പനാജി: അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനാജിയില്‍ നടക്കും. വൈകിട്ട് അഞ്ച് മണിയോടെയാകും ചടങ്ങുകള്‍. ബിജെപി സംസ്ഥാന ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചതിന് ശേഷമാകും സംസ്കാര ചടങ്ങുകള്‍ നടത്തുക. ഡല്‍ഹിയില്‍ പ്രത്യേക അനുശോചന യോഗം ചേര്‍ന്നതിന് ശേഷം പ്രധാനമന്ത്രി, മറ്റ് കേന്ദ്രമന്ത്രിമാര്‍ എന്നിവരടക്കമുള്ളമുള്ളവര് ഗോവയിലെത്തും. അതേസമയം ഇന്ന് ദേശീയ ദുഖാചരണ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തും എല്ലാ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും തലസ്ഥാനത്തും ദുഖസൂചകമായി ദേശീയപതാക താഴ്ത്തിക്കെട്ടും.
63 കാരനായ പരീക്കര്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തന്റെ സ്വകാര്യ വസതിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം. വിദേശ ചികിത്സ കഴിഞ്ഞെത്തിയ മനോഹര്‍ പരീക്കര്‍ പിന്നീട് ഡല്‍ഹിയില്‍ എയിംസിലും ചികിത്സ തേടിയിരുന്നു. രോഗത്തിനു ചികിത്സ തേടുന്ന വിവരം പുറത്ത് വന്നതോടെ പരീക്കര്‍ രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. എന്നാല്‍ അതിനെയൊക്കെ പിന്തള്ളിയാണ് ഗോവയുടെ എക്കാലത്തെയും കരുത്തനായ മുഖ്യമന്ത്രി മടങ്ങി വന്നത്.
മൂന്ന് തവണ ഗോവ മുഖ്യമന്ത്രി പദം വഹിച്ച പരീക്കര്‍ മോദി മന്ത്രിസഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധ മന്ത്രിയുമായിരുന്നു. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ജീവിതത്തിലുടനീളം ലാളിത്യം കാത്തുസൂക്ഷിച്ച ജനങ്ങളുടെ നേതാവായിരുന്നു പരീക്കര്‍.മിസ്റ്റര്‍ ക്ലീന്‍ എന്ന വിളിപ്പേരു അദ്ദേഹം നേടിയെടുത്തത് ജനങ്ങളോടുള്ള അചഞ്ചലമായ കൂറും സംശുദ്ധമായ രാഷ്ട്രീയവും കൊണ്ടായിരുന്നു.
2012 ല്‍ ഗോവയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് മനോഹര്‍ പരീക്കറുടെ മിസ്റ്റര്‍ ക്ലീന്‍ ഇമേജായിരുന്നു. പിന്നീട് 2014 ല്‍ അദ്ദേഹം കേന്ദ്രത്തില്‍ പ്രതിരോധ മന്ത്രിയായി. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ പ്രതിസന്ധി ഉടലെടുത്തപ്പോള്‍ അദ്ദേഹം പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ച് ഗോവയിലേക്ക് പോയി. വീണ്ടും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. 2018 ലാണ് പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സര്‍ സ്ഥിരീകരിച്ചത്.