തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനത്തിനെ സംബന്ധിച്ച മുൻ നിലപാടുകളിൽ നിന്ന് മലക്കം മറിഞ്ഞ ദേവസ്വം ബോർഡിന്റേത് പിതൃ ശൂന്യനിലപാടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.
ഏതുവിധേനയും ശബരിമലയെ തകർക്കുക എന്നുള്ള ഒറ്റലക്ഷ്യം മാത്രമേ പിണറായി സർക്കാരിനും ദേവസ്വം ബോർഡിനുമുള്ളൂ എന്നതാണ് സുപ്രീംകോടതിയിൽ അവർ ഇന്നെടുത്ത നടപടിയിലൂടെ ബോധ്യമാവുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
പുനപരിശോധനാ ഹർജി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇന്ന് നടന്നത്. വിശ്വാസികളെ വേട്ടയാടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പിണറായി വിജയനും ദേവസ്വം ബോർഡും. നേരത്തെ കോടതിയിലെടുത്ത നിലപാടിനു വിരുദ്ധമായ നടപടി എന്തുകൊണ്ടെടുക്കുന്നു എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ദേവസ്വം ബോർഡിനായില്ല.
സി. പി. എമ്മിന്റെ പോഷകസംഘടനയെപ്പോലെയാണ് ദേവസ്വം ബോർഡ് പെരുമാറുന്നത്. വിശ്വാസികൾക്കനുകൂലമായ നിലപാട് സുപ്രീംകോടതി കൈക്കൊള്ളുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.