Special

യുവത്വം ഓണ്‍ലൈന്‍ ഷോപ്പിംഗിന് അടിമയാകുമ്പോള്‍….

എസ്.കെ ശാരിക

പ്രായഭേദമന്യേ ഷോപ്പിംഗ് ഒരു ഹരമാണ്. കടിഞ്ഞാണില്ലാത്ത മനസ് കാണാപ്പുറങ്ങള്‍ തേടുന്നതു പോലെ. അന്തമായി നീളുന്ന ഉത്പന്നനിരകളില്‍ നിന്നും കണ്ടും അറിഞ്ഞും താരതമ്യം ചെയ്തും ചികഞ്ഞെടുക്കുന്ന ഇഷ്ടവസ്തുക്കളുടെ മായികലോകം.
ഷോപ്പിംഗ് മാളുകളിലും ഓണ്‍ലൈന്‍,ഷോപ്പിംഗ് സൈറ്റുകളിലും സന്ദര്‍ശിക്കുകയെന്നത് മാനസികോല്ലാസത്തിന്റെ ഭാഗമായി ചെയ്യുവരും എറെയാണ്. ജോലിയുടെയും മറ്റ് സമ്മര്‍ദ്ദങ്ങളുടേയും ഇടയ്ക്ക് ഒരു പരിധി വരെ ഉന്മേഷം പ്രധാനം ചെയ്യാനായി ഷോപ്പിംഗ് സഹായിക്കുന്നതായി സര്‍വ്വേകള്‍ തെളിയിക്കുന്നു.

അതു കൊണ്ട് തന്നെയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിന് ഇത്രയധികം സ്വീകാര്യത ലഭിച്ചതും. ഇഷ്ട വസ്തുക്കള്‍ വിരല്‍ തുമ്പിലൂടെ വീടിന്റെ പടിക്കല്‍ എത്തുന്ന ആധുനിക സംവിധാനങ്ങളാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ മുഖ്യ ആകര്‍ഷണം.

ഷോപ്പിംഗിനെ രണ്ടായി തരംതിരിക്കാം. ഓണ്‍ലൈനും ഓഫ് ലൈനും. മുതിര്‍ന്നവര്‍ക്ക് എപ്പോഴും പ്രിയം ഓഫ്‌ലൈന്‍ ഷോപ്പിംഗ് അഥവാ നേരിട്ടുള്ള ഷോപ്പിംഗാണ്. എന്നാല്‍ യൂത്തിന് എപ്പോഴും പ്രിയം ഓണ്‍ലൈന്‍ ഷോപ്പിംഗാണ്. ആമസോണ്‍, ഫഌപ് കാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ വാരിക്കോരി നല്‍കുന്ന ഓഫറുകളാണ് തന്നെയാണ് പ്രധാന ആകര്‍ഷണം.

ലോകത്ത്് എവിടെയിരുന്നും ഷോപ്പിംഗ് നടത്താമെന്നതാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിനെ ഇത്രയും സ്വീകാര്യമാക്കുന്നത്. ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗച്ച് കാഷ്‌ലെസ്സായി സ്മാര്‍ട്ട് ഷോപ്പിംഗ് നടത്താമെന്നതും ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ പ്രത്യേകതയാണ്. കൂടാതെ സാധനങ്ങള്‍ താരതമ്യം ചെയ്ത് വാങ്ങാമെന്നതും വാങ്ങുന്ന സാധനത്തിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാനാകുമെന്നതും ഇതിനെ ജനകീയമാക്കുന്നു.

രണ്ടുവര്‍ഷത്തിനിപ്പുറം ഉണ്ടായ ഈ തരംഗത്തില്‍ ആണ്‍പെണ്‍ ഭേദമന്യേയുള്ള പുതുതലമുറ അടിമയാണ്. ഒരിക്കല്‍ വാങ്ങിയാല്‍ വീണ്ടും വാങ്ങാന്‍ പ്രേരണയുണ്ടാക്കുന്ന രീതിയില്‍ ഉപഭോക്താവിന്റെ അഭിരുചി മനസിലാക്കി ഇത്തരം സൈറ്റുകള്‍ സമാനമായ ഓഫറുകള്‍ വരുമ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ നല്‍കുന്നു. സ്വാഭാവികമായി ഇത് കാണുമ്പോള്‍ വീണ്ടും ഓണ്‍ലൈന്‍ ഷോപ്പിംഗിന് തയാറാകുന്നു.

പരസ്യങ്ങളില്‍ കാണുന്ന ഉത്പന്നം വാങ്ങണമെന്ന ആഗ്രഹം അധികരിക്കുമ്പോള്‍ അത് അഡിക്ഷനായി മാറുന്നു. ഈ അഡിക്ഷനുകള്‍ വൈകാരികമായ ചിന്തകള്‍ക്ക് യുവത്വത്തെ അടിമയാക്കുന്നു. ഉത്കണ്ഠ, വിഷാദം ആഗ്രഹിച്ച വസ്തുക്കള്‍ വാങ്ങാന്‍ കഴിഞ്ഞില്ലെന്ന നിരാശ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകുന്നു. നൂതന ഫാഷന്‍ തരംഗങ്ങള്‍ക്ക് പിന്നാലെ പോകുമ്പോള്‍ വൈകാരിക അഡിക്ഷനുണ്ടകാതിരിക്കാനുള്ള കഴിവുകള്‍ കൂടി ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ട്.

