Sports

കരുത്തോടെ ധോണി ; ചരിത്ര വിജയം കുറിച്ച് ഭാരതം

മെൽബൺ : ഉറച്ചു നിന്ന് പട നയിച്ച മുൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയുടെ കരുത്തിൽ മെൽബൺ ഏകദിനത്തിൽ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ആസ്ട്രേലിയയെ ഏഴു വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ആദ്യമായി ഓസ്ട്രേലിയൻ മണ്ണിൽ ഏകദിന പരമ്പര നേടി. ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പരയും എകദിന പരമ്പരയും ഇന്ത്യ നേടുന്നതും ആദ്യമായാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട  ഓസ്ട്രേലിയ 48.4 ഓവരിൽ 230 റൺസിന് ഓൾ ഔട്ടായി.10 ഓവറിൽ 42 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലാണ്‌ ഓസ്ട്രേലിയയെ തകർത്തത്.ഓപ്പണർമാരെ മടക്കി അയച്ച് ഭുവനേശ്വർ കുമാറാണ് കംഗാരു കശാപ്പിന് തുടക്കമിട്ടത് .58 റൺസെടുത്ത ഹാൻഡ്സ്‌കോംബാണ് ടോപ് സ്കോറർ. 39 റൺസെടുത്ത ഷോൺ മാർഷും ഉസ്മാൻ ഖവേജയും കാര്യമായ പിന്തുണ നൽകി.

231 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 15 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായി. 9 റൺസെടുത്ത രോഹിത് ശർമ്മയെ പീറ്റർ സിഡിൽ മാർഷിന്റെ കൈയ്യിലെത്തിച്ചു. മൂന്നാം വിക്കറ്റിൽ ക്യാപ്ടൻ വിരാട് കോലിക്കൊപ്പം ഒത്തു ചേർന്ന ശിഖർ ധവാൻ ശ്രദ്ധയോടെ ഇന്നിംഗ്സ് മുന്നോട്ടു നയിച്ചെങ്കിലും 23 റൺസ് എടുത്തു നിൽക്കെ സ്റ്റോണിസിന്റെ പന്തിൽ പുറത്തായി.

ബാറ്റിംഗ് ശ്രമകരമായ വിക്കറ്റിൽ നാലാം നമ്പറായി ധോണിയെ ഇറക്കാനുള്ള കോലിയുടെ നീക്കം അസ്ഥാനത്തായില്ല. തുടക്കത്തിൽ തന്നെ മാക്സ്‌വെൽ ധോണിയെ വിട്ടുകളഞ്ഞു. തുടർന്ന് സുരക്ഷിതമായ പന്തുകൾ മാത്രം തെരഞ്ഞെടുത്ത് പ്രഹരിച്ച കോലിയും ധോണിയും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. സ്കോർ 113 ൽ എത്തി നിൽക്കെ റിച്ചാർഡ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ പിടിച്ച് കോലി പുറത്തായി.

ധോണിക്ക് കൂട്ടായെത്തിയ കേദാർ ജാദവ് വേഗത്തിൽ സ്കോർ നേടാൻ തുടങ്ങിയതോടെ ഇന്ത്യ വിജയത്തിലേക്ക് അടുത്തു.എം.സി.ജിയുടെ വലിയ ഗ്രൗണ്ടിൽ കൂറ്റൻ ഷോട്ടുകൾ അപകടകരമാണെന്ന് തിരിച്ചറിഞ്ഞ ഇരുവരും സിംഗിളുകളും ഡബിളുകളും എടുത്ത് റൺറേറ്റ് താഴാതെ കളി മുന്നോട്ടു കൊണ്ടു പോയി. അൻപതാം ഓവറിൽ സ്റ്റോനിസിന്റെ പന്ത് വൈഡ് മിഡോണിലേക്ക് പായിച്ച് കേദാർ ജാദവാണ് വിജയ റൺ നേടിയത്. ജാദവ് 61 റൺസും ധോണി 87 റൺസുമെടുത്തു. ധോണിയുടെ തുടർച്ചയായ മൂന്നാം അർദ്ധ സെഞ്ച്വറിയാണിത്. ചാഹലാണ് മാൻ ഓദ് ദ മാച്ച് . മാൻ ഓഫ് ദ സീരീസ് മഹേന്ദ്ര സിംഗ് ധോണി.

15K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close