KeralaEntertainment

മണിക്കിലുക്കം മാഞ്ഞിട്ട് മൂന്ന് വര്‍ഷം..

എസ്.കെ ശാരിക

ചേട്ടന്റെ മനസ് ഒരു മണിപ്പേഴ്‌സ് തുറന്നപോലെയാ… അതെ മണിയുടെതന്നെ ഡയലോഗ് പോലെയായിരുന്നു സ്വന്തം ജീവിതവും. ജീവിതവിജയത്തിന്റെ പാരമ്യത്തിലെത്തി, പക്ഷേ അത് ആസ്വദിക്കാന്‍ കഴിയും മുമ്പ് അണഞ്ഞു പോയ ദീപനാളം.

പട്ടിണിയുടേയും വിയര്‍പ്പിന്റെയും കഷ്ടപാടിന്റെയും നാളുകളില്‍ നിന്നും കലയുടെ വിരിമാറിലൂടെ പ്രശസ്തിയിലേയ്ക്ക്. അച്ഛന്റെ വിയര്‍പ്പിന്റെ മണമുള്ള നാടന്‍ പാട്ടുകള്‍ കേട്ടുവളര്‍ന്ന കുട്ടിക്കാലത്തിലൂടെ കല രക്തത്തിലലിഞ്ഞ നാളുകള്‍. ഉപജീവനമാര്‍ഗമായി ഓട്ടോ ഓടിക്കാന്‍ ഇറങ്ങുമ്പോഴും മനസിലും സിരകളിലും കലയുടെ തുടിതാളമായിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി ജില്ലയില്‍ ജനിച്ച മണി കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. തുടര്‍ന്ന് കോമഡി വേഷങ്ങളിലൂടെയാണ് സിനിമയുടെ തട്ടകത്തിലെത്തി. നാടന്‍ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലൂടെയായിരുന്നു മണിയുടെ വളര്‍ച്ച.

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പ്രചരിച്ചിരുന്ന നാടന്‍ പാട്ടുകള്‍ പുതിയ തലമുറയിലെത്തിക്കാന്‍ മണിക്കുകഴിഞ്ഞുവെന്നതാണ് മണിയുടെ പ്രത്യേകത.

സിനിമാ സംഗീതത്തിനു സമാന്തരമായി നാടന്‍പാട്ടുകളെ തനിനാടന്‍ ശൈലിയില്‍ത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷമാണ് മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ മുതലായ ചിത്രങ്ങളില്‍ പകരം വെയ്ക്കാനില്ലാത്ത അഭിനയം കാഴ്ച വെച്ചു.

മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല മണിയുടെ അഭിനയ പാടവം. അന്യ ഭാഷാചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലും സഹനടനായും അദ്ദേഹം തന്റെ ജൈത്രയാത്ര തുടര്‍ന്നു.

പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ തൊട്ടറിഞ്ഞതിനാലാകണം, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു മണി. പാവപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി ‘ചാലക്കുടിക്കാരന്‍ ചങ്ങാതിയായി’ മണി എന്നും കൂടെയുണ്ടായിരുന്നു.

2016 മാര്‍ച്ച് 6 നാണ് മരണം അദ്ദേഹത്തെ കവര്‍ന്നത്. നാടന്‍ പാട്ടുകളും സംഗീതവുമില്ലാത്ത ലോകത്തിലാണദ്ദേഹമെങ്കിലും മണിക്കിലുക്കവും ചിരിയും ഒരിക്കലും കാലയവനികയ്ക്കുള്ളില്‍ മായില്ല.

401 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close