ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്പനികളായ ടി-സീരീസിന്റെയും സീ മ്യൂസികിന്റെയും യാഷ് രാജ് ഫിലിംസിന്റെയും മേധാവികളുമായി ലൈസൻസിംഗ് ധാരണയിലെത്തിയതായി ഫേസ്ബുക്ക് അധികൃതർ അറിയിച്ചു. ഇനി മുതൽ ഈ കമ്പനികളുടെ ഗാനങ്ങൾ ഉപഭോക്താക്കൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടുത്താം. ഇതിന് മുൻപ് പകർപ്പാവകാശ പ്രശ്നങ്ങളെത്തുടർന്ന് ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്തിരുന്നു.
ഇനി മുതൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ആയിരക്കണക്കിന് ഗാനരംഗങ്ങൾ ഫേസ്ബുക്കിലൂടെ പങ്ക് വെച്ച് തങ്ങളുടെ പ്രിയങ്കരമായ നിമിഷങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കാനാകുമെന്ന് ഫേസ്ബുക്ക് അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇന്ത്യയിലെ പ്രമുഖ സംഗീത കമ്പനികളുമായി പങ്കാളിത്ത ധാരണയിലെത്താൻ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണെന്നും ഉപഭോക്താക്കൾക്ക് ഇനി പരിധിയില്ലാതെ ഇതിന്റെ സൗകര്യം ആസ്വദിക്കാൻ കഴിയുമെന്നും ഫേസ്ബുക്ക് വക്താവ് മനീഷ് ചോപ്ര പറഞ്ഞു.
ബോളിവുഡ് ഗാനങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്ക് വെക്കാനുള്ള അനുവാദം ഉപഭോക്താക്കൾക്ക് പരിധിയില്ലാതെ ലഭ്യമാകുന്നത് അവരുടെ ആസ്വാദന സ്വാതന്ത്ര്യത്തിന് പുത്തൻ വർണങ്ങൾ നൽകുമെന്ന് ടി-സീരീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഭൂഷൺ കുമാർ അറിയിച്ചു.