ന്യൂഡൽഹി :ബലാക്കോട്ട് വ്യോമാക്രമണത്തിനു പിന്നാലെ അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം. കഴിഞ്ഞ ദിവസം രാത്രിയിലാണ് പഞ്ചാബ്,ജമ്മു അതിർത്തികളിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ അഭ്യാസ പ്രകടനം നടത്തിയത്.
സൂപ്പർസോണിക്ക് വേഗതയോടുകൂടിയ മുൻ നിര യുദ്ധവിമാനങ്ങളായിരുന്നു അമൃത്സർ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ നടന്ന പ്രകടനങ്ങളിൽ പങ്കെടുത്തത്.പാകിസ്ഥാൻ അതിർത്തിയിൽ വൻ സൈനിക വിന്യാസം നടത്തുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു .ഇതിനെ പ്രതിരോധിക്കാനും,ഇന്ത്യയുടെ കരുത്ത് തെളിയിക്കാനുമായിട്ടാണ് ഇന്ത്യൻ വ്യോമസേന ഇത്തരത്തിൽ അഭ്യാസ പ്രകടനം നടത്തിയത്.
മാത്രമല്ല കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിൽ പത്ത് കിലോമീറ്റർ ഭാഗത്ത് പാക് യുദ്ധവിമാനങ്ങൾ പറക്കുകയും ചെയ്തിരുന്നു.വിവരമറിഞ്ഞ ഇന്ത്യൻ വ്യോമസേന സംഭവം വിശദമായി നിരീക്ഷിക്കുകയും,പ്രതിരോധത്തിനായി തയ്യാറെടുക്കുകയും ചെയ്തു.