IndiaSpecial

ജോർജ്ജ് ദ ജയന്റ് കില്ലർ


“ഇന്ന് നാം അണിഞ്ഞിരിക്കുന്ന കൈവിലങ്ങുകൾ ഏകാധിപത്യത്തിന്റെ ചങ്ങലകളണിഞ്ഞ മുഴുവൻ നാടിന്റെയും പ്രതീകമാണ്. ഇന്ദിര ഗാന്ധി പുറത്തു പോവുന്നതു വരെ നമ്മുടെ പ്രവർത്തനം, തുടരുക തന്നെ ചെയ്യും “

അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട് കോടതിയിലെത്തിച്ചപ്പോൾ കൈവിലങ്ങുകളുയർത്തി ജോർജ്ജ് ഫെർണാണ്ടസ് പറഞ്ഞത് ഇങ്ങനെയാണ് . കുടുംബം നേരിട്ട അതിക്രൂരമായ മർദ്ദനങ്ങളും സുഹൃത്തുക്കൾക്ക് നേരിട്ട വിഷമതകളും അദ്ദേഹത്തെ തളർത്തിയില്ല . ഇന്ദിരാധിപത്യത്തിന്റെ അവസാനമായിരുന്നു ലക്ഷ്യം.

1977 ലെ പൊതു തെരഞ്ഞെടുപ്പിൽ ജയിലിൽ കിടന്നായിരുന്നു ഫെർണാണ്ടസ് മത്സരിച്ചത്. അടിയന്തിരാവസ്ഥാ വിരുദ്ധ പോരാട്ടത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച മുസഫർ പൂരിലെ ജനങ്ങൾ ഇന്ദിരാധിപത്യത്തിനെതിരെ വിധിയെഴുതി. ജോർജ്ജ് ഫെർണാണ്ടസ് മൂന്ന് ലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.

പതിനാറാം വയസ്സിൽ വൈദികനാകാൻ വിട്ടതായിരുന്നു ജോർജ്ജ് ഫെർണാണ്ടസിനെ . പക്ഷേ വഴി അതല്ല ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് അയാൾ വേഗം മനസ്സിലാക്കി. പള്ളിയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് പതിനെട്ടാം വയസ്സിൽ ബോംബെക്ക് വണ്ടി കയറി. തൊഴിലാളികളോടൊപ്പം ഉറങ്ങി ഉണർന്നു തൊഴിൽ ചെയ്തു അവരുടെ നേതാവുമായി.

സോഷ്യലിസ്റ്റ് നേതാവ് രാം മനോഹർ ലോഹ്യ ആയിരുന്നു ആരാദ്ധ്യ പുരുഷനും പ്രചോദകനും. 1950 ഓടെ ജോർജ്ജ് ഫെർണാണ്ടസ് ടാക്സി ഡ്രൈവർമാരുടെ നേതാവായി. സ്വതസിദ്ധമായ ലാളിത്യമായിരുന്നു മുഖമുദ്ര. പൈജാമയും ഖദർ കുർത്തയും വള്ളിച്ചെരിപ്പുമിട്ട് തൊഴിലാളികളുടെ സ്വന്തം നേതാവായി ആ മംഗലാപുരം കാരൻ മുംബൈ നഗരത്തിൽ അലിഞ്ഞു ചേർന്നു. ജോർജ്ജ് ഫെർണാണ്ടസ് കൈ ഞൊടിച്ചാൽ അന്ന് ബോംബെ നിശ്ചലമാകുമായിരുന്നു.

1967 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അനിഷേദ്ധ്യ നേതാവായിരുന്ന എസ്.കെ പാട്ടീലിനെ ബോംബെ സൗത്തിൽ പരാജയപ്പെടുത്തിയതോടെയാണ് ജോർജ്ജ് ദ ജയന്റ് കില്ലർ എന്ന പേര് അദ്ദേഹത്തിനു ലഭിക്കുന്നത്.

