ന്യൂഡല്‍ഹി: നിര്‍മ്മാണത്തിലിരിക്കുന്ന വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും പഴയ നികുതി നിരക്ക് ഈടാക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്കി. നിര്‍മ്മാതാക്കള്‍ക്ക് ഇന്പുട് ടാക്സ് ക്രെഡിറ്റിലൂടെ ലഭിക്കേണ്ട അര്‍ഹമായ തുക നഷ്ടമാകുമെന്നതിനാലാണ് പഴയ നികുതി നിരക്കോ പുതിയ നികുതി നിരക്കോ സ്വീകരിക്കാന്‍ അവസരം നല്കാന് തീരുമാനമായിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
40 ലക്ഷം രൂപ വരെ വിലയുള്ള കെട്ടിടങ്ങള്‍ക്കുളള ജിഎസ്ടി 8 ശതമാനത്തില്‍ നിന്നും ഒരു ശതമാനമായും അതില്‍ കൂടുതല്‍ വിലയുള്ളവയ്ക്ക് 12 ശ തമാനത്തില്‍ നിന്നും 5 ശതമാനമായും കഴിഞ്ഞ ജിഎസ്ടി കൗണ്‍സിലില്‍ കുറച്ചിരുന്നു.
ഈ മാസം 31 ന് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വീടുകളെയാണ് നിര്മ്മാണത്തിലിരിക്കുന്നവയായി കണക്കാക്കുന്നത്. ഏത് നിരക്ക് വേണമെന്ന് തീരുമാനിക്കാന്‍ ഒരു തവണയേ അവസരം ലഭിക്കുകയുള്ളൂ.
കെട്ടിട നിര്‍മ്മാണത്തിനുള്ള 80 ശതമാനം വസ്തുക്കളും രജിസ്റ്റേഡ് ഡീലര്‍മാരില്‍ നിന്ന് തന്നെ വാങ്ങണം. അല്ലാത്തപക്ഷം ഇന്പുട് ടാക്സ് ക്രെഡിറ്റിന് അര്‍ഹത ലഭിക്കില്ല.