ഓണ്‍ലൈന്‍ ഷോപ്പിംഗിന് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. വിവിധ ഓഫറുകളും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും വ്യത്യസ്തത ആഗ്രഹിക്കുന്ന മനസിന്റെ ചൂണ്ടുപലകകളാണ്.

എന്നാല്‍ പ്രേരണകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് അഡിക്ഷനിലേക്ക് കൊണ്ടെത്തിക്കുന്നു. ട്രന്‍ഡായി ഓണ്‍ലൈന്‍ ഷോപ്പിംഗ് അംഗീകരിക്കപ്പെടുമ്പോഴും ഇതിന് അഡിക്ട് ആകുമ്പോള്‍ ഉണ്ടാകുന്ന സാമൂഹിക മാനസിക പ്രശ്‌നങ്ങളും ഗൗരവപൂര്‍വ്വം നിരീക്ഷിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ ഇതില്‍ നിന്നും മുക്തി നേടാന്‍ അല്‍പം ശ്രദ്ധിച്ചാല്‍ സാധിക്കും. സ്മാര്‍ട്ട് ഫോണില്‍ നിന്നും ആപ്‌സ് നീക്കം ചെയ്താല്‍ തന്നെ അടിക്കടി സൈറ്റുകള്‍ സന്ദര്‍ശിക്കണമെന്ന രീതിയില്‍ മാറ്റമുണ്ടാകുന്നത് കാണാം. സാമൂഹിക മാധ്യമങ്ങളില്‍ കാണുന്ന പരസ്യങ്ങള്‍ പിന്‍തുടരുന്ന രീതി കഴിവതും ഒഴിവാക്കുക. സാമൂഹികമായുള്ള ഇടപെടലുകള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തുക. സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ തന്നെ സാമൂഹിക മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ കഴിയും.

സാമൂഹികമായി ഇടപെടാനുള്ള കഴിവുകള്‍ ഇത്തരം ഷോപ്പിംഗ് മാനിയകള്‍ നശിപ്പക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. പണം നോക്കാതെ ആവശ്യത്തിനും അനാവശ്യത്തിനും ഷോപ്പിംകഗ് ചെയ്യുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ മാറുന്നു. ഇത് സാമ്പത്തിക ബുദ്ധിമുട്ടിനും കുടുംബബന്ധങ്ങളെയും ദോഷകരമായി ബാധിക്കും.

ഇനി ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍ പരിശോധിക്കാം…

ഷോപ്പിംഗിന്റെ നിര്‍വചനം തന്നെ മാറിമറിഞ്ഞ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ അനന്ത സാധ്യതതകളും അതോടൊപ്പം ചതിക്കുഴികളും മനസിലാക്കിയേ മതിയാകൂ…

കമ്പനിയെക്കുറിച്ച് മനസിലാക്കുകയാണ് ആദ്യ പടി. ലോകോത്തര നിലവാരമുള്ള കമ്പനികള്‍ മിക്കതും തങ്ങളുടെ ഉത്പന്നങ്ങളുടെ ഏകരൂപതയും ഗുണനിലവാരവും കാത്തുസൂക്ഷിക്കും. അതിനാല്‍ അത്തരം ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പേടികൂടാതെ ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം.

ഉത്പന്നങ്ങളുടെ ചിത്രങ്ങള്‍ നോക്കി ഗുണങ്ങളും പോരായ്മകളും കൃത്യമായി അറിയാന്‍ സാധിക്കില്ലെന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ ഒരു ന്യൂനത തന്നെയാണ്. ഓരോ സാധനങ്ങളുടെ അഭിപ്രായവും റേറ്റിംഗും രേഖപ്പെടുത്താനള്ള സൗകര്യം സൈറ്റുകളില്‍ തന്നെയുണ്ടാകും. ഇതില്‍ നിന്നും ഗുണമേന്മയുള്ള സാധനങ്ങള്‍ മനസിലാക്കി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം.

അതേസമയം, ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ വില്‍ക്കാന്‍ വേണ്ടി മാത്രം നിരവധി സൈറ്റുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം സൈറ്റുകള്‍ തമ്മില്‍ ഒരു അന്തര്‍ധാര നിലനില്‍ക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ മതിയെങ്കില്‍ അതിന് മാത്രമായി ഇത്തരത്തില്‍ നിരവധി വ്യാജ ഇ കോമേഴ്‌സ് സൈറ്റുകള്‍ നിലവിലുണ്ട്.