ശമ്പള പരിഷ്കരണം ലക്ഷ്യമിട്ട് റെയിൽവേ തൊഴിലാളികൾ നടത്തിയ സമരത്തിലൂടെയാണ് ജോർജ്ജ് ഫെർണാണ്ടസ് ദേശീയ ശ്രദ്ധയിലേക്ക് വന്നത്. റെയിൽവേ ജീവനക്കാർക്കൊപ്പം ടാക്സി ഓട്ടോ തൊഴിലാളികളും കൂടി ചേർന്നതോടെ മുംബൈ നിശ്ചലമായി. സമരത്തെ ശക്തമായി നേരിടാനായിരുന്നു ഇന്ദിരയുടെ ശ്രമം. ജോർജ്ജുൾപ്പെടെ ലക്ഷങ്ങൾ ജയിലിലായി. പിന്നീട് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിര കാരണമായി പറഞ്ഞതിലൊന്ന് റെയിൽ സമരമായിരുന്നു.

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ഒഡിഷയിലെ തീരപ്രദേശത്തുള്ള ഗ്രാമത്തിലായിരുന്നു ഫെർണാണ്ടസ് . ഒരു ലുങ്കിയുമുടുത്ത് മുക്കുവന്റെ വേഷത്തിൽ രക്ഷപ്പെട്ടു. പിന്നീട് സിഖുകാരന്റെ വേഷത്തിൽ രാജ്യം മുഴുവൻ സഞ്ചരിച്ചു. ഇടയ്ക്ക് കാവിയുടുത്ത് ഹിന്ദു സന്യാസിയായി. ഒരിക്കൽ ഫെർണാണ്ടസ് ഇരുന്ന ഹോട്ടലിൽ പൊലീസ് സാന്നിദ്ധ്യത്തിൽ ഇൻകം ടാക്സ് റെയ്ഡ് നടന്നു. ആ ഹോട്ടൽ അരിച്ചു പെറുക്കിയിട്ടും അക്ഷോഭ്യനായി ഇരുന്ന് ഭക്ഷണം കഴിക്കുന്ന ആളെ ആരും തിരിച്ചറിഞ്ഞില്ല.

ഇന്ദിരാധിപത്യത്തിനെതിരെ സഹനസമരം മാത്രം പോര എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ജനങ്ങളെ അപകടപ്പെടുത്താതെ സർക്കാർ ഓഫീസുകളും റോഡുകളും പാലങ്ങളും ഡൈനമൈറ്റ് വച്ച് പൊട്ടിക്കണമെന്നും അഭിപ്രായപ്പെട്ടു. ഗുജറാത്തിൽ പ്രതിപക്ഷ ഭരണമായതിനാൽ ബറോഡയായിരുന്നു കേന്ദ്രമായി തെരഞ്ഞെടുത്തത്. എന്നാൽ പ്രതിപക്ഷ കക്ഷികൾക്ക് ഈ വിഷയത്തിൽ ആശയക്കുഴപ്പമുണ്ടായി. ഉദ്ദേശിച്ചതുപോലെയൊന്നും കാര്യങ്ങൾ നടന്നില്ല.

തൊഴിലാളി നേതാവായതിനാൽ ഇന്ത്യക്ക് പുറത്തും ബന്ധങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന് . ഇന്ദിരക്കെതിരെ മറ്റ് രാജ്യങ്ങളിൽ പ്രതിഷേധം ഉയരാൻ ഇത് നിർണായക പങ്കു വഹിച്ചു. ഒരു സമയത്ത് സ്വീഡൻ , ജർമ്മനി , ഓസ്ട്രിയ എന്നിവിടങ്ങളിലെ ഭരണാധികാരികൾ ഇന്ദിരക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു.

ഫെർണാണ്ടസിനെ പിടിക്കാൻ കഴിയാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ സഹോദരനേയും കുടുംബസുഹൃത്തും സഹപ്രവർത്തകയുമായ സിനിമാതാരം സ്നേഹലത റെഡ്ഡിയേയും ഭരണകൂടം അതി ക്രൂരമായി പീഡിപ്പിച്ചു. സഹോദരൻ ലോറൻസിന്റെ കൈകാലുകൾ അടിച്ചൊടിച്ചു. സ്നേഹലത റെഡ്ഡിയെ ആത്സ്മ രോഗി ആയിരുന്നിട്ട് കൂടി ജയിലിൽ ക്രൂരമായി പീഡിപ്പിച്ചു. എട്ടുമാസത്തെ ജയിൽ വാസത്തിനു ശേഷം പുറത്തു വിട്ട അവർ ഒരുമാസം തികയുന്നതിനു മുൻപ് ഹൃദയസ്തംഭനം വന്ന് മരിച്ചു.

