ചെന്നൈ: പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയന്താരയ്ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തിയ നടന് രാധാരവിയെ ഡിഎംകെ സസ്പെന്‍ഡ് ചെയ്തു. നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ കൊലൈയുതിര്‍ കാലത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചാണ് ഇയാള്‍ മോശം പരാമര്‍ശം നടത്തിയത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കുന്നതായി ഡിഎംകെ ജനറല്‍ സെക്രട്ടറി കെ.അന്പഴകന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഒരാള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ അത് ചെറിയ ചിത്രമാണെന്നും, പൊള്ളാച്ചിയിലേതു പോലെ 40 പേര് പീഡിപ്പിച്ചാല്‍ അതു ഒരു വലിയ ചിത്രമാണെന്നുമായിരുന്നു പൊള്ളാച്ചി പീഡനവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശം. ഇതിന് ശേഷം നയന്‍താരക്കെതിരെയും ഇയാള്‍ മോശം പരാമര്‍ശം നടത്തുകയായിരുന്നു. സംഭവത്തില്‍ ഗായിക ചിന്മയി, സംവിധായകന് വിഘ്നേഷ് ശിവന് എന്നിവര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. രാധാരവിക്കെതിരെ നേരത്തെ മീടു ആരോപണവും ഉയര്‍ന്നിരുന്നു.