ബംഗലൂരു: മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നടി സുമലത പത്രിക നൽകി. ആയിരക്കണക്കിന് അനുയായികളുടെ സാന്നിദ്ധ്യത്തിലാണ് സുമലത പത്രിക നൽകിയത്.
അംബരീഷ് ആരാധകരും കന്നഡ സൂപ്പർ താരങ്ങളായ യഷ്, ദർശൻ എന്നിവരും നിരവധി കർഷക സംഘടനാ നേതാക്കളും സുമലതയ്ക്ക് അഭിവാദ്യമർപ്പിക്കാനെത്തി.
കർണാടകയിലെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമായിരുന്നു സുമലത പ്രഖ്യാപിച്ചത്. അന്തരിച്ച ഭർത്താവ് അംബരീഷ് എം പിയുടെ പാരമ്പര്യം നിലനിർത്താനാണ് താൻ മത്സരിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു. മാണ്ഡ്യയിൽ കോൺഗ്രസ്സ് സുമലതയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു.
മാണ്ഡ്യ സീറ്റിൽ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് സുമലതയുടെ എതിരാളി. സഖ്യം നിലനിർത്താൻ ജെഡിഎസ്സിന് മുന്നിലുള്ള കോൺഗ്രസ്സിന്റെ കീഴടങ്ങലാണ് നിഖിലിന്റെ സ്ഥാനാർത്ഥിത്വമെന്ന് വിമർശനങ്ങളുണ്ട്.
അതിനിടെ ബിജെപി നേതാവ് എസ് എം കൃഷ്ണയുമായി സുമലത കൂടിക്കാഴ്ച നടത്തിയിരുന്നു. മാണ്ഡ്യയിൽ ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.