ടെഹ്റാൻ: അൽഖ്വയിദയുമായി ബന്ധമുള്ള ഭീകരവാദ സംഘടനയായ ജെയ്ഷുൽ അദ്ൽ അടക്കം പാക് മണ്ണിലെ സകല തീവ്രവാദി സംഘടനകൾക്കെതിരെയും ശക്തമായ നടപടിയെടുക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി.
കഴിഞ്ഞ മാസം ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്സ് സഞ്ചരിച്ച ബസ്സിന് നേരെ നടന്ന ഭീകരാക്രമണത്തിൽ 27 സൈനികർ കൊല്ലപ്പെടുകയും 13 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പാകിസ്ഥാൻ പൗരന്മാർ പിടിയിലായിരുന്നു. കിഴക്കൻ ഇറാനിലെ പാക് അതിർത്തിക്ക് സമീപമുള്ള ഹൈവേയിൽ വെച്ച് നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷുൽ അദ്ൽ ഏറ്റെടുത്തിരുന്നു.
ഈ ഭീകരവാദികൾക്കെതിരായി തങ്ങൾ ശക്തമായ നടപടി പ്രതീക്ഷിക്കുന്നതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് റൂഹാനി ആവശ്യപ്പെട്ടു.
തങ്ങളുടെ സൈനികർക്ക് നേരെ ആക്രമണം നടത്തിയത് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരവാദ സംഘടനയാണെന്ന് തങ്ങളുടെ പക്കൽ വ്യക്തമായ തെളിവുകളുണ്ടെന്ന് നേരത്തെ ഇറാനിയൻ ബ്രിഗേഡിയർ ജനറൽ മൊഹമ്മദ് പക്പോർ വ്യക്തമാക്കിയിരുന്നു.