ന സ്വപ്‌നം അഭ്രപാളിയിലെത്തിച്ചിരിക്കുന്നത്. 5 ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗമായ ചാപ്പ്റ്റര്‍ 1 യില്‍ യാഷ് റോക്കിയായി പരകായ പ്രവേശം നടത്തിയപ്പോള്‍ തിയേറ്ററുകള്‍ ഇളകി മറിഞ്ഞു. ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ശ്രീനിഥി ഷെട്ടിയാണ്.

കോളാര്‍ ഖനിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഗ്യാങ്ങ്സ്റ്റര്‍ ചിത്രമാണ് കെജിഎഫ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റോക്കിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ചിത്രത്തില്‍ പത്രപ്രവര്‍ത്തകനായി എത്തുന്ന ആനന്ദ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ അവതരിപ്പിക്കുന്നത്. ഹീറോ അല്ല വില്ലന്‍ എന്ന് നായകകഥാപാത്രത്തെ ആമുഖത്തില്‍ തന്നെ പ്രഖ്യാപിച്ചുകൊണ്ടാണ് ചിത്രത്തിന്റെ അവതരണം. വില്ലന്‍മാരില്‍ വില്ലന്‍ അതാണ് റോക്കി.

അച്ഛനില്ലാത്ത കുട്ടിയുമായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഒരമ്മയുടെ തിക്താനുഭവങ്ങള്‍. ജീവിതയാഥാര്‍ത്ഥ്യങ്ങളെ വളരെ ചെറുപ്പത്തില്‍ തന്നെ മനസിലാക്കിയ റോക്കിയുടെ കുഞ്ഞു മനസില്‍ പണവും അധികാരവും നേടണമെന്നത് ജീവിത ലക്ഷ്യമാകുന്നു. മരിക്കുന്നതിന് മുമ്പ് അമ്മപകര്‍ന്ന് കൊടുത്ത ആത്മധൈര്യവും തീപ്പൊരിയും മാത്രമായിരുന്നു കൈമുതല്‍.

മരിക്കുന്നെങ്കില്‍ അത് പണക്കാരനായി തന്നെയാകുമെന്ന് അമ്മയ്ക്ക് കൊടുത്ത വാക്കുമായി റോക്കി എന്ന ഗ്യാങ്ങ്‌സ്റ്റര്‍ ജനിക്കുന്നു. സ്വന്തം പേര് ഒരു ബ്രാന്‍ഡ്  ആയി തീരണമെന്ന നിശ്ചയദാര്‍ഢ്യമാണ് റോക്കിയെ നയിക്കുന്നത്.റോക്കി ഒരു വണ്‍ മാന്‍ ആര്‍മിയാണ്.മുംബൈ അധോലോകത്തെ തന്റെ കൈപ്പിടിയിലൊതുക്കാന്‍ എത്തിയ റോക്കി വ്യക്തമായ ഉദ്ദേശങ്ങളോടെ കോളാര്‍ സ്വര്‍ണ്ണ ഖനിയിലെത്തുന്നു. ഖനിയില്‍ അനധികൃതമായി തടവില്‍ പാര്‍പ്പിച്ച തൊഴിലാളികളുടെ യാതനകളിലൂടെ റോക്കിയും സഞ്ചരിക്കുന്നു. കോളാര്‍ ഖനിയിലെത്തിയതിന്റെ പിന്നിലെ ഉദ്ദേശം നടത്താനും ആ ലക്ഷ്യ പ്രാപ്തിക്കായി നേരിടേണ്ടി വരുന്ന ദുര്‍ഘടങ്ങളുമാണ് കെജിഎഫ്.

