ഇന്ന് ലോക ഓട്ടിസം ദിനം. ലോകത്ത് 59 കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് ജന്മനാ ഓട്ടിസം ബാധയുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സാങ്കേതിക വിദ്യയുടെ സഹായവും സജീവ പങ്കാളിത്തവും എന്നതാണ് ഈ വര്‍ഷത്തെ ഓട്ടിസം ദിന സന്ദേശം.
വരുന്ന 10 വര്‍ഷത്തിനിടെ ലോകത്ത് ഓട്ടിസം ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജീവിത രീതിയില്‍ ഉണ്ടായ മാറ്റമാണ് ഓട്ടിസം ബാധിതതരുടെ എണ്ണം ഇത്രയേറെ വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. ഭക്ഷണ രീതികള്‍, കാലാവസ്ഥ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ കൊണ്ട് ഉണ്ടാകുന്ന ജനിതക മാറ്റമാണ് ഓട്ടിസം ബാധിതരായ കുട്ടികള്‍ പിറക്കാന്‍ പ്രധാന കാരണം. ഓട്ടിസം ബാധിതര്‍ക്ക് ആവശ്യം, കൃത്യവും സുരക്ഷിതവുമായ പരിചരണവും ഭക്ഷണ ക്രമവും പിന്നെ ചികിത്സയുമാണ്.
യുഎന്‍ നിര്‍ദ്ദേശപ്രകാരമാണ് 2008 മുതല്‍ ഏപ്രില്‍ 2 ലോക ഓട്ടിസം ദിനമായി ആചരിക്കുന്നത്. ഓട്ടിസം ബാധിച്ചവരെ സമൂഹം മാറ്റി നിര്‍ത്തുന്നത് തടയുക, അവര്‍ക്ക് മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന പരിഗണനയും അവകാശവും ലഭ്യമാക്കുക തുടങ്ങിയവയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഓട്ടിസം ബാധിച്ചവര്‍ സമൂഹത്തില്‍ നിന്നും ഇപ്പോഴും മാറ്റി നിര്‍ത്തപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 2030 ആകുമ്പോഴേക്കും ഓട്ടിസം ബാധിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പൂര്‍ണമായും എത്തിക്കാനാണ് യുഎന്‍ ലക്ഷ്യമിടുന്നത്.
നീല വസ്ത്രങ്ങളണിഞ്ഞ് ഓട്ടിസം ബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാനാണ് ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശം. ‘ലൈറ്റ് ഇറ്റ് അപ്പ് ബ്ലൂ’ എന്ന ഈ ആശയം വര്‍ഷങ്ങളായി ആഗോളതലത്തില്‍ നടപ്പാക്കി വരുന്നുണ്ട്. ഏപ്രില്‍ മാസം ലോക ഓട്ടിസം അവബോധ മാസമായും ആചരിക്കുന്നുണ്ട്.