ന്യൂഡല്‍ഹി: മേം ഭീം ചൗക്കീദാര്‍ പ്രചാരണം കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ ഭാഗമായി ഈ മാസം 31ന് രാജ്യമൊട്ടാകെ 500 ഇടങ്ങളിലായി ഒത്തു കൂടുന്ന വിവിധ ആളുകളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. മേം ഭി ചൗക്കിദാര്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ക്യാംപെയ്ന് ട്വിറ്ററില്‍ ട്രന്റിംഗ് ആയി മാറിയിരുന്നു. ഇതിന് വലിയ രീതിയിലുള്ള പ്രതികരണം ലഭിച്ചതോടെ ട്വിറ്റര്‍ അക്കൗണ്ടിലും പേരിന് മാറ്റം വരുത്തിയിരുന്നു. പ്രധാനമന്ത്രിക്ക് പിന്നാലെ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, തുടങ്ങി നിരവധി് ആളുകള്‍ അവരുടെ പേരിന് മുന്നില്‍ ട്വിറ്ററില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ത്തിരുന്നു.
അതേസമയം ചൗക്കിദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം അപ്രസക്തമാക്കാനാണ് ബദല്‍ മുദ്രാവാക്യമെന്ന കോണ്‍ഗ്രസ് വാദം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തള്ളി. 2014ലെ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ രാജ്യത്തിന്റെ പ്രഥമസേവകനും കാവല്‍ക്കാരനുമാണ് താനെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ജാമ്യത്തിലിറങ്ങി നടക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് ഇത് അരോചകമായി തോന്നിയേക്കാം. അഴിമതിമുക്ത രാജ്യത്തിനായുള്ള ജനകീയ യജ്ഞമാണിതെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ കാവല്ക്കാരന് ശക്തനായി തന്നെ രാജ്യസേവനത്തിനായി നിലകൊള്ളുകയാണെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ താന്‍ ഒറ്റയ്ക്കല്ലെന്നും സമൂഹത്തിലെ അഴിമതിക്കും, തിന്മക്കും, സാമൂഹിക അനാചാരങ്ങള്‍ക്കും എതിരെ പോരാടുന്ന ഓരോ വ്യക്തിയും കാവല്‍ക്കാരാണെന്നും അദ്ദേഹം കുറിച്ചു. രാജ്യപുരോഗതിക്കായി പ്രയത്നിക്കുന്ന ഓരോരുത്തരും കാവല്‍ക്കാരാണെന്നും ഇന്ന് ഓരോ ഇന്ത്യക്കാരനും താനൊരു കാവല്‍ക്കാരനാണെന്ന് പറയുന്നു’ വെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനൊപ്പം ഒരു വീഡിയോയും പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോയാണിത്.