IndiaSpecial

അവഹേളനങ്ങളും അവഗണനയും നേരിട്ട് നാടുവിട്ടു ; തളരാതെ പോരാടി ലോകമറിയുന്ന നർത്തകിയായി ; പദ്മശ്രീ നൽകി രാഷ്ട്രം ആദരിച്ച ആദ്യ ട്രാൻസ്‌ജെൻഡർ നർത്തകി നടരാജ്

പത്താം വയസ്സിലായിരുന്നു പെണ്മയോടുള്ള തന്റെ താത്പര്യം നടരാജ് തിരിച്ചറിയുന്നത്. പിന്നീടങ്ങോട്ട് അവഗണയും അവഹേളനങ്ങളും മാത്രം . നൃത്തങ്ങളിൽ പങ്കെടുത്ത് തിരിച്ചെത്തുമ്പോൾ കിട്ടിയ സമ്മാനങ്ങൾ ഒളിപ്പിച്ചു വയ്ക്കേണ്ട അവസ്ഥ. ഒടുവിൽ വീട്ടുകാർ അറിഞ്ഞു. പിന്നെ അവിടെ തുടരാൻ കഴിയാതായി. ഇതേ അവസ്ഥ അനുഭവിക്കുന്ന സുഹൃത്ത് ശക്തിക്കൊപ്പം വീടുവിട്ട് നൃത്തം പഠിക്കാൻ പോയതാണ് നടരാജിന്റെ ജീവിതത്തെ മാറ്റിമറിച്ചത്.

പ്രശസ്ത നർത്തകി വൈജയന്തിമാലയുടെ ഗുരുവായ കെ.പി കിട്ടപ്പപ്പിള്ളയെ സമീപിച്ച് സ്ത്രീയായി കരുതി നൃത്തം പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു. ഭിന്നലിംഗക്കാരിയായതിനാൽ ആട്ടിയോടിക്കുമെന്നാണ് കരുതിയത്. എന്നാൽ കിട്ടപ്പപ്പിള്ള നടരാജിനെ ശിഷ്യയായി സ്വീകരിച്ചു . അങ്ങനെ നടരാജ് നർത്തകി നടരാജായി.

പതിനാലു വർഷം ഗുരുവിന്റെ വീട്ടിൽ തന്നെ താമസിച്ചു പഠിച്ചു. തഞ്ചാവൂരിന്റെ സ്വന്തം നായകി ഭാവ നൃത്ത പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരിയായി. മധുരയിൽ നർത്തകി നൃത്യ കലാലയ നൃത്ത വിദ്യാലയം സ്ഥാപിച്ചു .ചെന്നൈയിൽ വെള്ളിയമ്പലം സ്കൂൾ ഓഫ് ഡാൻസ് എന്ന വിദ്യാലയവും സ്ഥാപിച്ചു. ഈ വിദ്യാലയത്തിന് അമേരിക്കയിലും ഇംഗ്ലണ്ടിലും കാനഡയിലും ശാഖകളുമുണ്ട്.

ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ശാക്തീകരണത്തിനായുള്ള പ്രവർത്തനങ്ങളിലും നർത്തകി നടരാജ് മുൻപന്തിയിലുണ്ട്. സ്വന്തം കഴിവിലുള്ള വിശ്വാസമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നതെന്നാണ് നർത്തകി ഒരു അഭിമുഖത്തിൽ പറഞ്ഞത്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ് , സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. പെരിയാർ മണിയമ്മൈ സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.

ഇപ്പോൾ രാഷ്ട്രം പദ്മശ്രീയും നൽകി അവരുടെ കഴിവുകൾക്ക് അംഗീകാരം നൽകിയിരിക്കുകയാണ്. പാർശ്വവത്കരിക്കപ്പെട്ടുപോയ ഒരു സമൂഹത്തിന് അഭിമാനമായി നർത്തകി നടരാജ് മാറുമ്പോൾ തങ്ങൾ ആരുടെയും പിന്നിലല്ലെന്ന് ഉറക്കെപ്പറയാൻ അത് ഒരു സമൂഹത്തിന് ‌കരുത്താവുകയാണ്.

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close