SportsSpecial

ചരിത്രം തിരുത്തിയ ഡബിളിന് ഇന്ന് 9-ാം പിറന്നാൾ

ഗ്വാളിയോർ ക്യാപ്റ്റൻ രൂപ് സിംഗ് സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കാൻ വെമ്പി നിൽക്കുന്നു. ബൗളിംഗ് എൻഡിൽ നിന്ന് ലാംഗ്വെൽറ്റ് അൻപതാമത്തെ ഓവറിലെ മൂന്നാമത്തെ പന്തെറിയാൻ റണ്ണപ്പെടുത്തു മുന്നോട്ട് .

ഓഫ്സ്റ്റമ്പിനു പുറത്ത് വൈഡ് വരയോട് ചേർന്ന് ഓവർ പിച്ച് ഡെലിവറി പോയിന്റിലേക്ക് സ്റ്റിയർ ചെയ്ത് ബാറ്റ്സ്മാൻ . പിഴവില്ലാത്തെ ഗ്രൗണ്ട് ഷോട്ട് പിടിയിലൊതുക്കാൻ ശ്രമിച്ചെങ്കിലും കയ്യിൽ തട്ടി പന്ത് ഫീൽഡറെ കടന്ന് മുന്നോട്ട് .. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി അവിടെ പിറക്കുകയായിരുന്നു

1997 ലെ പെപ്സി ഇൻഡിപെൻഡൻസ് കപ്പിൽ തകർത്തടിച്ച് പാകിസ്ഥാന്റെ സയിദ് അൻവർ മുന്നേറുമ്പോൾ ഒരു പക്ഷേ ഇന്ത്യൻ ആരാധകർ പ്രാർത്ഥിച്ചിരുന്നതും ഇതിനു വേണ്ടിയായിരിക്കാം. അവരുടെ സച്ചിനല്ലാതെ മറ്റാരും ആദ്യ ഡബിളടിക്കരുതേ എന്ന്. ചെന്നൈയിൽ സച്ചിന്റെ പന്ത് ആകാശത്തേക്കുയർത്തിയടിച്ച സയിദ് അൻവറിനെ തലയിടിച്ചു വീണിട്ടും പിടിവിടാതെ ഗാംഗൂലി കയ്യിലൊതുക്കിയപ്പോൾ ആ പ്രാർത്ഥന ഫലിച്ചു. അൻവർ 194 ന് പുറത്തായി.

2009 ൽ സിംബാബ്‌വേയുടെ ചാൾസ് കവൻട്രിയും ഇന്ത്യക്കാരെ ഒന്നു പേടിപ്പിച്ചിരുന്നു. ബംഗ്ളാദേശിനെതിരെ 194 റൺസെടുത്തു നിൽക്കെ ഓവറുകൾ അവസാനിച്ചതാണ് കവൻട്രിക്ക് ആദ്യ ഇരുനൂറുകാരനാകാൻ തടസമായത്.

ഗ്വാളിയോറിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു സച്ചിൻ. വെയ്ൻ പാർനലിലെ കവറിലേക്ക് പറത്തി തുടക്കമിട്ടു. അടുത്ത പന്ത് സ്വതസിദ്ധമായ ഫ്ളിക്കിലൂടെ മിഡ് വിക്കറ്റ് ബൗണ്ടറിയിലേക്ക് . വിഖ്യാത ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്നും സച്ചിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. 37 പന്തിൽ അർദ്ധ സെഞ്ച്വറി.

മനോഹരമായ ഫ്ളിക്കുകളും വന്യമായ ലോഫ്റ്റഡ് ഷോട്ടുകളും വാണ്ടർമെർവിനെതിരെ ഇൻസൈഡ് ഔട്ട് ഷോട്ടുകളും കൊണ്ട് സച്ചിൻ കളം നിറഞ്ഞാടുകയായിരുന്നു . ഡുമ്മിനിയെ സ്ക്വയർ കട്ട് ചെയ്ത് നാൽപ്പത്തിയാറാം സെഞ്ച്വറി നേടാനെടുത്തത് 90 പന്തുകൾ. അടുത്ത അൻപത് റൺസ് പിറന്നത് വെറും ഇരുപത്തെട്ടു പന്തുകളിൽ.

നാൽപ്പത്തിയെട്ടാം ഓവറിൽ തന്നെ 199 ലെത്തിയ സച്ചിനു വേണ്ടി ഗ്യാലറിയിൽ ആരവങ്ങളുയർന്നപ്പോൾ മറു സൈഡിൽ നായകൻ ധോണി ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തലങ്ങും വിലങ്ങും തല്ലുകയായിരുന്നു . 49-ാം ഓവറിലെ അവസാന പന്ത് ധോണി സിംഗിളെടുത്തതോടെ മാസ്റ്റർ ബ്ളാസ്റ്ററിന് ഇരുനൂറു തികയ്ക്കാനാകുമോ എന്ന സംശയമുയർന്നു .

ക്യാപ്ടനോട് സിംഗിളെടുക്കാൻ ആവശ്യപ്പെട്ട് കാണികൾ മുറവിളി കൂട്ടുന്നതിനിടെ അൻപതാമത്തെ ഓവറിലെ മൂന്നാം പന്ത് നേരിടാൻ സച്ചിനു അവസരം ലഭിച്ചു. ചരിത്രം അവിടെ തിരുത്തപ്പെട്ടു. ഏകദിനത്തിലെ ആദ്യ ഡബിൾ അതർഹിക്കുന്ന ബാറ്റിനാൽ തന്നെ എഴുതപ്പെടുകയായിരുന്നു.

സച്ചിൻ രമേഷ് ടെണ്ടുൽക്കർ ചരിത്രം സൃഷ്ടിച്ചിട്ട് ഇന്ന് 9 വർഷം. പിന്നീട് വീരേന്ദർ സേവാഗും രോഹിത് ശർമ്മയും ക്രിസ് ഗെയിലും മാർട്ടിൻ ഗുപ്ടിലും ഏകദിനത്തിലെ ഇരുനൂറുകാരുടെ പട്ടികയിൽ കയറിയെങ്കിലും സച്ചിന്റെ ഡബിൾ വിരാമമിട്ടത് 39 വർഷവും 2961 കളികളും നീണ്ട കാത്തിരിപ്പിനായിരുന്നു.

സ്റ്റേഡിയം സച്ചിൻ സച്ചിൻ വിളികളാൽ പ്രകമ്പനം കൊണ്ടപ്പോൾ ഹെൽമറ്റും ബാറ്റും ആകാശത്തേക്കുയർത്തി എക്കാലത്തെയും മനോഹരമായ പുഞ്ചിരി സമ്മാനിച്ചതിനു ശേഷം മാസ്റ്റർ ബ്ളാസ്റ്റർ ക്രീസിലേക്ക് തന്നെ തിരിച്ചു പോകുമ്പോൾ ആശംസകളർപ്പിച്ചു കൊണ്ട് സവായ് മാൻസിംഗിലെ കാണികൾ മാത്രമല്ല ലോകത്തെ എല്ലാ ക്രിക്കറ്റ് ആരാധകരും ഒരു നിമിഷം എഴുന്നേറ്റ് നിന്നിരിക്കാം .

4K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close