ചെന്നൈ: കമ്പ്യൂട്ടറിന്റെ അഞ്ചാംയുഗത്തിന്റെ തള്ളിക്കയറ്റം സാധാരണക്കാരിലേയ്ക്കും അലയടിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് അതിന്റെ അനന്തസാധ്യതകള്‍ പരീക്ഷിക്കപ്പെടുന്ന കാലഘട്ടത്തിലേയ്ക്ക് നാം നീങ്ങിക്കഴിഞ്ഞു. ഇതിന് തെളിവാണ് ചെന്നൈയിലെ ഒരു റസ്റ്റോറന്റ്. ഇവിടെ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരെ സ്വീകരിക്കുന്നത് റോബോട്ടുകളാണ്.
ചെന്നൈയിലെ പോരൂര്‍ നഗരത്തിലെ ഒരു റസ്റ്റോറന്റാണ് ഇപ്പോള്‍ നഗരത്തില്‍ സംസാര വിഷയം. നീലയും വെള്ളയും ഇടകലര്‍ന്ന യൂണിഫോമില്‍ 7 റോബോട്ടുകളാണ് റസ്റ്റോറന്റിലെ വെയിറ്റര്‍മാര്‍. ഇവര്‍ക്ക് ഇംഗ്ലീഷും തമിഴും ഭാഷകള്‍ വശമുണ്ടെന്നതിനാല് നിങ്ങളുമായി സംസാരിക്കുകയും ചെയ്യും. റോബോട്ട് റസ്റ്റോറന്റ് എന്ന് പേരിട്ടിരിക്കുന്ന റസ്റ്റോറന്റ് ഭക്ഷണം കഴിക്കാന്‍ എത്തുന്നവരെ അതിശയിപ്പിക്കുന്നു.
റസ്റ്റോറന്റില്‍ കയറുമ്പോള്‍ തന്നെ റോബോട്ടുകള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് റെസപ്ഷനിലെ റോബോട്ട് മേശയുടെ നമ്പര്‍ നല്കുന്നു. മേശകളില്‍ തന്നെ ടാബ്ലറ്റ് രൂപത്തില്‍ ക്രമീകരിച്ചിരിക്കുന്ന മെനുവില്‍ ഇഷ്ട ഭക്ഷണം ആവശ്യപ്പെടാം. മിനിട്ടുകള്‍ക്കകം റോബോട്ട് ഭക്ഷണവുമായി എത്തും.
റസ്റ്റോറന്റിന്റെ സ്റ്റാഫുകളാണ് റോബോട്ടുകളെ നിയന്ത്രിക്കുന്നത്. ഇത്തരത്തില്‍ റോബോട്ടുകള്‍ വെയിറ്റര്മാരായിട്ടുള്ള 3 ബ്രാഞ്ചുകള്‍ തങ്ങള്‍ക്കുണ്ടെന്ന് മാനേജര്‍ അവകാശപ്പെടുന്നു. ഒരു റോബോട്ടിന് 5 ലക്ഷം രൂപയാണ് വില.
ചിട്ടയായ പ്രോഗ്രാമിങ്ങിലൂടെ തയ്യാറാക്കിയ റോബോട്ടുള് തങ്ങളുടെ ജോലി എളുപ്പമാക്കിയെന്നും ഇത് വരെ സാങ്കേതിക തകരാര്‍ ഒന്നും റോബോട്ടിന് സംഭവിച്ചിട്ടില്ലെന്നും മാനേജര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉടന്‍ ബംഗലൂരുവില്‍ ആരംഭിക്കുന്ന പുതിയ ബ്രാഞ്ചിലും ഇത്തരത്തിലുള്ള റോബോട്ടുകള തന്നെ ഉപയോഗിക്കുമെന്നും മാനേജര്‍ പറഞ്ഞു.