1976 മാർച്ച് 10 ന് ഫെർണാണ്ടസ് കൽക്കട്ടയിൽ അറസ്റ്റിലായി .അദ്ദേഹത്തെ വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. നിരന്തരമായി ചോദ്യം ചെയ്തു. ഫാസിസ്റ്റ് ആധിപത്യത്തിനെതിരെ പൊരുതുന്ന ഒരു ഇന്ത്യൻ എന്നു മാത്രമായിരുന്നു ഉത്തരം. ഫെർണാണ്ടസിന് എന്തെങ്കിലും സംഭവിച്ചാൽ ഇന്ദിര ഉത്തരം പറയേണ്ടിവരുമെന്ന് പല ലോകനേതാക്കളും പ്രസ്താവിച്ചു.
കോടതിയിൽ ഫെർണാണ്ടസ് സ്വന്തം പ്രസ്താവന വായിച്ചു. ഇന്ദിരാധിപത്യം ജനാധിപത്യത്തെ ഇല്ലാതാക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചു. ഇന്ത്യൻ പത്രങ്ങൾക്ക് അത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും വിദേശത്ത് ഇത് വലിയ വാർത്തയായി.

ജയിലിൽ കിടക്കുമ്പോഴായിരുന്നു 1977 ലെ പൊതു തെരഞ്ഞെടുപ്പ്. മുസഫർപൂരിൽ ഫെർണാണ്ടസ് മത്സരിച്ചു. മൂന്നു ലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഫെർണാണ്ടസ് ജയിച്ചു. ഇന്ദിരാധിപത്യം അവസാനിച്ചു. ജനത സർക്കാർ അധികാരത്തിലേറി.എല്ലാം പൊറുക്കുകയും മറക്കുകയും ചെയ്യണമെന്ന മൊറാർജി ദേശായിയുടെ അഭ്യർത്ഥനയോട് ജയപ്രകാശ് നാരായണന്റെ അവസ്ഥ , ലോറൻസ് അനുഭവിച്ച മർദ്ദനം , സ്നേഹലതയുടെ അകാല മരണം ഇതൊക്കെ മറക്കാൻ കഴിയുമോ എന്നായിരുന്നു ജോർജ്ജ് ഫെർണാണ്ടസിന്റെ ചോദ്യം.

കോൺഗ്രസ് ആധിപത്യത്തിനെതിരെ ആയിരുന്നു എന്നും അദ്ദേഹം. എൻ.ഡി.എ കൺവീനറായി സ്വതന്ത്ര ഭാരത ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിതര സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. പ്രതിരോധമന്ത്രിയായി ഇന്ത്യൻ സൈനിക ശക്തിയെ വിപുലപ്പെടുത്താൻ പ്രയത്നിച്ചു. കാർഗിൽ വിജയം , പൊഖ്‌റാൻ ആണവ പരീക്ഷണം എന്നിവ ഫെർണാണ്ടസ് പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ്. ചൈനയാണ് ഇന്ത്യയുടെ പ്രധാന ശത്രുവെന്ന് അർത്ഥ ശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചു.

എതിരാളികൾ അഴിമതിക്കേസുകളിൽ കുടുക്കാൻ ശ്രമിച്ചെങ്കിലും സംശുദ്ധത അന്വേഷണത്തിൽ തെളിഞ്ഞു. ഓർമ്മയില്ലാതാകുന്നതു വരെ ലാളിത്യമാർന്ന ജീവിതം നയിച്ചു. ഒടുവിൽ ഓർമ്മകളില്ലാത്ത ലോകത്തെക്ക് യാത്രയായി..

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗത്തിന്റെ അന്ത്യം..

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close