ഇത്തരം സാധനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സൈറ്റുകള്‍ ഓണ്‍ലൈനില്‍ സരോജിനി മാര്‍ക്കറ്റ്് എന്ന പേരില്‍ അറിയപ്പെടുന്നു. ഡല്‍ഹിയിലെ ഏറ്റവും പ്രശസ്തമായ തിരക്കേറിയ ഒരു തെരുവോര സൂപ്പര്‍ മാര്‍ക്കറ്റാണ് സരോജിനി നഗര്‍ മാര്‍ക്കറ്റ്. ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുടെ ഒരു കലവറയാണ് ഈ സൂപ്പര്‍ മാര്‍ക്കറ്റ് . അതിനാലാണ് ഡ്യൂപ്ലിക്കേറ്റ് സൈറ്റുകലെ ഇത്തരത്തില്‍ അറിയപ്പെടാന്‍ കാരണം. അതിന്റെ രെു ഓണ്‍ലൈന്‍ രൂപമാണ് ഷോപ്പ് ക്ലൂസ .കോം. ഇത്തരം സൈറ്റുകളിലെ ഉത്പന്നങ്ങള്‍ക്ക് യാതൊരു ഉറപ്പും ഇല്ല പക്ഷേ, മികച്ച കസ്റ്റമര്‍ കെയര്‍ സര്‍വ്വീസുകളാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.

ശ്രദ്ധിക്കേണ്ടവ:

ആധികാരികതയുള്ള സൈറ്റുകള്‍ തിരഞ്ഞെടുക്കുക. ആമസോണ്‍, ഫഌപ് കാര്‍ട്ട്, ഇബെ, സ്‌നാപ്പ് ഡീല്‍, മുതലായ സൈറ്റുകള്‍ താരതമ്യേന വിശ്വസനീയമാണ്.

നികുതിയും ഇടനിലക്കാരും കുറവായതിനാല്‍ തന്നെ കുറഞ്ഞ വിലയില്‍ ഉപഭോകതാക്കള്‍ക്ക് ഉത്പന്നങ്ങള്‍ സ്വന്തമാക്കാം.

ഉത്പന്നങ്ങളുടെ വില മറ്റ് സൈറ്റുകളുമായി താരതമ്യം ചെയ്ത് വാങ്ങാം. മികച്ച ഉത്പന്നം കുറഞ്ഞവിലയില്‍ സ്വന്തമാക്കാനാകുമെന്നതാണ് മേന്മ.

സ്പര്‍ശനത്തിലൂടെയോ ഉപയോഗത്തിലൂടെയോ ഉത്പങ്ങളുടെ സവിഷേഷതകള്‍ മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ വിശേഷ നിരൂപണം കൃത്യമായി പിന്‍തുടരുക.

ബ്രാന്‍ഡ്ഡ് ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുക. ഒറിജിനലിനെ വെല്ലുന്ന വ്യാജ ഉത്പന്നങ്ങള്‍ വിപണിയില്‍ സുലഭമായതിനാല്‍ തട്ടിപ്പിനിരയാകാനുള്ള സാധ്യത ഏറെയാണ്.

ഉത്പന്നങ്ങളുടെ റേറ്റിംഗും റിവ്യൂകളും പരിഗണിച്ച് ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുക.വ്യാജ ഉത്പന്നങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ ഇത് ഉപകരിക്കും.

വാറന്റിയുള്ള സാധനങ്ങള്‍ക്ക് പ്രാതിമുഖ്യം നല്‍കുക. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വാരന്റിയുള്ളവ തിരഞ്ഞെടുക്കുക.

ഉത്പന്നങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടോ മാറ്റേണ്ടതായി വന്നാല്‍ അതിനുള്ള അവസരങ്ങള്‍ തിരഞ്ഞെടുക്കുന്ന സൈറ്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

ക്യാഷ് പെയ്‌മെന്റില്‍ കൃത്യത പാലിക്കുക. പാസ് വേഡുകളും ബില്‍ പേയ്‌മെന്റ് വിവരങ്ങളും ഭദ്രമായി സൂക്ഷിക്കുക.

മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍, ഡെലിവറി ഫീ, പാക്കേജ് ചാര്‍ജുകള്‍ എന്നിവ മുന്‍കൂട്ടി തിട്ടപ്പെടുത്തിയാവണം ഓണ്‍ലൈന്‍ ഷോപ്പിംഗിന് തയ്യാറാകേണ്ടത്. കൂടാതെ പണമിടപാടുകളില്‍ കൃത്യത നിര്‍ബന്ധമായും സൂക്ഷിക്കുക. ബാങ്ക് വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കാം. കൃത്യമായ പണം തന്നെയാണോ ബാങ്ക് അക്കൗണ്ടില്‍ നിന്നും കുറവ് വന്നിട്ടുള്ളതെന്ന് ഉറപ്പ് വരുത്താന്‍ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കുന്നതിലൂടെ സാധിക്കും.

235 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close