രണ്ടു ഭാഗങ്ങളായാണ് ചിത്രം പുറത്തിറക്കുന്നത്. ചാപ്പറ്റര്‍ 1 രണ്ടാം ഭാഗത്തിന്റെ ഒരു ടീസറാണെന്ന് വേണമെങ്കില്‍ പറയാം. അതായത് രണ്ടാം ഭാഗത്തേയ്ക്കുള്ള പാലം മാത്രം. ചിത്രത്തിന്റെ സെറ്റും വിഷ്വല്‍ ഇഫക്ട്‌സും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. പ്രത്യേകിച്ചും കോളാര്‍ ഖനിയുടെ സെറ്റ്. തീപ്പൊരി ആക്ഷന്‍ രംഗങ്ങള്‍ക്ക് രസക്കൂട്ടൊരുക്കിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കസറി. ആക്ഷന്‍ മൂവി പ്രേമികള്‍ക്ക് വേണ്ടത് ആവോളം സംവിധായകന്‍ ചിത്രത്തില്‍ കരുതിയിട്ടുണ്ട്.

യാഷ് എന്ന റോക്കി ന്യൂജെന്റെ ചങ്കാവുമെന്നതില്‍ സംശയമില്ല. സംഘട്ടന രംഗങ്ങളുടെ അവതരണവും ആരെയും കൂസാത്ത ഭാവവും പുതുതലമുറയുടെ ട്രന്‍ണ്ടായ താടിയും മുടിയുമുള്ള യോയോ ലുക്കും യാഷിനെ പ്രേക്ഷകരുടെ നെഞ്ചോടടിപ്പിക്കുന്നു. എന്നാല്‍ ചിത്രത്തിന്റെ പല ഭാഗത്തും യാഷിന്റെ താരപദവി ഹൈലൈറ്റ് ചെയ്യുകയെന്ന ഒറ്റ ലക്ഷ്യത്തിലേയ്ക്ക് ചിത്രം ചുരുങ്ങുന്നതായി കാണാം.

പതിവ് അന്യ ഭാഷാ ചിത്രങ്ങള്‍ പോലെത്തന്നെ ഹീറോയിസം തുളുമ്പുന്ന നായക കഥാപാത്രവും നായകന്റെ വീരശൂര പരാക്രമങ്ങളിലും വീക്ക്‌നെസിലും സ്വന്തം ശൗര്യം അലിഞ്ഞു പോകുന്ന നായികയും ചിത്രത്തില്‍ കാണാം.

ചിത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് പലഭാഗത്തും റോക്കി ഇപ്പോള്‍ ഏത് ഗ്യാങ്ങിന്റെ ഒപ്പമാണെന്ന മതിഭ്രമമൊക്കെ തോന്നാനിടയുണ്ട്. ഗ്യാങ്ങുകളുടെ അതിപ്രസരം തന്നെയാണ് ഇതിന് കാരണം.

ചിത്രത്തെ ആകെ വിലയിരുത്തിയാല്‍ യാഷ് എന്ന മാസ് ഹീറോയുടെ ഷോ ആണെന്ന് തന്നെ പറയാം. എന്നാല്‍, റോക്കിയെ ഉള്‍ക്കൊണ്ട് മികച്ച പ്രകടനം യാഷ് ചിത്രത്തില്‍ കാഴ്ചവെച്ചിട്ടുണ്ട്.
ഇന്ത്യയൊട്ടാകെ ഏകദേശം രണ്ടായിരം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഒരാഴ്ച കൊണ്ടുതന്നെ നൂറുകോടി ക്ലബ്ബിലെത്തിയെന്നതാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ലഭിച്ച സ്വീകാര്യത രണ്ടാംഭാഗത്തിനായുള്ള കാത്തിരിപ്പിന് പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. അടുത്ത ഭാഗത്തില്‍ എന്ത് എന്ന പ്രേക്ഷകരുടെ ആകാംക്ഷ സംവിധായകന് ഒരു വെല്ലുവിളിയാണ്. എന്നാല്‍ രണ്ടു വര്‍ഷം കൊണ്ട് മികച്ച സെറ്റും ആക്ഷന്‍ രംഗങ്ങളുമായി തട്ടുപൊളിപ്പന്‍ പടം തന്നെ സമ്മാനിച്ച പ്രശാന്ത് നീല്‍ ചാപ്പ്റ്റര്‍ 1 പോലെത്തന്നെ മരണമാസായി രണ്ടാംഭാഗവും ഒരുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാത്തിരിക്കാം…..

740 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close