ഇടുക്കി: നിര്‍മാണം അന്തിമഘട്ടത്തിലെത്തിയ മൂന്നാറിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മ്മാണം രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ചത് റവന്യു വകുപ്പിന്റെ അനുമതിയില്ലാതെയെന്ന് രേഖകള്‍. പ്രളയം താണ്ഡവമാടിയ ഓഗസ്റ്റ് മാസത്തിലാണ് ജില്ലാ കളക്ടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി നല്കിയിരിക്കുനനത്.
മൂന്നാര്‍ദേവികുളം റോഡിലെ ഗവണ്മെന്റ് കോളേജിന് സമീപത്ത് കോടികള്‍ ചിലവഴിച്ചുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടു വര്‍ഷം മുമ്പാണ ഡിറ്റിപിസി ആരംഭിച്ചത്.എന്നാല്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് ജില്ലാ കളക്ടര്‍ കെ. ജീവന് ബാബു നിര്‍മാണത്തിനുള്ള എന്‍.ഒ.സി നല്‍കിയിരിക്കുന്നത്.
പ്രളയം താണ്ഡവമാടിയ ഓഗസ്റ്റ് മാസം 21 നാണ് കളകടര്‍ അനുമതി ലഭ്യമാക്കിയതെന്ന് രേഖകള്‍ പറയുന്നു. ജിയോളജിക്കല്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം മേഖലയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ സ്ഥലത്ത് പ്രളയ സമയത്ത് ജില്ലാ കളക്ടര്‍ അനുമതി നല്‍കിയതിനെതിരെ സി.പി.ഐ തന്നെ രംഗത്തെത്തത്തിയിട്ടുണ്ട്.
പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണത്തിനു പിന്നാലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മ്മാണം ആരംഭിച്ചതും റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്ന് വ്യക്തമാണ്.
മൂന്നാറില്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അത്രയും അനധികൃതമാണെന്നാണ് ഇത് വെളിവാക്കുന്നത്.