ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ ഏറ്റുമുട്ടലില്‍ സുരക്ഷസേന വധിച്ചു. കെല്ലര്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സിആര്‍പിഎഫും സൈന്യവും സംസ്ഥാന പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഭീകരര്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് ഭീകരര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഷോപ്പിയാനില്‍ ഭീകരരും സുരക്ഷസേനയുമായി ഏറ്റുമുട്ടലുണ്ടായത്.
ഷോപ്പിയാനിലെ കാച്ച്ദുര ഗ്രാമത്തില്‍ ഭീകരര്‍ ഒരാളെ വെടിവച്ച് കൊന്നിരുന്നു. ബംനിപുര സ്വദേശി തന്‍വീര്‍ അഹമ്മദ് ദറിനെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്.